വ്യവസായിയുടെ കാരുണ്യഹസ്തം: വധശിക്ഷ വിധിക്കപ്പെട്ട ഇന്ത്യന്‍ തൊഴിലാളി ജീവിതത്തിലേക്ക്
റിയാദ്: കൊലപാതക കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ ശിഷ്ട ജീവിതം തള്ളിനീക്കിയ ഇന്ത്യന്‍ തൊഴിലാളിക്ക് പുനര്‍ ജന്മം. സഊദി വ്യവസായിയുടെ കാരുണ്യ ഹസ്തത്തിലാണ് ദിയ (ബ്ലഡ് മണി) നല്‍കിയതിനെ തുടര്‍ന്ന് വധശിക്ഷയില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത്.
നജ്‌റാനില്‍ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ലിംബാദിരി എന്ന ഇന്ത്യന്‍ തൊഴിലാളി കൊലപാതക കേസില്‍ പിടിയിലാകുന്നത്. തര്‍ക്കത്തിനിടെ നടന്ന സംഘട്ടനത്തില്‍ സ്വദേശി പൗരനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലടക്കുകയുയായിരുന്നു.
എട്ടു വര്‍ഷത്തെ ജയില്‍ ജീവിതത്തിനിടയില്‍ കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് ക്രിമിനല്‍ കോടതിയും മേല്‍ കോടതിയും വധശിക്ഷക്ക് വിധിക്കുകയും ചെയ്തിരുന്നു. തലവെട്ടല്‍ വിധി നടപ്പിലാക്കുന്ന ദിനങ്ങളെണ്ണി മരണത്തെ കാത്തിരിക്കുന്നതിനിടയിലാണ് സ്വദേശി പൗരന്‍ മാലാഖയായി കടന്നെത്തിയത്.
സഊദി വ്യവസായി അവാദ് ബിന്‍ ഗുറൈയ അല്‍ യാമി നടത്തിയ ശ്രമത്തിനൊടുവിലാണ് ദിയാ പണം നല്‍കി വധശിക്ഷയില്‍ നിന്നും രക്ഷയായത്.
കൊല്ലപ്പെട്ട സ്വദേശി കുടുംബവുമായി മധ്യസ്ഥ ചര്‍ച്ച നടത്തുകയും 1.3 മില്യണ്‍ റിയാല്‍ ദിയാ പണവുമായി വ്യവസായി കുടുംബത്തിന് നല്‍കുകയുമായിരുന്നു. ദിയാ പണം സ്വീകരിച്ച കൊല്ലപ്പെട്ട സ്വദേശി പൗരന്റെ കുടുംബം ഇന്ത്യന്‍ തൊഴിലാളിക്ക് മാപ്പു നല്‍കാന്‍ തയ്യാറാവുകയായിരുന്നു. ജീവിതം തിരിച്ചു കിട്ടിയ യുവാവ് ജയില്‍ മോചിതനാകാന്‍ മറ്റു നടപടിക്രമങ്ങള്‍ക്കായി കാത്തു നില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."