കോണ്‍ഗ്രസ് അഴിച്ചുപണിയുന്നു
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുടര്‍ന്നു സംസ്ഥാന കോണ്‍ഗ്രസില്‍ അടിയന്തര ഇടപെടലുമായി ഹൈക്കമാന്‍ഡ്. എം.എല്‍.എമാരെ പാര്‍ട്ടി പദവികളില്‍നിന്നു നീക്കിയും തോറ്റ പ്രമുഖരെ പാര്‍ട്ടി ചുമതലകള്‍ ഏല്‍പ്പിച്ചും അഴിച്ചുപണി നടത്താനാണ് നീക്കം. തെരഞ്ഞെടുപ്പു പരാജയത്തിനു ശേഷം കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡിന്റെ അടിയന്തര ഇടപെടല്‍.
മുതിര്‍ന്ന നേതാക്കളായ എ.കെ ആന്റണി, വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ അഭിപ്രായംകൂടി കണക്കിലെടുത്താണിത്. ഒറ്റപ്പാലത്തു തോറ്റ എ.ഐ.സി.സി മുന്‍ സെക്രട്ടറി ഷാനിമോള്‍ ഉസ്മാനെ വീണ്ടും എ.ഐ.സി.സി സെക്രട്ടറിയോ അല്ലെങ്കില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റോ ആക്കും. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി.സതീശനെ പാര്‍ട്ടി ചുമതലയില്‍നിന്നു മാറ്റി നിയമസഭാ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ചുമതലകള്‍ നല്‍കും. എം.എല്‍.എമാരുടെ നിരന്തര പരിശീലനത്തിനു പുതിയ സംവിധാനവും ആലോചിക്കുന്നുണ്ട്. സതീശനായിരിക്കും അതിന്റെ ചുമതല. കെ.പി.സി.സി നിര്‍വാഹകസമിതിയിലും പുറത്തുമുണ്ടായ പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. നിയമസഭാസാമാജികരുടെയും പാര്‍ട്ടി നേതൃത്വത്തിന്റെയും പുതിയൊരു സംവിധാനം രൂപപ്പെടുത്തി കരുത്തുകൂട്ടാനാണു ശ്രമം. മഹിളാകോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു എന്നിവ പുനഃസംഘടിപ്പിച്ചു ശക്തിപ്പെടുത്തും. ബിന്ദുകൃഷ്ണ, ഡീന്‍ കുര്യാക്കോസ്, വി.എസ്.ജോയി എന്നിവര്‍ക്കു പാര്‍ട്ടി ചുമതലകള്‍ നല്‍കും. പത്മജാ വേണുഗോപാല്‍, എം.എം.ഹസന്‍ എന്നിവരുടെ കാര്യത്തില്‍ എന്തുവേണമെന്ന് തീരുമാനമായിട്ടില്ല.
പട്ടാമ്പിയില്‍ തോറ്റ സി.പി.മുഹമ്മദിനെ വീണ്ടും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാക്കിയേക്കും. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവും കെ. മുരളീധരന്‍ ഉപനേതാവും ഉമ്മന്‍ചാണ്ടി യു.ഡി.എഫ് കണ്‍വീനറുമായുള്ള ഫോര്‍മുല അണിയറയില്‍ രൂപപ്പെട്ടുവരികയാണ്. അതേസമയം, പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് ഇടയ്ക്കു പറഞ്ഞുകേട്ട കെ.മുരളീധരനു രമേശിനു താഴെ ഉപനേതാവാകാന്‍ താല്‍പ്പര്യമില്ലെന്നറിയുന്നു. ആ സ്ഥാനത്തേക്കു വി.ഡി.സതീശന്റെ പേരും പരിഗണിക്കുന്നുണ്ട്.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്കു മുരളീധരനെ പരിഗണിക്കുന്നതിനു വയലാര്‍ രവി, പി.സി.ചാക്കോ, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ അനുകൂലമാണ്. പ്രതിപക്ഷ നേതൃസ്ഥാനം എ ഗ്രൂപ്പിനു ലഭിച്ചാല്‍ ചെന്നിത്തലയെ യു.ഡി.എഫ് കണ്‍വീനറാക്കാനും ആലോചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."