മാവോയിസ്റ്റ് ആശയപ്രചാരണത്തിനെതിരേ സി.പി.എമ്മിന്റെ അപ്രഖ്യാപിത കാംപയിന്‍
കണ്ണൂര്‍: മാവോയിസ്റ്റ് നേതാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തെ തള്ളിപ്പറയുമ്പോഴും മാവോയിസ്റ്റ് ആശയപ്രചാരണത്തിനെതിരേ സി.പി.എമ്മിന്റെ അപ്രഖ്യാപിത കാംപയിന്‍. നിലമ്പൂര്‍ വെടിവെപ്പിനെതിരേ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വി.എസ് അച്യുതാനന്ദനും രംഗത്തുവന്നത് സി.പി.എം, മാവോയിസ്റ്റ് അനുകൂല നിലപാടിനെ എതിര്‍ക്കുന്നില്ലെന്ന തോന്നലുണ്ടാക്കിയിരുന്നു. ഈ രീതിയിലുള്ള സന്ദേശം പ്രവര്‍ത്തകരിലും എത്തുന്നതിനിടെയാണ് പാര്‍ട്ടി വേദികളില്‍ ശക്തമായ കാംപയിന്‍ തുടങ്ങിയിരിക്കുന്നത്.
വര്‍ഗ ബഹുജന സംഘടനകളുടെ സമ്മേളനങ്ങളില്‍ പ്രാസംഗികരായെത്തുന്നവര്‍ക്ക് സി.പി.എം ഇതു സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
സംഘടനാ വേദികളില്‍ മാവോയിസ്റ്റുകളുടെ പാത ശരിയല്ലെന്നും കേരളത്തില്‍ ഇവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പൂര്‍ണ പരാജയമാണെന്നും സി.പി.എം നിലപാട് ഉറപ്പിക്കുന്നു.
താഴെ തട്ടുമുതലുള്ള സമ്മേളനങ്ങളുടെ ഉദ്ഘാടനത്തിനെത്തുന്ന നേതാക്കള്‍ മാവോയിസ്റ്റ് ആശയങ്ങള്‍ കാലഹരണപ്പെട്ടതാണെന്നും ഇത്തരം ആശയങ്ങള്‍ കൊണ്ട് അധസ്ഥിത വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാകില്ലെന്നും സമര്‍ഥിക്കുന്നുണ്ട്.
വനത്തിനുള്ളില്‍ തമ്പടിച്ച് ആയുധങ്ങളുമായി നടത്തുന്ന സായുധപോരാട്ടം ശരിയല്ലെന്ന് ഇപ്പോള്‍ സാധാരണ ജീവിതം നയിക്കുന്ന മുന്‍ മാവോയിസ്റ്റുകളുടെ അഭിപ്രായവും കൂട്ടുപിടിച്ചാണ് കാംപയിന്‍.
മാവോയിസ്റ്റ് ആശയങ്ങള്‍ക്കെതിരേ പ്രത്യക്ഷത്തില്‍ അഭിപ്രായം പ്രകടിപ്പിക്കാതെ അണികള്‍ക്കും അനുഭാവികള്‍ക്കും ഈ വിഷയത്തിലെ പാര്‍ട്ടി നിലപാട് എത്തിക്കുകയാണ് പാര്‍ട്ടി ചെയ്യുന്നത്.സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാവോയിസ്റ്റ് വേട്ടക്കെതിരേ ശക്തമായി രംഗത്തുവരികയും സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് സി.പി.എം നേതാക്കള്‍ ഈ പാത ശരിയല്ലെന്ന് അണികളെ ബോധ്യപ്പെടുത്തുന്നത്.
വലിയ പരിഗണന അര്‍ഹിക്കുന്ന ആദിവാസി- ഗോത്ര വിഭാഗങ്ങളെ സംഘടിപ്പിക്കുന്ന മാവോയിസ്റ്റുകള്‍ക്കെതിരേയുള്ള പൊലിസിന്റെ പ്രവര്‍ത്തനവും പാര്‍ട്ടി അണികളില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോഴാണ് കേരള സാഹചര്യത്തില്‍ മാവോയിസ്റ്റ് ആശയം കാലഹരണപ്പെട്ടതാണെന്ന് പാര്‍ട്ടി അണികളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."