ശില്പ നിര്‍മാണത്തില്‍ രേവതിക്കു ദേശീയ അംഗീകാരം
ചെറുവത്തൂര്‍: രേവതിയെന്ന ഏഴാം ക്ലാസുകാരിയുടെ കരവിരുതിനു ദേശീയതലത്തില്‍ അംഗീകാരം. ശില്പകലയില് കേന്ദ്രസര്‍ക്കാറിന്റെ ടാലന്റ് റിസര്‍ച്ച് അവാര്‍ഡ് സ്കോളര്‍ഷിപ്പ് സ്വന്തമാക്കിയാണ് കൊടക്കാട് ഒറോട്ടിച്ചാലിലെ കെ.എം രേവതി കേരളത്തിനു തന്നെ അഭിമാനമായത്.
ഇന്ത്യയില്‍ ഈ അംഗീകാരം നേടിയ മൂന്നു ബാല ശില്പികളില് ഒരാളാണ് രേവതി. 29 സംസ്ഥാനങ്ങളില്‍ നടത്തിയ ശില്പ നിര്‍മാണ പരീക്ഷയിലൂടെയാണു വിജയികളെ കണ്ടെത്തിയത്.
തിരുവനന്തപുരത്തു നടന്ന മത്സരത്തില്‍ 'യാത്ര' എന്ന വിഷയത്തില്‍ തുഴ വഞ്ചിയില്‍ യാത്രക്കാര്‍ പോകുന്ന ശില്പമാണു രേവതി കളിമണ്ണില്‍ തീര്‍ത്തത്. ഈ അംഗീകാരത്തിലൂടെ ഇരുപതു വയസുവരെ രേവതിക്കു പ്രതിമാസം 1150 രൂപ സ്കോളര്‍ഷിപ്പു ലഭിക്കും.
ആര്‍ടിസ്റ്റ് തൃക്കരിപ്പൂര്‍ രവീന്ദ്രന്റെ ശിക്ഷണത്തിലാണു രേവതി ശില്പനിര്മാണം പഠിക്കുന്നത്. കൊടക്കാട് ഗവ.വെല്‍ഫെയര്‍ യു.പി സ്കൂള്‍ ഏഴാം തരം വിദ്യാര്‍ഥിനിയായ രേവതി ബാബുവിന്റെയും കെ. എം ലീലയുടെയും മകളാണ്. നവോത്ഥാന നായകരുടേതുള്പ്പെടെ നിരവധി ശില്പങ്ങള് രേവതി ഇതിനകം നിര്‍മിച്ചിട്ടുണ്ട്. ഇവയുടെ പ്രദര്‍ശനം ജനുവരിയില്‍ കാഞ്ഞങ്ങാട് ആര്‍ട് ഗ്യാലറിയില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."