റഷ്യന്‍ വിമാനാപകടം: ബ്ലാക്‌ബോക്‌സ് കണ്ടെടുത്തു
മോസ്‌കോ: കരിങ്കടലില്‍ തകര്‍ന്നുവീണ റഷ്യന്‍ സൈനിക വിമാനത്തിന്റെ ബ്ലാക്‌ബോക്‌സ് കണ്ടെടുത്തു. റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായ അലക്‌സാണ്ട്രോവ് സൈനിക സംഗീത സംഘം സഞ്ചരിച്ച വിമാനമാണ് ഞായറാഴ്ച അപകടത്തില്‍പ്പെട്ടത്. മോസ്‌കോയ്ക്ക് സമീപമുള്ള ചകലോവ്‌സ്‌കി സൈനിക വിമാനത്താവളത്തില്‍ നിന്ന് സിറിയയിലേക്ക് പുറപ്പെട്ട ടുബൊലോവ് 154 വിഭാഗത്തില്‍പ്പെട്ട വിമാനം കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട് 92 പേര്‍ മരിച്ചിരുന്നു.
ഇന്ധനം നിറയ്ക്കാനായി സോച്ചിയില്‍ ഇറക്കിയ വിമാനം പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നുവീഴുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് റഷ്യന്‍ അധികൃതര്‍ അന്വേഷണം നടത്തിവരികയാണ്.
കരിങ്കടലിന്റെ അടിത്തട്ടില്‍ നിന്ന് കണ്ടെടുത്ത ബ്ലാക്‌ബോക്‌സ് പരിശോധനക്കായി മോസ്‌കോയിലേക്ക് എത്തിച്ചിട്ടുണ്ട്. ബ്ലാക്‌ബോക്‌സിന്റെ പരിശോധയിലൂടെ അപകട കാരണം അറിയാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അപകടത്തില്‍ മരിച്ച 12 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുക്കാന്‍ കഴിഞ്ഞു. സോച്ചി നഗരത്തിന് സമീപത്തെ അള്‍ഡര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നു രണ്ടു മിനുട്ടിനകം റഡാറുമായുള്ളബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.
തീരത്തുനിന്ന് ഒരു കിലോമീറ്ററോളം അകലെ കടലില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ മേഖല കേന്ദ്രീകരിച്ച് 45 കപ്പലുകളും 135 മുങ്ങല്‍ വിദഗ്ധരും മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 10 പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചതായി റഷ്യന്‍ സൈനിക കേന്ദ്രങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. നിരവധി യാത്രക്കാരുടെ ശരീര ഭാഗങ്ങളും കണ്ടെടുക്കാനായിട്ടുണ്ട്. ലഭിച്ച അവശിഷ്ടങ്ങളും തിരിച്ചറിയുന്നതിനായി മോസ്‌കോയിലേക്ക് അയച്ചിരിക്കുകയാണ്.
പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് സിറിയയിലെ ലതാകിയയിലെ വ്യോമകേന്ദ്രത്തില്‍ കഴിയുന്ന റഷ്യന്‍ സൈനികര്‍ക്കായി സംഗീതപരിപാടി അവതരിപ്പിക്കാന്‍ പുറപ്പെട്ട സംഘമാണ് അപകടത്തിന് ഇരയായതെന്ന് റഷ്യന്‍ ഗതാഗത മന്ത്രിയും വിമാന ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തിന്റെ തലവനുമായ മാക്‌സിം സൊകൊലോവ് വ്യക്തമാക്കിയിരുന്നു. പ്രമുഖ ജീവകാരുണ്യ സംഘടനയായ ഫെയര്‍ എയ്ഡ് ചാരിറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ലിസ(യെലിസവെറ്റ പിഗ്ലിങ്ക)യും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. സംഗീത സംഘം ലതാകിയയിലെ റഷ്യന്‍ നിയന്ത്രിത വ്യോമകേന്ദ്രമായ ഹെമെയിമിമിലാണ് പരിപാടി അവതരിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."