ട്രോളിലൂടെ പടരുന്ന ഫാസിസം
ഒരു നുണ പലവട്ടം ആവര്‍ത്തിക്കുമ്പോള്‍ അതു പൊതുമനസില്‍ സത്യമായി ഇടംപിടിക്കുമെന്നത് ഹിറ്റ്‌ലറുടെ പ്രചാരണവിഭാഗം തലവനായിരുന്ന ഗീബല്‍സ് ആവിഷ്‌കരിച്ച സിദ്ധാന്തമായിരുന്നു. അതനുസരിച്ചുള്ള പദ്ധതി പിന്നീടു തകര്‍ന്നടിഞ്ഞെങ്കിലും ആ നുണകള്‍ക്കു താല്‍ക്കാലികമായി ജര്‍മ്മനിയെ ഫാസിസ്റ്റ് രാഷ്ട്രമാക്കി നിലനിര്‍ത്താന്‍ കഴിഞ്ഞു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യയെ ഏകശിലാരൂപമുള്ള മതവര്‍ഗീയരാഷ്ട്രമാക്കാനുള്ള യജ്ഞത്തിലാണു കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരെന്ന് ഇതിനകം വെളിപ്പെട്ടതാണ്. ഫാസിസത്തിലേയ്ക്കുതന്നെയാണു മോദി നീങ്ങുന്നതെന്ന് വിഖ്യാതചരിത്രകാരനും ചിന്തകനുമായ ഡോ. എം.ജി.എസ് നാരായണന്‍ പറഞ്ഞതു കഴിഞ്ഞദിവസമാണ്. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരമൊരു പദ്ധതിക്കു സംഘ്പരിവാര്‍ സഹയാത്രികരുടെ സാമൂഹ്യ,സാംസ്‌കാരിക,വിദ്യാഭ്യാസ സംഘടനകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുമുണ്ട് ഇപ്പോള്‍.
1999-2004 കാലഘട്ടത്തില്‍ എ.ബി വാജ്‌പേയിയുടെ നേതൃത്വത്തിലുണ്ടായിരുന്ന എന്‍.ഡി.എ സര്‍ക്കാരാണ് ഇത്തരമൊരു പദ്ധതിക്കു തുടക്കമിട്ടത്. അതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളാണു നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യയുടെ മഹിതപാരമ്പര്യത്തെ മാറ്റി ഏകത്വത്തില്‍മാത്രം പ്രതിഷ്ഠിക്കുന്ന ഒരു യത്‌നമാണിത്.
നോട്ടു മരവിപ്പിക്കലിനെപ്പോലും ഇത്തരമൊരു കാഴ്ചപ്പാടിലൂടെ വേണം കാണാന്‍. ബി.ജെ.പിയെ കൈയയച്ചു സഹായിച്ചുകൊണ്ടിരുന്ന കോടീശ്വരന്മാരുടെ കടം എഴുതിത്തള്ളാന്‍ കണ്ടെത്തിയ മാര്‍ഗം മാത്രമായി ഇതിനെ ചുരുക്കേണ്ടതില്ല.
നോട്ടു മരവിപ്പിക്കുന്നതു സംബന്ധിച്ച വിവരം നേരത്തെതന്നെ ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്കു പണം സംഭരിച്ചുവയ്ക്കാന്‍ അവസരവും വേണ്ടത്ര ലഭിച്ചു. അതേസമയം, നോട്ടുമരവിപ്പിക്കലിലൂടെ ആര്‍.എസ്.എസ് ഇതരര്‍ ഒരുമാസംകൊണ്ടു ദരിദ്രരായും തീര്‍ന്നു. ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ രാഷ്ട്രങ്ങളൊന്നും പിന്നീടു സാമ്പത്തിക ഉണര്‍വുപ്രകടിപ്പിച്ചിട്ടില്ല.
ചരിത്രം ആവര്‍ത്തിക്കുന്നത് അസംബന്ധമാണെന്നറിഞ്ഞിട്ടും അതു നടപ്പാക്കിയതിന്റെ രഹസ്യം സംഘ്പരിവാറിനും കേന്ദ്രസര്‍ക്കാരിനും മാത്രം അറിയാവുന്നതായിരിക്കണം. ചരിത്രം തിരുത്തിയെഴുതുക, വളച്ചൊടിക്കുക, വിദ്യാഭ്യാസരംഗമാകെ കാവിമയമാക്കുക, മതവിദ്വേഷങ്ങള്‍ വളര്‍ത്തുംവിധം സിലബസില്‍ മാറ്റംവരുത്തുക, ജെ.എന്‍.യു പോലുള്ള മികച്ച അക്കാദമിക് സ്ഥാപനങ്ങളെ വര്‍ഗീയവല്‍ക്കരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം നടക്കുന്നതിനിടയിലാണു ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത പുറത്തുവന്നിരിക്കുന്നത്.
മോദി വിരുദ്ധരും കേന്ദ്രസര്‍ക്കാരിന്റെ വിമര്‍ശകരുമായ പ്രശസ്തര്‍ക്കെതിരേ വ്യക്തിഹത്യ നടത്തി ഇകഴ്ത്തിക്കാണിക്കാന്‍ സോഷ്യല്‍ മീഡിയയെ ദുരുപയോഗപ്പെടുത്താനായി ഒരു സംഘംതന്നെ ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നതാണു ഞെട്ടിപ്പിക്കുന്ന ആ വിവരം. കഴിഞ്ഞദിവസം എം.ടി വാസുദേവന്‍ നായരും ഈ 'നരഹത്യ'ക്ക് ഇരയായി. കേരള മനഃസാക്ഷി ആ ജല്പനം തള്ളിക്കളഞ്ഞുവെന്നു മാത്രം.
മോദിവിരുദ്ധരായ പ്രമുഖര്‍ക്കെതിരേ ട്രോള് നടത്തി ആക്രമിക്കാനുള്ള പദ്ധതി ബി.ജെ.പി നേതൃത്വം ആവിഷ്‌കരിച്ചിരുന്നതായി 2015 വരെ ബി.ജെ.പി സോഷ്യല്‍ മീഡിയ സെല്ലില്‍ അംഗമായിരുന്ന സാധവി ഖോസ്‌ല വെളിപ്പെടുത്തിയിരിക്കുകയാണ്. മോദിയുടെ ഭരണത്തില്‍ രാജ്യത്ത് അസഹിഷ്ണുത വളരുന്നതായുള്ള ആമിര്‍ഖാന്റെ പ്രസ്താവന വന്നതിനെത്തുടര്‍ന്നു ബി.ജെ.പി അദ്ദേഹത്തെ തകര്‍ക്കാനായി ട്രോളര്‍മാരെ ഉപയോഗപ്പെടുത്തിയതായി ജേണലിസ്റ്റ് സ്വാതി ചതുര്‍വേദിയുടെ ' ഐ ആം എ ട്രോള്‍ ' എന്ന പുസ്തകത്തില്‍ വിവരിക്കുന്നു.
ഇതിനു തെളിവുകളും പുസ്തകത്തില്‍ നിരത്തുന്നുണ്ട്. ഈ കുപ്രചാരണങ്ങളുടെ ഫലമായി ഇന്‍ക്രഡിബ്ള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനവും ഇന്റര്‍നെറ്റ് കമ്പനിയായ സ്‌നാപ്ഡീലിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനവും ആമിര്‍ഖാനു നഷ്ടമായി. ആമിര്‍ഖാനെതിരായി സോഷ്യല്‍മീഡിയയില്‍ വരുന്ന പരാതികള്‍ ശേഖരിച്ചു സ്‌നാപ് ഡീലിന് സമര്‍പ്പിക്കുവാനാവശ്യപ്പെട്ട് ബി.ജെ.പിയുടെ സോഷ്യല്‍മീഡിയ മുന്‍മേധാവി അരവിന്ദ് ഗുപ്ത അയച്ച വാട്‌സ് ആപ്പ് സന്ദേശവും ബി.ജെ.പി സോഷ്യല്‍ മീഡിയ മുന്‍അംഗം തെളിവായി ഉദ്ധരിക്കുമ്പോള്‍ ഇന്ത്യ ഫാസിസത്തിലേയ്ക്കുതന്നെയാണു മോദിയുടെ നേതൃത്വത്തില്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന എം.ജി.എസിന്റെ നിരീക്ഷണം എങ്ങനെ തള്ളിക്കളയാനാകും.
രാഹുല്‍ഗാന്ധിയും രാജ്യാന്തരപ്രശസ്തരായ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ ദേശായിയും ബര്‍ക്കാദത്തും ബി.ജെ.പിയുടെ ട്രോളിനിരയായ പ്രമുഖരാണ്. ഫാസിസം ആഡംബരത്തോടെയല്ല, അരിച്ചരിച്ചാണു രാഷ്ട്രഗാത്രത്തില്‍ പടരുന്നതെന്ന ആപ്തവാക്യം എത്ര അര്‍ഥവത്താണ് !
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."