കല്ലൂര്‍ കൊമ്പനെ തുറന്ന് വിടണമെന്ന് വനംവകുപ്പിന് വാക്കാല്‍ നിര്‍ദേശം
സുല്‍ത്താന്‍ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ കല്ലൂര്‍ മേഖലയില്‍ ജനങ്ങള്‍ക്ക് ശല്യക്കാരനായതിനാല്‍ വനംവകുപ്പ് മയക്കുവെടിവച്ചുപിടികൂടി പന്തിയിലടച്ച കല്ലൂര്‍ കൊമ്പനെ കാട്ടില്‍ തുറന്ന് വിടണമെന്ന് വനംവകുപ്പിന്റെ ഉന്നതങ്ങളില്‍ നിന്നും വയനാട് വന്യജീവി സങ്കേതം അധികൃതര്‍ക്ക് വാക്കാല്‍ നിര്‍ദേശം.
എന്നാല്‍ ഇത് ഒരിക്കലും അനുവദിക്കില്ലന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന് ജനപ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചു. മുത്തങ്ങ ആനപന്തിയില്‍ കഴിയുന്ന ആനയെ അതിന്റെ സ്വാഭാവിക ആവാസ്ഥവ്യവസ്ഥയില്‍ തുറന്ന് വിടണമെന്നാണ് വാക്കാല്‍ നിര്‍ദേശം വന്നിരിക്കുന്നത്. ഇത് ശ്രദ്ധയില്‍പെട്ട ജില്ലയിലെ എം.എല്‍.എമാര്‍ അടിയന്തരയോഗം ചേര്‍ന്നാണ് സര്‍ക്കാറിനെ യോഗതീരുമാനങ്ങള്‍ അറിയിച്ചിരിക്കുന്നത്. കലക്ടര്‍ ഡോ. ബി.എസ് തിരുമേനിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
ആനയെ കാട്ടില്‍ തുറന്നു വിടരുതെന്നും തുറന്ന് വിട്ടാല്‍ ആന വീണ്ടും കൃഷിയിടത്തിലേക്ക് തന്നെ തിരിച്ചെത്തുമെന്നും കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷിടിക്കുമെന്നുമുള്ള കാര്യങ്ങള്‍ സര്‍ക്കാറിനെ രേഖാമൂലം യോഗം അറിയിച്ചു. ആനയെ തുറന്ന് വിടും എന്ന തീരുമാനമുണ്ടങ്കില്‍ അത് തങ്ങളും അറിയണമെന്നും സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ ആനയെ പരിശീലിപ്പിച്ച് കുങ്കിയാനയാക്കണമെന്നും സര്‍ക്കാറിനോട് യോഗം ആവശ്യപ്പെട്ടു. ജനങ്ങളുടെ സൈ്വര്യ ജീവിതത്തെ കെടുത്തുന്ന ആനയെ വീണ്ടും കാട്ടിലേക്ക് തുറന്ന് വിടാനാണ് നീക്കമെങ്കില്‍ അത് തടയാന്‍ ജനങ്ങള്‍ക്കുമുന്നില്‍ താനുണ്ടാവുമെന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. യോഗത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും പങ്കെടുത്തു.
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തുവേണം ഇത്തരം തീരുമാനങ്ങള്‍ എടുക്കാനെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ആനയെ തുറന്ന് വിടുന്നത് സംബന്ധിച്ച് വയനാട് വൈല്‍ഡ് ലൈഫ് സങ്കേതം അധികൃതര്‍ പ്രതികരിച്ചിട്ടുമില്ല. ആനയെ തുറന്ന് വിടാന്‍ വാക്കാല്‍ നിര്‍ദേശം ലഭിച്ചെന്ന വാര്‍ത്ത പരന്നതുമുതല്‍ പ്രദേശത്തെ ജനങ്ങളും പരിഭ്രാന്തിയിലാണ്.
ഇക്കഴിഞ്ഞ നവംബര്‍ 22നാണ് കല്ലൂരില്‍ ഭീതിപരത്തിയ ആനയെ മയക്കുവെടിവെച്ച് വനംവകുപ്പ് തളച്ച് മുത്തങ്ങ പന്തിയില്‍ തളച്ചത്.
ജനവാസകേന്ദ്രത്തില്‍ ഇറങ്ങി കൃഷിയിടത്തില്‍ കാലിയെ മേക്കാന്‍പോയ ആളെ ആക്രമിക്കുകയും വീടും ഓട്ടോറിക്ഷയും കേടുപാടുകള്‍ വരുത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കോഴിക്കോട് മൈസൂര് ദേശീയപാത കല്ലൂരില്‍ നാട്ടുകാര്‍ ഉപരോധിച്ചു. ഇതേ തടുര്‍ന്ന് ആനയെ മയക്കുവെടി വെച്ചുപിടികൂടി കൂട്ടിലടക്കാന്‍ വനംവകുപ്പ് മന്ത്രി ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."