ബാങ്ക് മാനേജരെ മര്‍ദിച്ച സംഭവത്തില്‍ ആഭ്യന്തര വകുപ്പ് ഇടപെടുന്നു
തൊടുപുഴ: യൂനിയന്‍ ബാങ്ക് തൊടുപുഴ ശാഖാ മാനേജരായിരുന്ന പേഴ്‌സി ജോസഫിന് തൊടുപുഴ പൊലിസ് സ്‌റ്റേഷനില്‍ ക്രൂരമായ മര്‍ദനമേറ്റ സംഭവത്തില്‍ ആഭ്യന്തരമന്ത്രാലയം ശക്തമായി ഇടപെടുന്നു.
കോടതിയും മനുഷ്യാവകാശ കമ്മിഷനും ഇടപെട്ട കേസില്‍ അന്വേഷണം അട്ടിമറിക്കപ്പെടുകയും നടപടികള്‍ മരവിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഇടപെടല്‍. അഡീഷണല്‍ ചീഫ് സെക്രട്ടറി (ഹോം) നളിനി നെറ്റോ കുറ്റാരോപിതരായ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ തിരുവനന്തപുരത്തിനു വിളിപ്പിച്ചു.
ജനുവരി ഏഴിനു നളിനി നെറ്റോയുടെ മുന്നില്‍ ഹാജരായി കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്നാണ് നിര്‍ദേശം. തിരുവനന്തപുരത്തുനിന്നും എല്ലാവര്‍ക്കും നോട്ടീസ് അയച്ചു കഴിഞ്ഞു.
ഈ സംഭവത്തില്‍ ബാങ്ക് മാനേജര്‍ പേഴ്‌സി ജോസഫ് ഒരു കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് നടപടി. ഹൈക്കോടതി അഭിഭാഷകന്‍ സി.എം ടോമി ചെറുവള്ളി മുഖേനയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. അന്നത്തെ ഡി.വൈ.എസ്.പി ആര്‍. നിശാന്തിനി, വനിതാ പൊലിസ് ഉദ്യോഗസ്ഥരായ പ്രമീള, ബിജു, യമുന, അന്നത്തെ ജില്ലാ പൊലിസ് ചീഫ് ജോര്‍ജ് വര്‍ഗീസ്, പൊലിസ് ഉദ്യോഗസ്ഥരായ കെ.വി മുരളീധരന്‍ നായര്‍, ക്ലീറ്റസ് ജോസഫ്, സി.എ അബ്ദുള്‍ കരീം തുടങ്ങിയവരും കണ്ടാല്‍ അറിയാവുന്ന നാലു പേരും സംഭവത്തില്‍ കുറ്റാരോപിതരാണ്. ഇതില്‍ വനിത പൊലിസുകാരും തൊടുപുഴ സ്‌റ്റേഷനിലുണ്ടായിരുന്ന പൊലിസുകാരും മാത്രമേ മര്‍ദനത്തില്‍ പങ്കാളികളായിട്ടുള്ളൂ. ബാക്കിയുള്ള ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ പ്രതികളെ സംരക്ഷിക്കുകയും പൊലിസ് നടപടികള്‍ അട്ടിമറിച്ചുവെന്നുമാണ് കേസ്.
2011 ജൂലൈ 26ന് തൊടുപുഴ സ്‌റ്റേഷനിലാണ് സംഭവം. വനിതാ പൊലിസ് ഉദ്യോഗസ്ഥരെ അപമാനിച്ചു എന്ന പേരില്‍ ബാങ്ക് മാനേജരെ അന്നത്തെ ഡിവൈഎസ്പി ആര്‍. നിശാന്തിനി സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ക്രൂരമായി മര്‍ദിച്ചുവെന്നാണ് കേസ്. പൊലിസ് ഉദ്യോഗസ്ഥരെ അപമാനിച്ചുവെന്ന കേസില്‍ മാനേജരെ കുറ്റവിമുക്തനാക്കിയിരുന്നു. വാഹന വായ്പ എടുക്കാനെന്ന വ്യാജേന പൊലിസ് കോണ്‍സ്റ്റബിള്‍ പ്രമീള യൂനിയന്‍ ബാങ്കിലെത്തി.മാനേജര്‍ ബാങ്കില്‍ വച്ചു അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതി കോണ്‍സ്റ്റബിള്‍ നല്‍കി. എന്നാല്‍ ബാങ്കിലെ സി.സി. ടി.വി കാമറയിലെ ദൃശ്യങ്ങളില്‍ കോണ്‍സ്റ്റബിളിന്റെ പരാതി ്യാജമാണെന്നു കണ്ടെത്തിയിരുന്നു.
അന്നത്തെ ഡി.ജി.പിയുടെ ഉത്തരവിനെ തുടര്‍ന്ന് ഇന്റേണല്‍ ഇന്‍വസ്റ്റിഗേഷന് ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചു. അതനുസരിച്ച് അന്നത്തെ എറണാകുളം സെക്യൂരിറ്റി ന്‍വസ്റ്റിഗേഷന്‍ ടീം പൊലിസ് സൂപ്രണ്ട് എ.വി ജോര്‍ജ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പൊലിസ് ഉദ്യോഗസ്ഥര്‍ ഗൂഢലോചന നടത്തി സംഭവം മുക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."