വീട് കുത്തിത്തുറന്ന് കവര്‍ച്ച: പ്രതികള്‍ പിടിയില്‍
തിരുവനന്തപുരം:വീട് കുത്തിത്തുറന്ന് നാല്‍പത് പവനും ഇരുപതിനായിരം രൂപയും കവര്‍ന്ന കേസിലെ പ്രതികളെ സിറ്റി ഷാഡോ പൊലിസ് പിടികൂടി. ബീമാപള്ളി കോളനി റോഡില്‍ സമീറ മന്‍സിലില്‍ അസറുദ്ദീന്‍ (26), കോഴിക്കോട് ,പൊങ്ങഴി തച്ചരകണ്ടിയില്‍ ആനന്ദ് (20) എന്നിവരാണ് പിടിയിലായത്.
വെട്ടുകാട്, കണ്ണാന്തുറ പള്ളിക്ക് സമീപം ഡാര്‍വിന്‍ മേരിക്കുട്ടി ദമ്പതികളുടെ മേഴ്‌സിഡസ് എന്ന വീട്ടിലാണ് സംഘം കവര്‍ച്ച നടത്തിയത്. ഈ മാസം നാലിനായിരുന്നു സംഭവം. വീട്ടില്‍ ആളില്ലാതിരുന്ന ദിവസം രാത്രി ബൈക്കിലെത്തിയ സംഘം വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച് അകത്ത് കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന നാല്‍പത് പവനോളം സ്വര്‍ണാഭരണങ്ങളും, പഴ്‌സിനകത്തുണ്ടായിരുന്ന ഇരുപതിനായിരം രൂപയും കവര്‍ന്നു. തുടര്‍ന്ന് തമിഴ്‌നാട്ടിലേക്കു കടന്ന പ്രതികള്‍, പൊലിസ് പിന്തുടരുന്നുവെന്ന് മനസ്സിലാക്കി അവിടെ നിന്നും കോഴിക്കോട്ടെ ഒളിസങ്കേതത്തിലേക്ക് രക്ഷപ്പെട്ടു.
കോഴിക്കോട്, നടക്കാവ് ഭാഗത്തെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇവരെ പൊലിസ് പിടികൂടിയത്.
മുന്‍പ് പാച്ചല്ലൂരില്‍ ആളില്ലാത്ത വീട്ടില്‍ കയറി അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണവും പണവും വീട്ടുപകരണങ്ങളും മോഷണം നടത്തിയതടക്കം നിരവധി മോഷണ കേസിലെ പ്രതിയാണ് അസറുദ്ദീന്‍ .കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മോഷ്ടിച്ചെടുത്ത ആഭരണങ്ങളില്‍ പത്ത് പവനോളം കണ്ടെടുത്തിട്ടുണ്ട് .ബാക്കിയുള്ളവ വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
ഡി.സി, പി ശിവവിക്രത്തിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം ഏ.സി .സുരേഷ് കുമാര്‍ വി , ശംഖുമുഖം ഏ.സി അജിത് കുമാര്‍, പേട്ട സി.ഐ എസ്.വൈ സുരേഷ് കുമാര്‍, വലിയതുറ എസ് ഐ സതീഷ് കുമാര്‍, എസ്.ഐ രാമചന്ദ്രന്‍ ,ഷാഡോ എസ് ഐ സുനില്‍ ലാല്‍, സിറ്റി ഷാഡോ പൊലിസ് അംഗങ്ങള്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."