സാംഖ്യ അക്കൗണ്ടിങ്: സപ്പോര്‍ട്ട് സെല്ലില്‍നിന്ന് സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട് എന്നിവരെ മാറ്റി
കൊണ്ടോട്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സാംഖ്യ അക്കൗണ്ടിങ് പ്രവര്‍ത്തികള്‍ മെച്ചപ്പെടുത്തുന്നതിനു രൂപീകരിച്ച സപ്പോര്‍ട്ട് സെല്ലിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്നു സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട് എന്നിവരെ മാറ്റി. ഇവര്‍ക്കു സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ലഭിച്ചു മാറ്റമുണ്ടാകുന്നതിനാല്‍ സപ്പോര്‍ട്ട് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നതിനെ തുടര്‍ന്നാണ് ജില്ലാതല സപ്പോര്‍ട്ട് സെല്ലും സംസ്ഥാനതല സപ്പോര്‍ട്ട് സെല്ലും പുനര്‍നിര്‍ണയിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നികുതി ഉള്‍പ്പടെയുള്ളവ സാംഖ്യ അക്കൗണ്ടിങിലേക്കു മാറ്റണമെന്നു നേരത്തേ നിര്‍ദേശമുണ്ട്. നിലവില്‍ പഞ്ചായത്തുകളിലടക്കം കെട്ടിട, വീട്ടുനികുതിതുടങ്ങിയവ ഡിമാന്‍ഡ് രജിസ്റ്ററില്‍ രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. നികുതിയടക്കം കംപ്യൂട്ടറില്‍ രേഖപ്പെടുത്തുന്നതോടെ ഓരോ പഞ്ചായത്തിലേയും വിരങ്ങള്‍ പെട്ടെന്നു കണ്ടെത്താനാകും. രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിനാല്‍ ഇവ പഞ്ചായത്തിലെത്തി പരിശോധിക്കേണ്ട ഗതികേടാണിപ്പോള്‍. ഇതൊഴിവാക്കാനാണ് കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവരെ പഞ്ചായത്തുകളില്‍ നിയമിക്കുന്നത്. ജില്ലകളില്‍ സാംഖ്യ ഉപയോഗിച്ചുള്ള അക്കൗണ്ടിങ് പ്രവര്‍ത്തനങ്ങള്‍ക്കു പ്രാവീണ്യവും സന്നദ്ധതയുമുള്ള അക്കൗണ്ടന്റുമാര്‍ ഉള്‍പ്പെടെയുള്ള പത്തു ജീവനക്കാരെ ഉള്‍പ്പെടുത്തി സെല്‍ പുനര്‍രൂപീകരിക്കാനാണ് തീരുമാനം. ജില്ലാതല സപ്പോര്‍ട്ട് സെല്‍ എല്ലാ മാസവും ചേര്‍ന്നു നിര്‍ദേശങ്ങള്‍ നല്‍കുകയും വേണം.
രണ്ട് അക്കൗണ്ടന്റ് കം ഐ.ടി എക്‌സ്പര്‍ട്ടുകളും ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ കോഡിനേറ്റര്‍മാരും ജില്ലാ ടെക്‌നിക്കല്‍ ഓഫിസര്‍മാരും ജില്ലാതല സപ്പോര്‍ട്ട് സെല്ലില്‍ അംഗങ്ങളാകും.
സെല്ലിന്റ നേതൃത്വം പഞ്ചായത്ത് അസി. ഡയറക്ടര്‍ക്കായിരിക്കും. മുഴുവന്‍ ജില്ലകളിലും ഒരു കണ്‍വീനറും ഒരു കോ-കണ്‍വീനറുമുണ്ടാകും. ജില്ലകളില്‍നിന്നുള്ള കണ്‍വീനര്‍മാരും കോ-കണ്‍വീനര്‍മാരുമാണ് സംസ്ഥാന സപ്പോര്‍ട്ട് സെല്ലിലെ അംഗങ്ങളാകുക. സംസ്ഥാന തലത്തില്‍ രണ്ടു മാസത്തിലൊരിക്കല്‍ യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."