ലോക ബാങ്ക് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി
കോട്ടയം: ലോക ബാങ്കിന്റെ സഹായത്തോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് ഇന്നലെ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി അംഗങ്ങളുടെ ആദ്യത്തെ പൂര്‍ണ യോഗത്തില്‍ അംഗീകാരം നല്‍കി.വെച്ചൂര്‍, മൂന്നിലവ്, കൊഴുവനാല്‍, പനച്ചിക്കാട്, മറവന്‍തുരുത്ത്, തലനാട്, വാഴൂര്‍, മീനടം, കുറവിലങ്ങാട് ഗ്രാമപഞ്ചായത്തുകളിലും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലുമാണ് ലോകബാങ്ക് പദ്ധതികള്‍ നടപ്പാക്കുന്നത്. കുടിവെള്ളം ഉറപ്പുവരുത്തുന്നതിനും പഞ്ചായത്ത് ഓഫിസുകള്‍ റോഡുകള്‍, ശ്മശാനം തുടങ്ങിയവ നിര്‍മ്മിക്കുന്നതിനുമുള്ള പദ്ധതികളുമാണ് ആസൂത്രണ സമിതി അംഗീകരിച്ചത്.
2016-17 ലെ വാര്‍ഷിക പദ്ധതികളില്‍ ഭേദഗതി വരുത്തിക്കൊണ്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പ്രൊപ്പോസലുകള്‍ക്കും യോഗം അംഗീകാരം നല്‍കി. വാര്‍ഷിക പദ്ധതികളുടെ തൃപ്തികരമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നതിനുള്ള നടപടികളും സമിതി സ്വീകരിച്ചു. പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് മൂന്നു മാസം മാത്രം ബാക്കി നില്‍ക്കുന്ന സാഹചര്യത്തില്‍ പദ്ധതി നടത്തിപ്പ് വേഗത്തിലാക്കണമെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു.
നോട്ടു പ്രതിസന്ധി പദ്ധതി നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും പദ്ധതി നിര്‍വ്വഹണം ത്വരിതപ്പെടുത്തി ഫണ്ട് പരമാവധി വിനിയോഗിക്കണമെന്ന് ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ഓരോ ദിവസത്തേയും ആഴ്ചയിലേയും നിര്‍വ്വഹണ പുരോഗതി അവലോകനം ചെയ്യുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തരംതരിച്ച് ജില്ലാ തല ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുള്ളതായി ജില്ലാ കലക്ടര്‍ സി.എ.ലത യോഗത്തില്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. കെ. ലതി പദ്ധതി പുരോഗതി റിപ്പോര്‍ട്ടവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ അഡ്വ.സണ്ണി പാമ്പാടി, ബെറ്റി റോയി മണിയങ്ങാട്ട്, സഖറിയാസ് കുതിരവേലി, സര്‍ക്കാര്‍ നോമിനി ഡോ. കെ. പി. സുകുമാരന്‍, ജില്ലാബ്ലോക്ക്ഗ്രാമ പഞ്ചായത്തംഗങ്ങള്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."