ലഹരി വര്‍ജന മിഷന്‍: ജില്ലാതല ഉദ്ഘാടനം ജനുവരി ആറിന്
തൊടുപുഴ: മദ്യവര്‍ജനത്തിന് ഊന്നല്‍ നല്‍കി ലഹരിവസ്തുക്കളുടെ ഉപയോഗം സമൂഹത്തില്‍ നിന്നും ഇല്ലാതാക്കുന്നതിനുളള വിപുലമായ പ്രചാരണപരിപാടികള്‍ക്ക് തുടക്കമാകുന്നു.
സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ ലഹരിവര്‍ജന മിഷന്‍ വിമുക്തിയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി ആറിന് രാവിലെ 10 മണിക്ക് മുരിക്കാശ്ശേരിയില്‍ കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ ബഹുജനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, ലൈബ്രറി കൗണ്‍സില്‍ തുടങ്ങിയവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കും. തുടര്‍ന്ന് മുരിക്കാശ്ശേരി പാവനാത്മാ കോളജ് ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനം നടക്കും.
വിമുക്തി ലഹരി വര്‍ജ്ജന മിഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജനുവരി നാലിന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി വിദ്യാര്‍ഥികള്‍ക്ക് ചിത്രരചനാമല്‍സരങ്ങള്‍ നടത്തും.
ഓരോ വിഭാഗത്തിലും ഒന്നും രണ്ടും, മൂന്നും സമ്മാനങ്ങളായി യഥാക്രമം 5000, 3000, 2000 രൂപയുടെ കാഷ് അവാര്‍ഡ് നല്‍കും. ലഹരി വര്‍ജ്ജനമിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ജനുവരി ആറിന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരി വിരുദ്ധ സന്ദേശങ്ങളുടെ പ്രചാരണത്തിന് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും.
ഇതു സംബന്ധിച്ച ജില്ലാ കലക്ടര്‍. ജി ആര്‍. ഗോകുലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പൊലിസ് മേധാവി. എ വി ജോര്‍ജ്ജ്, എ.ഡി.എം. കെ.കെ.ആര്‍ പ്രസാദ്, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ.എ. നെല്‍സണ്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍, ആര്‍.ടി.ഒ റോയി മാത്യു, ജില്ലാ ഗവ.പ്‌ളീഡര്‍ അഡ്വ.ബി.സുനില്‍ദത്ത്, ഫാദര്‍ റോബിന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി.ഇ.ജി.സത്യന്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."