ബി.ജെ.പി പ്രവര്ത്തകന് കുത്തേറ്റ സംഭവം; ഒരാള്‍ പിടിയില്‍
കരണി: മീനങ്ങാടിക്കടുത്ത കരണിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഡി.വൈ.എഫ്.ഐ-ബി.ജെ.പി സംഘര്‍ഷത്തിനിടെ ബി.ജെ.പി പ്രവര്ത്തകന് കുത്തേറ്റ സംഭവത്തില്‍ ഒരാളെ പൊലിസ് പിടികൂടി. കരണി ചോലങ്കര വീട്ടില്‍ വിനൂപാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് ആറോടെ കല്‍പ്പറ്റ ബൈപാസില്‍ വച്ചാണ് ഇയാളെ മീനങ്ങാടി സി.ഐ സുശീര്‍, എസ്.ഐ രാധാകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്. കേസില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്. സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ബി.ജെ.പി പ്രവര്ത്തകന് കുത്തേറ്റ സംഭവത്തില്‍ രണ്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ ഐ.പി.സി. 307 വകുപ്പ് പ്രകാരം വധശ്രമത്തിന് പൊലിസ് കേസെടുത്തിരുന്നു. പ്രതികളുടെ പേര് വിവരം ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലിസിന് കൈമാറിയിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ കോള്‍ വിവരങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി പൊലിസ് അന്വേഷണം തുടരുകയിരുന്നു. ഇതിനിടെയാണ് വിനൂപ് പിടിയിലായത്. ഗുരുതരമായി പരുക്കേറ്റ് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശഷിപ്പിച്ച ചോമാടി വിഷ്ണു അപകടനില തരണം ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് കണിയാമ്പറ്റ പഞ്ചായത്തില്‍ ബി.ജെ.പിയും മീനങ്ങാടി പഞ്ചായത്തില്‍ ഹിന്ദു ഐക്യവേദിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. സ്വകാര്യ വാഹനങ്ങളും കെ.എസ്.ആര്.ടി.സി ഉള്‍പെടെ സര്‍വീസ് നടത്തി. ചിലയിടങ്ങളില്‍ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് സ്വകാര്യ ബസ് സര്‍വീസ് നിറുത്തിവച്ചു. കുടോത്തുമ്മല്‍- മൃഗാശുപത്രിക്കവല വഴി ഓടിയ ബസുകളെയാണ് തടഞ്ഞത്. കണിയാമ്പറ്റയിലെയും കമ്പളക്കാട്ടെയും കടകള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അടപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."