മുനിസിപ്പല്‍ സ്റ്റാന്റിലേക്കുള്ള ബസ്സുകളുടെ വേ-ഇന്‍-ഔട്ട് ഡൈവേര്‍ഷന്‍ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു
മലമ്പുഴ-റെയില്‍വേ കോളനി
ബസ്സുകള്‍ സ്റ്റാന്റില്‍ കയറുന്നില്ല
പാലക്കാട്: നഗരസഭാ മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ ബസ്സുകളുടെ പ്രവേശന കവാടം മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. മുനിസിപ്പല്‍ ബസ് സ്റ്റാന്റിലേക്ക് നിലവില്‍ ബസ്സുകള്‍ കയറുന്നത് കംഫര്‍ട്ട് സ്റ്റേഷന്റെ ഭാഗത്തുകൂടെയും പുറത്തേക്കിറങ്ങുന്നത് തിയേറ്ററിന്റെ ഭാഗത്തുകൂടിയുമാണ്. നേരത്തെ ജി.ബി റോഡിലെ ലെവല്‍ ക്രോസ് അടയ്ക്കുന്നതിന് മുമ്പ് ജി.ബി റോഡ് വഴി ബസ്സുകള്‍ വന്നിരുന്ന സമയത്തുള്ള രീതിയിലാണ് ഇപ്പോള്‍ ബസ്സുകള്‍ കയറിയിറങ്ങുന്നത്. എന്നാല്‍ ജി.ബി.റോഡിലെ ഗേറ്റടച്ചതോടെ ബസ്സുകള്‍ പട്ടിക്കര മേല്‍പാലം വഴിയാണ് ഇപ്പോള്‍ സ്റ്റാന്റിലേക്ക് വരുന്നത്.
ഇതുമൂലം മലമ്പുഴ, റെയില്‍വേ കോളനി ബസ്സുകള്‍ മുനിസിപ്പല്‍ സ്റ്റാന്റിലേക്ക് വരാതിരിക്കുകയാണ്. എന്നാല്‍ മേല്‍പാലം ഇറങ്ങി റെയില്‍വേ സ്റ്റേഷന്‍ വഴി വരുന്ന ബസ്സുകള്‍ക്ക് സ്റ്റാന്റിന്റെ തെക്കുഭാഗത്തു (ഇപ്പോള്‍ ബസ്സുകള്‍ പുറത്തിറങ്ങുന്ന സ്ഥലം) കൂടി സ്റ്റാന്റിനകത്തേക്ക് സുഗമമായി പ്രവേശിക്കാം. മാത്രമല്ല നിലവില്‍ സ്റ്റാന്റിന് മുന്നിലുള്ള ഓട്ടോസ്റ്റാന്റില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെടുകയുമില്ല.
സ്റ്റാന്റിനകത്തേക്ക് നിലവില്‍ ബസ്സുകള്‍ കയറുന്ന ഭാഗത്താണ് ഓട്ടോസ്റ്റാന്റെന്നിരിക്കെ ബസ്സുകള്‍ സ്റ്റാന്റിലേക്ക് കയറുന്നത് ഓട്ടോകള്‍ക്ക് പുറപ്പെടാനും യാത്രക്കാര്‍ക്കുള്ള മാര്‍ഗ്ഗതടസ്സവുമൊഴിവാക്കാനാകും. മാത്രമല്ല സ്റ്റാന്റിന്റെ കിഴക്കുഭാഗത്തെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം ഇപ്പോള്‍ മലമൂത്ര വിസര്‍ജ്ജനങ്ങളുടെയും മാലിന്യ സംഭരണത്തിന്റെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. മലമ്പുഴ-റെയില്‍വേ കോളനി ബസ്സുകള്‍ സ്റ്റാന്റിനകത്തേക്ക് കയറുകയാണെങ്കില്‍ ആ സ്ഥലം യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും സൗകര്യപ്രദമാകും. ഇവിടെ നിലവില്‍ നിര്‍ത്തിയിടുന്ന ബസ്സുകള്‍ സ്റ്റാന്റിന്റെ മേല്‍ക്കൂരയുള്ള ഭാഗത്തേക്കോ ഒഴിഞ്ഞ ട്രാക്കുകളിലേക്കോ മാറ്റുന്നതു വഴി ഇവിടെ കാലങ്ങളായി യാത്രക്കാര്‍ക്ക് വെയിലും മഴയും കൊണ്ട് ബസ്സ് കയറേണ്ട ഗതികേട് ഒഴിവാക്കാനാകും. മാത്രമല്ല സ്റ്റാന്റിന്റെ തെക്കുഭാഗത്തെ വ്യാപാരസ്ഥാപനങ്ങള്‍ക്കും ഏറെ ഗുണകരമാവുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. 2 കി.മീറ്റര്‍ ചുറ്റളവില്‍ 4 ബസ് സ്റ്റാന്റുകളുണ്ടായിട്ടും സ്റ്റേഡിയം സ്റ്റാന്റില്‍നിന്നും മുനിസിപ്പല്‍ സ്റ്റാന്റിലേക്ക് ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട ഗതികേടാണ് യാത്രക്കാര്‍ക്ക്. നേരത്തെ സ്‌റ്റേഡിയത്തുനിന്നും മലമ്പുഴ-റെയില്‍വേ കോളനി ബസ്സില്‍ കയറിയാല്‍ മുനിസിപ്പല്‍ സ്റ്റാന്റിലേക്കെത്താമെന്നിരിക്കെ ശകുന്തള ഗേറ്റടച്ചതോടെ ഈ ബസ്സുകള്‍ മുനിസിപ്പല്‍ സ്റ്റാന്റിലേക്കുള്ള യാത്ര ഒഴിവാക്കി.
മേല്‍പാലം വഴി നേരെ താരേക്കാട് ഭാഗത്തേക്ക് പോവുകയാണ്. ഇത് മുനിസിപ്പല്‍ സ്റ്റാന്റിലേക്കെത്തേണ്ട യാത്രക്കാര്‍ക്കും മുനിസിപ്പല്‍ സ്റ്റാന്റില്‍നിന്നും മലമ്പുഴ - റെയില്‍വേ കോളനി ഭാഗത്തേക്കും പോകേണ്ടവര്‍ക്ക് ഏറെ ദുരിതം തീര്‍ക്കുന്നുണ്ട്. ഈ പ്രശ്‌നം ചൂണ്ടിക്കാട്ടി നിരവധി സംഘടനകളും പ്രതിനിധികളും രംഗത്തു വന്നെങ്കിലും അധികൃതര്‍ അനങ്ങാപ്പാറയാണ്. കാലപ്പഴക്കത്തില്‍ പൊളിഞ്ഞുവീഴാറായ കെട്ടിടം പൊളിക്കേണ്ട സമയം അതിക്രമിച്ചിട്ടും, പുതുക്കിപ്പണിയുമെന്ന് പഴയതും പുതിയതുമായ ഭരണസാരഥികള്‍ ഉത്തരവിറക്കിയിരുന്നെങ്കിലും എല്ലാം ജലരേഖയായി.
രാപകലന്യേ അഭിസാരികകളായ സ്ത്രീകളുടെയും സാമൂഹ്യവിരുദ്ധരുടേയും താവളത്തിന് പുറമെ മലമൂത്രവിസര്‍ജ്ജനത്തിന്റെയും കൂടി കേന്ദ്രമായ മുനിസിപ്പല്‍ സ്റ്റാന്റിലെ ശോചനീയാവസ്ഥ പരിഹരിക്കാനും ബസ്സുകളുടെ ഇന്‍-ഔട്ട് വേകള്‍ പുനഃസജ്ജീകരിക്കുന്നതു വഴി യാത്രക്കാരുടെയും വ്യാപാരികളുടെയും സൗകര്യങ്ങള്‍ മെച്ചപ്പെടുമെന്നും പറയുന്നതിനാല്‍ അധികാരികള്‍ മേല്‍ വിഷയത്തില്‍ സത്വരനടപടികള്‍ കൈക്കൊള്ളണമെന്നാണ് ജനകീയാഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."