അന്തര്‍ സംസ്ഥാന പാത ഉള്‍പടെ നാലുപാലങ്ങള്‍ അപകടാവസ്ഥയില്‍
കൊല്ലങ്കോട് : കാലപ്പഴക്കവും ബലക്ഷയവും മൂലം പാലങ്ങള്‍ അപകടാവസ്ഥയില്‍ തുടരുമ്പോഴും പഴഞ്ചൊല്ല് പോലെ പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്നതു പോലെയാണ് വകുപ്പ് ഉദ്യോഗസ്ഥര്‍. ഒരു ദുരന്തത്തിനെ സാക്ഷ്യം വഹിക്കാതെ പാലങ്ങളുടെ അപകടാവസ്ഥ മനസ്സിലാക്കി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതിന് പകരം കേളന്‍മാര്‍ കുലുങ്ങില്ല എന്ന നയമാണ് ഉദ്യോഗസ്ഥര്‍ക്കും ഭരണാധികാരികള്‍ക്കും.
നെന്മാറ നിയോജക മണ്ഡലത്തില്‍ അന്തര്‍ സംസ്ഥാന പാതയായ ഗോവിന്ദാപുരം-മംഗലം പാതയിലെ ഗോവിന്ദാപുരം പാലവും എലവഞ്ചേരി-കുംബളക്കോട് പാലം, കൊല്ലങ്കോട്-ഊട്ടറ-ഗായത്രിപ്പുഴപ്പാലം-പല്ലശ്ശേന കണ്ണന്നൂര്‍കടവ് പാലവുമാണ് അപകടാവസ്ഥയിലുള്ളത്. പാലങ്ങളുടെ വീതി കുറവും വളവും പാലത്തിന്റെ ബലക്ഷയവും കൈവരി തകര്‍ന്നതും സിഗ്‌നല്‍ ബോര്‍ഡുകള്‍ ഇല്ലാത്തതും നിരന്തരം അപകടത്തിനിടയാക്കുന്നു. തമിഴ്‌നാടിനെ കേരളവുമായി ബന്ധിപ്പിക്കുന്ന പ്രാധാന പാതയും ചരക്കുകടത്തിനും തീര്‍ത്ഥാടനത്തിനും വിനോദ സഞ്ചാരത്തിനും ഏറെ പ്രാധാന്യമുള്ളതാണ് ഗോവിന്ദാപുരം-മംഗലം പാത. പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതിയും ഏറ്റവും വലിയ തേക്ക് മരം സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം എന്നിവിടങ്ങളിലേയ്ക്കും തമിഴ്‌നാട്ടിലെ പൊള്ളാച്ചി ഭാഗത്തേയ്ക്കും തൃശ്ശൂര്‍ ഭാഗത്തേക്കും പോകണമെങ്കില്‍ ഈ രണ്ടു പാതകളും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഗോവിന്ദാപുരം പാലത്തിന്റെ കൈവരികള്‍ തകര്‍ത്തും പാലത്തിന്റെ അടിഭാഗത്ത് കോണ്‍ക്രീറ്റ് തകര്‍ന്നും ഇരുമ്പ് കമ്പികള്‍ ദ്രവിച്ച നിലയിലുമാണ്. തമിഴ്‌നാട്ടില്‍ നിന്നും അമിതഭാരം കയറ്റിയ സിമന്റ് ലോറികള്‍ കയറിയിറങ്ങുന്നതോടെ പാലം കുലുങ്ങുന്നതോടെ കോണ്‍ക്രീറ്റ് ഇളകി അടര്‍ന്നു വീഴുന്ന സ്ഥിതി തുടരുന്നു. കുമ്പളക്കോട് പാലത്തിന്റെ കൈവരികള്‍ തകര്‍ത്തതും വളവും അപകടം പതിവാകുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പാലത്തിന്റെ വളവറിയാതെ കാറില്‍ നാലു പേരടങ്ങിയ യാത്രാ സംഘം പുഴയിലേക്ക് മറിഞ്ഞിരുന്നു. സംസ്ഥാന പാതയിലെ ഊട്ടറ കൊല്ലങ്കോട് ഗായത്രി പുഴപ്പാലവും പല്ലശ്ശനയുമായി ബന്ധപ്പെടുത്തുന്ന കണ്ണന്നൂര്‍ കടവ് പല്ലശ്ശന പാലവും ഏറെ ഗുരുതരമായ അപകടാവസ്ഥയിലാണ്. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ പാലം കുലുങ്ങിയും കോണ്‍ക്രീറ്റ് ഇളകിയും കമ്പികള്‍ ദ്രവിച്ചും പാലം വിണ്ടുകീറിയുള്ള സ്ഥിതി തുടരുകയാണ്. ക്വാറി ഉല്പനങ്ങള്‍ അമിതഭാരം കയറ്റി കൊണ്ടു പോകാന്‍ തുടങ്ങിയതോടെയാണ് പാലങ്ങളുടെ സ്ഥിതി മോശമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."