നോട്ട് നിരോധനം സാമ്പത്തിക അരാജകത്വം സൃഷ്ടിച്ചു: ബി.കെ ഹരിപ്രസാദ്
തിരുവനന്തപുരം: നോട്ട് നിരോധനം രാജ്യത്ത് സാമ്പത്തിക അരാജകത്വം സൃഷ്ടിച്ചിരിക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ബി.കെ ഹരിപ്രസാദ്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇതിനു പിന്നില്‍ നടന്നതെന്നും ഇതിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അധ്വാനിച്ചു ജീവിക്കുന്ന 99 ശതമാനം ഇന്ത്യക്കാര്‍ക്ക് കനത്ത ആഘാതമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഏല്‍പിച്ചിരിക്കുന്നത്. നോട്ട് നിരോധനം കാരണം 50 ദിവസത്തിനുള്ളില്‍ രാജ്യത്ത് 115ലേറെ പാവങ്ങള്‍ മരിച്ചു.
ഇവരുടെ കുടുംബങ്ങള്‍ക്ക് മോദി നഷ്ടപരിഹാരം നല്‍കണം. കഴിഞ്ഞ 50 ദിവസത്തിനുള്ളില്‍ പണമിടപാട് ചട്ടങ്ങള്‍ 126 തവണയാണ് മോദിയും റിസര്‍വ് ബാങ്കും മാറ്റിയത്. ഇതുമൂലം ജനം വലഞ്ഞു.
കാര്‍ഷിക മേഖലയാകെ നിശ്ചലമായി. ചെറുകിട, ഇടത്തരം വ്യവസായസ്ഥാപനങ്ങള്‍ പൂട്ടിക്കൊണ്ടിരിക്കുന്നു. ദേശീയ വരുമാനത്തിലും വന്‍ ഇടിവുണ്ടായി.
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ട് നിരോധനത്തിനു പിന്നില്‍ നടന്നത്. നിരോധനത്തിനു തൊട്ടുമുമ്പ് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ബി.ജെ.പിയും ആര്‍.എസ്.എസും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടി. പ്രധാനമന്ത്രിയുടെ വിശ്വാസ്യത പോലും കരിനിഴലിലാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."