സാമൂഹ്യ വിരുദ്ധരുടെ താവളമായി പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍
പാലക്കാട് : ടൗണ്‍ റെയില്‍വേ സ്റ്റേഷനും പരിസരവും കാടുപിടിച്ച് സാമൂഹ്യ വിരുദ്ധരുടെ താവളമായി. നവീകരിച്ച പൊള്ളാച്ചി പാതയോട് റെയില്‍വേ കാണിക്കുന്ന അവഗണനയുടെ നേര്‍ സാക്ഷ്യമാണ് പാലക്കാട് ടൗണ്‍ സ്റ്റേഷനിലെ അവസ്ഥ. ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ റെയില്‍വേ സ്റ്റേഷന്‍ ആണോ എന്ന് പോലും സംശയമാകും. സ്റ്റേഷന് പുറകുവശം വലിയ പൊന്തക്കാടുകള്‍ പടര്‍ന്നിരിക്കുകയാണ്. സ്റ്റേഷന്‍ പരിസരം ഇങ്ങനെ കാടു പിടിച്ചു കിടക്കുന്നതിനാല്‍ രാപകലെന്യേ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം കൂടുതലാണിവിടം. പൊള്ളാച്ചി ഭാഗത്തേക്കുള്ള നാലും കോയമ്പത്തൂര്‍ ഭാഗത്തേക്ക് മൂന്നും പാസഞ്ചറുകളും ഷൊര്‍ണൂര്‍ വഴിയുള്ള അമൃത എക്‌സപ്രസുമടക്കം എട്ട് വണ്ടികള്‍ മാത്രമാണ് ടൗണ്‍ സ്റ്റേഷന്‍ വഴി സര്‍വീസ് നടത്തുന്നത്. പൊള്ളാച്ചി പാതയാല്‍ ട്രെയിനോട്ടം തുടങ്ങി ഒരു വര്‍ഷം പിന്നിട്ടിട്ടും ടൗണ്‍ റെയില്‍വേ സ്റ്റേഷന് പഴയ പ്രതാപത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാത്തതും ജനകീയമാകാത്തതും കാരണം യാത്രക്കാര്‍ പ്രക്ഷോഭത്തി നൊരുങ്ങുകയാണ്. യാത്രാവണ്ടികള്‍ എണ്ണത്തില്‍ കുറവായതിനാല്‍ ടൗണ്‍ സ്റ്റേഷനിലെത്തുന്ന യാത്രക്കാരും കുറവാണ്.
ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ രാവിലെയും വൈകിട്ടുമുള്ള പാസഞ്ചറുകള്‍ക്കാണ് യാത്രക്കാര്‍ ഏറെയും. കോയമ്പത്തൂര്‍, ഷൊര്‍ണൂര്‍ ഭാഗത്ത് നിന്ന് പൊള്ളാച്ചി ഭാഗത്തേക്ക് കണക്ഷന്‍ ട്രെയിനുകള്‍ ഇല്ലാത്തതിനാല്‍ പകല്‍ സമയങ്ങളില്‍ ടൗണ്‍ സ്റ്റേഷനെ യാത്രക്കാര്‍ കൈയൊഴിയുകയാണ്. പൊള്ളാച്ചി ഭാഗത്ത് നിന്നുള്ള ദീര്‍ഘദൂര യാത്രക്കാര്‍ ടൗണ്‍ സ്റ്റേഷനിലിറങ്ങി ഓട്ടോയോ ബസോ പിടിച്ച് ഒലവക്കോടെത്തി വേണം തുടര്‍ യാത്ര നടത്താന്‍. പൊള്ളാച്ചി പാതയില്‍ നിന്ന് പാലക്കാട് ജംഗ്ഷന്‍ വഴി കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചാല്‍ മാത്രമേ ടൗണ്‍ സ്റ്റേഷന് റെയില്‍വേയുടെ പക്കല്‍ നിന്ന് അര്‍ഹിക്കുന്ന പരിഗണന ലഭിക്കൂ. ടൗണ്‍ സ്റ്റേഷനിലെ പ്ലാറ്റ് ഫോമില്‍ ശൗചാലയം ഉണ്ടെങ്കിലും ഇത് മിക്കസമയവും അടഞ്ഞു കിടക്കുകയാണ്. യാത്രക്കാര്‍ കുറവായതിനാലാണ് ശൗചാലയത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതെന്നാണ് റെയില്‍വേയുടെ ഭാഷ്യമെങ്കിലും നടത്തിപ്പിന് സ്ഥിരം ജീവനക്കാരനും ഇല്ലാത്ത സ്ഥിതിയാണ്. രാത്രികാലങ്ങളില്‍ നഗരത്തിലെ ഭിക്ഷാടകരുടെയും ലഹരി മാഫിയയുടെയും അനാശാസ്യ പ്രവര്‍ത്തകരുടെയും കേന്ദ്രമാണ് ഇവിടം. സ്റ്റേഷന്‍ പരിസരത്തെയും പ്ലാറ്റ് ഫോമിലെയും വെളിച്ചക്കുറവ് ഇവര്‍ക്ക് മറയാകുകയാണ്. സ്റ്റേഷന്‍ പരിസരത്തെ വാഹനങ്ങളില്‍ നിന്ന് ഇന്ധനമൂറ്റലും മോഷണവും സ്ഥിരം സംഭവമാണ്. രാത്രി പത്തരമുതല്‍ രാവിലെ അഞ്ചുവരെ ട്രെയിനുകളില്ലാത്തതിനാല്‍ പരിസരം വിജനമാണ്. ഇതാണ് ഇത്തരം ആളുകള്‍ക്ക് സൗകര്യമാകുന്നത്.സ്റ്റേഷന്റെയും പരിസരത്തെയും പൊന്തക്കാടുകള്‍ വളര്‍ന്ന് പന്തലിക്കുന്നത് ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും ശല്യത്തിന് കാരണമാണ്. വിജനമായ ബി.ഒ.സി റോഡില്‍ നിന്നും മേല്‍പാലത്തില്‍ നിന്നും റെയില്‍വേ കോമ്പൗണ്ടിലേക്ക് മാലിന്യം തള്ളുന്നതും വ്യാപകമാണ്. ഇത് മൂലം നായ ശല്യം വര്‍ധിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."