കോട്ടമലയില്‍ നിയമസഭ പരിസ്ഥിതി കമ്മിറ്റി ഇന്ന് സന്ദര്‍ശിക്കും
രാമപുരം: വിവാദമായ കുറിഞ്ഞി കോട്ടമലയില്‍ മുല്ലക്കര രത്‌നാകരന്റെ നേതൃത്വത്തിലുള്ള നിയമസഭ പരിസ്ഥിതി കമ്മിറ്റി ഇന്ന് സന്ദര്‍ശനം നടത്തും. കമ്മിറ്റി മുന്‍പാകെ രാമപുരത്തെ നിരവധി സംഘടനകള്‍ പരാതികള്‍ നല്‍കും.
രാവിലെ 10.30ന് കലക്ട്രേറ്റിലെത്തുന്ന സംഘം അവിടെവച്ച് പരാതികള്‍ സ്വീകരിക്കും. തുടര്‍ന്നാണ് കോട്ടമല സന്ദര്‍ശിക്കുക. പാറഘനനം തുടങ്ങിയാല്‍ പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയായി ഇത് മാറും കര്‍ഷകരും സാധാരണക്കാരുമായ ജനങ്ങളാണ് മലയുടെ അടിവാരത്ത് താമസിക്കുന്നത്. നെല്‍കൃഷിയും, റബ്ബറുമാണ് ഇവിടുത്തെ പ്രധാന ജീവിതമാര്‍ഗ്ഗം. ക്രഷര്‍ യൂനിറ്റും പാറമടയും വരുന്നതോടെ പ്രദേശത്തെ നീര്‍ച്ചാലുകളും കൃഷിയും നശിക്കുകയും പൊടിപടലങ്ങള്‍ മൂലം ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുകയും ചെയ്യുമെന്നുള്ളതിനാല്‍ കടനാട്, രാമപുരം, പുറപ്പുഴ പഞ്ചായത്തുകളിലെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. സ്ഥലത്തെ കാലാവസ്ഥയ്ക്ക് തന്നെ മാറ്റം വരുകയും ഉരുള്‍പൊട്ടലും, ഭൂമികുലുക്കവുമുള്‍പ്പെടെയുള്ള ദുരന്തസാധ്യതകള്‍ വര്‍ദ്ധിക്കുകയും ചെയ്യും.
രാമപുത്ത് നാളുകളായി ഇതിന്റെ പേരില്‍ നിരവധി സംഘര്‍ഷങ്ങളും, കേസുകളും, ജയില്‍വാസവും, രാഷ്ട്രീയ അട്ടിമറികളുമെല്ലാം നടന്നുവരികയാണ്. സങ്കീര്‍ണ്ണമായ ഈ അവസ്ഥ നിയമസഭ പരിസ്ഥിതി കമ്മിറ്റി അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിക്കുന്നത് ജനങ്ങള്‍ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. എം.എല്‍.എമാരുടെ നേതൃത്വത്തിലുള്ള സംഘം ജനങ്ങള്‍ക്ക് അനുകൂലമായ തീരുമാനംമെടുക്കുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."