ജാര്‍ഖണ്ഡില്‍ കല്‍ക്കരിഖനി ഇടിഞ്ഞ് 10 പേര്‍ മരിച്ചു
ധന്‍ബാദ്: ജാര്‍ഖണ്ഡിലെ ധന്‍ബാദിനടുത്തുള്ള കല്‍ക്കരി ഖനി ഇടിഞ്ഞു വീണ് 10 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ഖനിയില്‍ ജോലി നടക്കുന്നതിനിടയിലായിരുന്നു ഒരു ഭാഗം ഇടിഞ്ഞുവീണത്. ഇതേതുടര്‍ന്ന് എത്രപേര്‍ അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അറിയാനായിട്ടില്ലെന്ന് ഗോഢ ജില്ലാ പൊലിസ് മേധാവി അറിയിച്ചു. എന്നാല്‍ അപകടം നടക്കുമ്പോള്‍ ഖനിക്കുള്ളില്‍ 40 പേരാണുണ്ടായിരുന്നതെന്നാണ് ഔദ്യോഗിക വിവരമെന്ന് ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു.
ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡിന്റെ ഉടമസ്ഥതയില്‍ ധന്‍ബാദിനടുത്തുള്ള രാജ്മഹലിലെ ലാല്‍മതിയ കല്‍ക്കരി ഖനിയിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രി 8.30ഓടെയായിരുന്നു അപകടം. ഖനിയില്‍ ജോലി നടക്കവെ ഒരുഭാഗം ഇടിഞ്ഞു വീഴുകയായിരുന്നുവെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു. കനത്ത മൂടല്‍ മഞ്ഞുകാരണം വ്യാഴാഴ്ച രക്ഷാപ്രവര്‍ത്തനംനടത്താനായില്ല. പട്‌നയില്‍ നിന്ന് ദേശീയ ദുരന്ത നിവാരണ സേന ഇന്നലെ 11ഓടെ എത്തിയതിനു ശേഷമാണ് രക്ഷാ പ്രവര്‍ത്തനം സജീവമായത്.
രക്ഷാപ്രവര്‍ത്തകര്‍ 10 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഖനിയിലേക്ക് വീണ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്ന് പൊലിസ് അറിയിച്ചു. ഖനിയിലുപയോഗിക്കുന്ന ട്രക്കുകള്‍ അടക്കം നാല്‍പ്പതോളം വാഹനങ്ങളും ഖനിയിലേക്ക് വീണത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഈസ്റ്റേണ്‍ കോണ്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് ചെയര്‍മാന്‍ ആര്‍.ആര്‍. മിശ്ര അറിയിച്ചു. മണ്ണിനടിയില്‍നിന്നും ജീവനോടെ കണ്ടെടുത്ത നാലുപേരെ അടിയന്തര ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. സ്ഥിതിഗതികള്‍ സംസ്ഥാന മുഖ്യമന്ത്രി രഘുബര്‍ ദാസ് വിലയിരുത്തി. രക്ഷാ പ്രവര്‍ത്തനത്തിന് കൂടുതല്‍ പേരെ നിയോഗിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ വീതം അടിയന്തര ധനസഹായം അനുവദിച്ചു. പരുക്കേറ്റവരുടെ ചികിത്സക്കായി 25,000 രൂപയും അനുവദിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് ഖനി സുരക്ഷാ വിഭാഗം ഡയറക്ടര്‍ ജനറല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഖനി അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയ കേന്ദ്ര കല്‍ക്കരി മന്ത്രി പിയൂഷ് ഗോയല്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡും നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."