രക്ഷാകവചമാകുമോ ഫലസ്തീനികള്‍ക്ക് യു.എന്‍ പ്രമേയം
ഏതാനുംമാസം മുമ്പാണ് ഫലസ്തീന്‍ സന്ദര്‍ശിക്കാനുള്ള അവസരമുണ്ടായത്. ജറൂസലേമിലെ താമസത്തിനുശേഷം ചരിത്രപ്രസിദ്ധമായ ഹെബ്രോണ്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. സെമിറ്റിക് മതവിഭാഗങ്ങളുടെ പ്രധാനതീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണു ഹെബ്രോണ്‍. അല്‍ ഖലീല്‍ എന്നാണ് ഇതിന്റെ അറബി നാമം. പ്രവാചകന്‍ ഇബ്രാഹീം നബിയുടെയും ഭാര്യ സാറ(അ)യുടെയും അവരുടെ മകന്‍ ഇസ്മാഈല്‍ നബിയുടെയും ഭാര്യ റെബേക്കയുടെയും അവരുടെ മകന്‍ യഅ്ഖൂബ് നബിയുടെയും ഖബറിടങ്ങള്‍ ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. ഇതിന് തൊട്ടുരുമ്മിയാണ് പിന്നീട് അല്‍ ഖലീലി ഇബ്രാഹീമി മസ്ജിദ് സ്ഥാപിക്കപ്പെട്ടത്.
സ്വതന്ത്ര ഫലസ്തീനില്‍പെട്ട വെസ്റ്റ് ബാങ്കിലാണ് ഹെബ്രോണ്‍ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും നല്ല മുന്തിരി ഉല്‍പാദിപ്പിക്കുന്ന സ്ഥലമാണു ഹെബ്രോണ്‍. ഹെബ്രോണിലേയ്ക്കുള്ള യാത്ര ഏറെ പ്രയാസം നിറഞ്ഞതായിരുന്നു. പുറത്തുള്ള സന്ദര്‍ശകര്‍ക്ക് വല്ലപ്പോഴും മാത്രം അനുവാദമുള്ള പ്രദേശമാണിത്. മാത്രമല്ല, അതു വിലക്കപ്പെട്ട സ്ഥലമാണെന്നുകൂടി അറിഞ്ഞപ്പോള്‍ നെഞ്ചിടിപ്പുകൂടി.
ലോകത്തിലെ ഏറ്റവും ക്രൂരന്മാരായ ജൂതന്മാര്‍ താമസിക്കുന്ന കാര്‍മലിലൂടെയാണു ഹെബ്രോണിലേയ്ക്കു പോകേണ്ടത്. പടുകൂറ്റന്‍ ഇരുമ്പുതൂണും കവചങ്ങളും വേലികളും നിര്‍മിച്ചാണ് ഇസ്രാഈല്‍ ഫലസ്തീനികളെ വേര്‍തിരിക്കുന്ന മതില്‍ ഇവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. ചെങ്കുത്തായ വന്‍കുന്നുകളുടെ നടുവിലാണ് ഇതിന്റെ സ്ഥാനം. സ്വതന്ത്രഫലസ്തീനില്‍പെട്ടതാണെങ്കിലും ഇവിടേയ്ക്കുള്ള റോഡ് ഇസ്രാഈലിന്റെ അധീനതയില്‍പെട്ടതാണ്. മാത്രമല്ല, ആരും അങ്ങോട്ടുപോകുന്നത് ഇസ്രാഈലിന് ഇഷ്ടവുമല്ല.
ഹെബ്രോണിലെ അല്‍ ഖലീലി മസ്ജിദ് സന്ദര്‍ശിക്കാനായിരുന്നു പദ്ധതി. വിശപ്പടക്കാന്‍ ഒരു നേരത്തെ ആഹാരത്തിനായി ഫലസ്തീന്‍ പൈതങ്ങള്‍ സന്ദര്‍ശകരായ ഞങ്ങള്‍ക്കുനേരേ ഓടിയടുത്തു. ഫലസ്തീനികള്‍ക്കു ഭക്ഷണമോ പണമോ ഒന്നും നല്‍കരുതെന്നു ഗൈഡ് അറിയിച്ചിരുന്നു. പള്ളിയുടെ പരിസരപ്രദേശത്ത് ഇസ്രാഈല്‍ പട്ടാളത്തിന്റെ നിറതോക്കുകളാണ്. ഫലസ്തീനികളെ സഹായിക്കുന്നത് അവര്‍ അനുവദിക്കില്ല. അതു ഗുരുതര അപരാധമായാണ് ഇസ്രാഈല്‍ കാണുന്നത്. വിലക്കുണ്ടെന്നറിഞ്ഞിട്ടും പട്ടാളക്കാരുടെ കണ്ണില്‍പെടാതെ ഏതാനും ചില്ലറതുട്ടുകള്‍ അവര്‍ക്കു നല്‍കാന്‍ ശ്രമിച്ചു.
വീടും ഭക്ഷണവും വിലക്കപ്പെട്ടവര്‍, പട്ടാളക്കാരുടെ ആട്ടും തുപ്പും നിരന്തര ക്രൂരതയും മാത്രം പേറാന്‍ വിധിക്കപ്പെട്ടവര്‍, ഇവരെ നോക്കി നെടുവീര്‍പ്പിട്ടു പള്ളിയില്‍ പ്രവേശിച്ചു. രണ്ടു റക്അത്ത് നമസ്‌കരിച്ചു. പരിപാവനമായ ഈ പള്ളി സ്വന്തക്കാരായ ഫലസ്തീനികള്‍ക്ക് അന്യമാണ്. ചിലപ്പോള്‍ മാത്രമേ ഇവിടെ ഫലസ്തീനികളെ അനുവദിക്കുകയുള്ളൂവെന്നുകൂടി അറിഞ്ഞപ്പോള്‍ ക്രൂരതയുടെ ആഴം എത്ര മടങ്ങ് ആപല്‍ക്കരമാണെന്നു ബോധ്യപ്പെട്ടു.
ക്രൂരതയുടെ ജൂതമാതൃകയായ ബാറൂഖ് ഗോള്‍ഡ് സ്‌റ്റൈന്‍ എന്ന ജൂത തീവ്രവാദി 1994ല്‍ ഈ മസ്ജിദിന്റെ മിഹ്‌റാബില്‍നിന്നുകൊണ്ടായിരുന്നു സുബ്്ഹ് നമസ്‌കാര നേരം (പുലര്‍ച്ചെ) വിശ്വാസികളായ അറുപതുപേരെ നിഷ്ഠൂരമായി വെടിവച്ചുകൊന്നത്. ഈ സംഭവത്തിനുശേഷം പള്ളി രണ്ടായി വിഭജിക്കപ്പെട്ടു. ഒരുഭാഗം ജൂതന്മാര്‍ ഇപ്പോഴും അവരുടെ ആരാധനകള്‍ക്കായി ഉപയോഗിച്ചുവരുന്നു. ഫലസ്തീനികളുടെ മണ്ണില്‍, ഇസ്രാഈല്‍ മതില്‍കെട്ടിനകത്ത് എത്രയോ ക്രൂരതകള്‍ നേരില്‍ കാണാന്‍ സാധിച്ചു.
മുസ്്‌ലിംകളും ക്രിസ്ത്യാനികളും ഇങ്ങനെ അനുഭവിക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി. ബുള്ളറ്റ് പ്രൂഫിട്ട പട്ടാളവണ്ടികള്‍ റോഡുകളിലൂടെയും താഴ്‌വരകളിലൂടെയും ചീറിപ്പായാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങള്‍ പലതായി.
രാജ്യാന്തര ക്രിമിനല്‍ കോടതിക്കു മാത്രമേ ഇസ്രാഈല്‍ ക്രൂരതയെ നിലയ്ക്കു നിര്‍ത്താനാകൂ. വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറൂസലമിലെയും ജൂത കുടിയേറ്റപ്രശ്‌നത്തില്‍ ഇസ്രാഈലിനെതിരേ ഐക്യരാഷ്ട്രസംഘടനയില്‍ കഴിഞ്ഞദിവസം പ്രമേയം പാസായത് ഫലസ്തീനികള്‍ക്കു രാജ്യാന്തരകോടതിയെ സമീപിക്കാനുള്ള വാതില്‍തുറക്കുകയാണു ചെയ്തിരിക്കുന്നത്. രാജ്യാന്തരനിയമങ്ങളുടെ വ്യക്തമായ ലംഘനമാണ് ഇസ്രാഈല്‍ കുടിയേറ്റമെന്നു കുറ്റപ്പെടുത്തിയ രക്ഷാസമിതി, വെസ്റ്റ്ബാങ്ക്, കിഴക്കന്‍ ജറൂസലേം അടക്കം അധിനിവേശഫലസ്തീന്‍ പ്രദേശങ്ങളിലെ എല്ലാ കുടിയേറ്റവും നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
അരനൂറ്റാണ്ടോളം പഴക്കമുള്ളതാണ് ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രാഈല്‍ അധിനിവേശം. 1967ലെ ആറു ദിവസത്തെ യുദ്ധത്തില്‍ അവര്‍ അറബ് രാജ്യങ്ങളില്‍നിന്നു പിടിച്ചടക്കിയ പ്രദേശങ്ങളില്‍ സീനായില്‍നിന്നും ഗാസയില്‍നിന്നും മാത്രമാണു പില്‍ക്കാലത്ത് ഒഴിഞ്ഞുപോയത്. വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറൂസലേമും ഗോലാന്‍ കുന്നുകളും ഇപ്പോഴും കൈയടക്കിവച്ചിരിക്കുന്നു. ഒഴിഞ്ഞുപോകണമെന്ന് ഐക്യരാഷ്ട്ര സംഘടനയും മറ്റു രാജ്യാന്തര സംഘടനകളും പല തവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. മധ്യ പൂര്‍വദേശത്തെ സ്ഥിതിഗതികള്‍ സംഘര്‍ഷപൂര്‍ണമായി തുടരാനും ഇതു കാരണമായിത്തീരുന്നു.
വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലേമിലും തലമുറകളായി ജീവിച്ചുവന്ന ഫലസ്തീന്‍കാരില്‍ പലരെയും കുടിയൊഴിപ്പിച്ചാണ് ഇസ്രാഈല്‍ സ്വന്തം പൗരന്മാരെ കുടിയിരുത്തുന്നത്. രാജ്യാന്തരനിയമങ്ങളുടെ നഗ്നമായ ഈ ലംഘനം തടയാന്‍ ആര്‍ക്കും കഴിയുന്നില്ല. ആറുപതിറ്റാണ്ടു മുന്‍പ് ഇസ്രാഈല്‍ സ്ഥാപിതമായതു മുതല്‍ പല ഘട്ടങ്ങളിലായി ലക്ഷക്കണക്കിനു ഫലസ്തീന്‍കാരാണ് അഭയാര്‍ഥികളായത്. അവരും ഇസ്രാഈലും തമ്മിലുള്ള തര്‍ക്കം പല യുദ്ധങ്ങള്‍ക്കും കാരണമായി. അതിനു പരിഹാരമെന്ന നിലയില്‍ രൂപംകൊണ്ടതാണ് വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലേമിലുമായി ഒരു ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാവുകയെന്ന ആശയം. ഇസ്രാഈല്‍ ഇതിനു സമ്മതിക്കുകയും ഉടമ്പടിയില്‍ ഒപ്പുവയ്ക്കുകയുമുണ്ടായി. പക്ഷേ, ഉടമ്പടി ഇതുവരെ നടപ്പായില്ല.
ഒത്തുതീര്‍പ്പിനുള്ള എല്ലാ വാതിലുകളും കൊട്ടിയടക്കുന്ന രീതിയിലാണു വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലേമിലും ഇസ്രാഈല്‍ നടത്തിവരുന്ന പാര്‍പ്പിടനിര്‍മാണം. ഇതു നിര്‍ത്തണമെന്ന് അമേരിക്കയുടെ പ്രസിഡന്റായതുമുതല്‍ ബറാക് ഒബാമ ആവശ്യപ്പെടുകയായിരുന്നു. സ്തംഭനാവസ്ഥയിലായിരുന്ന ഇസ്രാഈല്‍ - ഫലസ്തീന്‍ ചര്‍ച്ച പുനരാരംഭിക്കാനും അദ്ദേഹം വഴിയൊരുക്കി. എന്നാല്‍, പാര്‍പ്പിടനിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഇസ്രാഈല്‍ വിസമ്മതിച്ചതോടെ ചര്‍ച്ച തകര്‍ന്നു.
ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെപ്പോലെ അമേരിക്കയിലെ നിയുക്തപ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രൂക്ഷമായ ഭാഷയിലാണു യു.എന്‍ പ്രമേയത്തോടു പ്രതികരിച്ചത്. ജനുവരി 20നു താന്‍ ഭരണമേറ്റെടുക്കുന്നതോടെ സ്ഥിതി മാറുമെന്നു ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, യു.എന്‍ പ്രമേയത്തില്‍ മാറ്റംവരുത്താന്‍ ട്രംപ് വിചാരിച്ചാലും നടക്കില്ല. അതിലെ നിര്‍ദേശം അസാധുവാക്കുന്ന മറ്റൊരു പ്രമേയം കൊണ്ടുവരികയേ നിവൃത്തിയുള്ളൂ. രക്ഷാസമിതിയിലെ ഒന്‍പതംഗങ്ങളെങ്കിലും അനുകൂലിച്ചാലേ അതു പാസാകൂ. നിലവിലുള്ള പ്രമേയത്തെ അനുകൂലിച്ച സ്ഥിരാംഗങ്ങളായ റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, എന്നിവയില്‍ ആരും വീറ്റോ ചെയ്യാതിരിക്കുകയും വേണം. അതിനൊന്നും സാധ്യതയും കാണുന്നില്ല.
പാര്‍പ്പിടനിര്‍മാണം നിര്‍ത്തുന്ന പ്രശ്‌നമേയില്ലെന്ന നിലപാടിലാണ് ഇസ്രാഈല്‍. അതിന്റെപേരില്‍ ഇസ്രാഈലിനെതിരേ നടപടിയെടുക്കാന്‍ നിര്‍ദേശങ്ങളില്ലാത്തതിനാല്‍ പാര്‍പ്പിടനിര്‍മാണ കാര്യത്തില്‍ പ്രമേയം കാര്യമായ ഒരു മാറ്റവുമുണ്ടാക്കാനുമിടയില്ല. കേസ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ എത്തിച്ച്, പരിഹാരം തേടുകയാണ് ഈ പരിതസ്ഥിതിയില്‍ ഫലസ്തീനികള്‍ക്കു കരണീയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."