മോട്ടോര്‍ വാഹന മേഖല ഹരിതവത്കരിക്കുന്നു; 'ഹരിത നികുതി' ജനുവരി ഒന്നുമുതല്‍
തൊടുപുഴ: മോട്ടോര്‍ വാഹന മേഖല ഹരിതവത്കരിക്കുന്നു. ജനുവരി ഒന്നുമുതല്‍ 'ഹരിത നികുതി'പ്രാബല്യത്തില്‍ വരും. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. അനന്തകൃഷണന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
2017 ജനുവരി ഒന്നിന് 10 വര്‍ഷമോ കൂടുതലോ പഴക്കമുള്ള നാലും അതില്‍ കൂടുതലും ചക്രങ്ങളുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കാണ് ഹരിത നികുതി ഏര്‍പ്പെടുത്തുന്നത്. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ഒരു വര്‍ഷത്തേക്ക് 200 രൂപയും മീഡിയം മോട്ടോര്‍ വാഹനങ്ങള്‍ 300 രൂപയും ഹെവി മോട്ടോര്‍ വാഹനങ്ങള്‍ 400 രൂപയുമാണ് നികുതിയായി നല്‍കേണ്ടത്. 15 വര്‍ഷമോ കൂടുതലോ പഴക്കമുള്ള നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് 400 രൂപ നിരക്കിലും നികുതി ഈടാക്കും.
നാല് വീലുകളില്‍ കുറവുള്ള വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഹരിത നികുതി അടയ്ക്കാത്ത വാഹനങ്ങള്‍ക്ക് ജനുവരി ഒന്നുമുതല്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും ഒരു സേവനവും ലഭ്യമല്ല. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഫിറ്റ്‌നെസ് പരിശോധനയ്ക്ക് ഹാജരാക്കുമ്പോഴും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ പുതുക്കുമ്പോഴും ഹരിത നികുതി അടച്ചെന്ന് ഉറപ്പുവരുത്തണമെന്ന് നിര്‍ദേശമുണ്ട്.
നികുതി അടയ്ക്കാത്ത വാഹനങ്ങളില്‍ നിന്നും അവര്‍ എന്ന് മോട്ടോര്‍ വാഹന വകുപ്പ് ഓഫിസില്‍ വന്നാലും 2017 ജനുവരി ഒന്നു മുതലുള്ള നികുതി ഈടാക്കും. എന്നാല്‍ റോഡില്‍ പരിശോധന നടത്തുമ്പോള്‍ ഹരിത നികുതി അടയ്ക്കാത്ത വാഹനങ്ങള്‍ക്ക് നൂറുരൂപ പിഴ മാത്രമെ ഈടാക്കൂ. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് പ്രവേശിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് ചെക്ക് പോസ്റ്റുവഴി നികുതി ഈടാക്കും. വാഹനങ്ങള്‍ ഹരിത നികുതി അടച്ചിട്ടുണ്ടോ എന്ന് ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് കൂടുതല്‍ പണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ വാഹനങ്ങളുടെ നികുതി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.
അഞ്ചുവര്‍ഷമോ കൂടുതലോ കാലയളവിലേയ്ക്ക് നികുതി കുടിശികയുള്ളതായ എല്ലാ മോട്ടോര്‍ വാഹനങ്ങളുടേയും കുടിശ്ശിക നികുതി ഒറ്റത്തവണയായി സ്വീകരിക്കുന്നത് അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ നികുതി കുടിശികയുള്ള എല്ലാ വാഹനങ്ങള്‍ക്കും'സ്മാര്‍ട്ട് മൂവ്'ഡിമാന്റ് നോട്ടിസ് വാഹന ഉടമകളെ കണ്ടെത്തി നല്‍കണമെന്നും നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."