തൊണ്ടയില്‍ കുരുങ്ങുന്ന മംഗളവചസ്സുകള്‍
എല്ലാ പുതുവത്സരത്തലേന്നും നൊമ്പരപ്പെടുത്തുന്ന ഓര്‍മയായി മനസിലേയ്ക്കു കടന്നുവരാറുണ്ട് 'അശാന്തിപര്‍വം' എന്ന ആ കവിത, വിഖ്യാതകവി ഒ.എന്‍.വിയുടെ തൂലികയിലൂടെ പിറവിയെടുത്ത ചിന്തോദ്ദീപകമായ കാവ്യം. പ്രശ്‌നസങ്കീര്‍ണമായ ഒരു വര്‍ഷത്തിന്റെ വിടപറയല്‍നേരത്ത് ഈ വാക്കുകള്‍ കുറിക്കുമ്പോഴും പുതുവര്‍ഷത്തിനൊപ്പം പ്രതീക്ഷാനിര്‍ഭരമായി ഉണര്‍ന്നെണീക്കുന്ന നിങ്ങളോരോരുത്തരുടെയും മുന്നില്‍ വായനയ്ക്കായി ഈ വരികള്‍ എത്തുമ്പോഴും കവി പാടിയപോലെ മനസ്സിന്റെ കോണിലെവിടെയോ ആശങ്ക നിലനില്‍ക്കുകയാണ്. പോയകാലങ്ങളെപ്പോലെ ഈ പുതുവത്സരവും സ്പര്‍ധയുടെതും അവിശ്വാസത്തിന്റെതും ചോരച്ചാലുകളുടെതും പകയുടെതുമൊക്കെയായിരിക്കുമോ.
വിടപറയുന്ന ഏതോ വര്‍ഷത്തിന്റെ പോക്കുവെയിലിനെ സാക്ഷിനിര്‍ത്തി ഒ.എന്‍.വി എഴുതിയതാണ് 'അശാന്തിപര്‍വം'. നേര്‍ച്ചക്കോഴിയുടെ ചുടുനിണംപോലെ മണ്ണിന്റെ (മനസിന്റെയും) ആര്‍ദത മുഴുവന്‍ വലിച്ചൂറ്റിക്കുടിച്ച് കാണാച്ചുരങ്ങള്‍ താണ്ടി കോമരം തുള്ളിയെത്തുന്ന കാറ്റിന്റെ ഊഷരസ്മൃതിയിലാണ് ആ കവിത പിറക്കുന്നത്. ഏറെക്കാലമായി നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നതും ഭീകരമായ രീതിയില്‍ പെരുകിക്കൊണ്ടിരിക്കുന്നതുമായ എല്ലാ തിന്മകളുടെയും പശ്ചാത്തലത്തില്‍ ഭീതിതമായ മനസ്സോടെ എഴുതിപ്പോയതാണ് ആ കവിത.
വിഹ്വലതകളും സംഭ്രമങ്ങളും വിഷാദങ്ങളും സംത്രാസങ്ങളും നിറഞ്ഞ, വിശ്വാസത്തകര്‍ച്ച സംഭവിച്ച, വംശാഹന്തകളും വംശവിച്ഛേദങ്ങളും വ്യാപകമായ ഒരു ലോകത്തില്‍ പരസ്പരം മനസ്സുതുറന്നു പുതുവത്സരാശംസ നേരാന്‍ പോലുമാകാത്ത മാനവസമൂഹത്തിന്റെ ഗതികേടിനെയാണ് കവി ഈ കവിതയില്‍ ഹൃദയസ്പര്‍ശിയായി ചിത്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടാണ്, 'എങ്കിലോ നമുക്കിനി പുതുവത്സരം നേര്‍ന്നു തങ്ങളില്‍ പിരിയുക, സഹജാതര്‍ തന്‍ മൊഴി സംഗീതമായിത്തോന്നും നാള്‍വരും പ്രാര്‍ഥിക്കുക' എന്ന് ആശിക്കുന്ന, ആഹ്വാനം ചെയ്യുന്ന കവി അടുത്തമാത്രയില്‍ 'മംഗവചസ്സെന്നാല്‍ തൊണ്ടയില്‍ കുരുങ്ങുന്നൂ..' എന്നു വിലപിച്ചുപോകുന്നത്.
ഈ കവിത പിറവിയെടുത്തിട്ടു കാലമേറെയായി. ഈ കവിതയെഴുതിയ കവി ഇന്നു നമ്മോടൊപ്പമില്ല. പക്ഷേ, കവിതയിലെ ആശങ്കകളും വിഹ്വലതകളും സംഭ്രമങ്ങളും സംത്രാസങ്ങളും പതിന്മടങ്ങു വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് , കാലമേറെക്കഴിഞ്ഞിട്ടും 'അശാന്തിപര്‍വം' നമ്മുടെയൊക്കെ മനസില്‍ നീറ്റലുണ്ടാക്കുന്ന ഓര്‍മക്കുറിപ്പായെത്തുന്നത്. അതുകൊണ്ടാണ്, പുതിയവര്‍ഷത്തിലേയ്ക്കു കാലൂന്നുന്ന ഘട്ടത്തില്‍ നാം പരസ്പരം കൈമാറുന്ന മംഗളവചസ്സുകള്‍ ഔപചാരികപ്രകടനം മാത്രമായിപ്പോകുന്നത്.
2016 നു വിടനല്‍കുകയും 2017 നെ വരവേല്‍ക്കുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങള്‍ എന്തൊക്കെയാണ്. തീര്‍ച്ചയായും കഴിഞ്ഞകാലത്തെക്കുറിച്ച് ഒരു പോസ്റ്റ്‌മോര്‍ട്ടമില്ലാതെ പുതുവത്സരത്തെ ആശ്ലേഷിക്കുന്നതില്‍ അര്‍ഥമില്ല. ആ അര്‍ഥത്തില്‍ കഴിഞ്ഞവര്‍ഷം ലോകത്തു നടന്ന പ്രധാനസംഭവങ്ങളുടെ കണക്കെടുത്താല്‍ നമുക്ക് അഭിമാനിക്കാന്‍ എന്താണുള്ളത്. സിറിയയും അലെപ്പോയും റോഹിംഗ്യയും സന്തോഷമുള്ള വര്‍ത്തമാനങ്ങളുമായാണോ നമ്മുടെ മുന്നിലെത്തിയിട്ടുള്ളത്.
സ്വാതന്ത്ര്യലബ്ധിയുടെ കാലം മുതല്‍ നീറിയും ചിലപ്പോള്‍ ആളിക്കത്തിയും നിലനിന്ന കശ്മീര്‍ താഴ്‌വരയില്‍നിന്ന് ഇപ്പോള്‍ കേള്‍ക്കുന്നത് കൂടുതല്‍ പേടിപ്പെടുത്തുന്ന വാര്‍ത്തകളാണ്. പതിറ്റാണ്ടുകളായി വിഘടനവാദികള്‍ക്കും പട്ടാളത്തിനുമിടയില്‍ ദുരിതംപേറി ജീവിക്കുകയാണ് കശ്മീരിലെ നിരപരാധികള്‍. ഇത്തരമൊരു സാഹചര്യത്തില്‍ എങ്ങനെ ആശംസാവാചകങ്ങള്‍ തൊണ്ടയില്‍ കുരുങ്ങാതിരിക്കും.
ഒരു രാജ്യം അതിന്റെ പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കുന്നതില്‍ അസാധാരണമായൊന്നുമില്ല. എന്നാല്‍, അമേരിക്കന്‍ ഐക്യനാടുകളിലെ പുതിയ ഭരണാധികാരിയായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിനെ, ലോകത്ത് സമാധാനം പുലരണമെന്നാഗ്രഹിക്കുന്ന ഒരാളും പ്രകീര്‍ത്തിക്കുമെന്നു തോന്നുന്നില്ല. ലോകരാഷ്ട്രങ്ങള്‍ ഭയപ്പെടേണ്ട പ്രഖ്യാപനങ്ങളാണ് തെരഞ്ഞെടുപ്പു പ്രചാരണകാലത്തും തെരഞ്ഞെടുക്കപ്പെട്ടതിനുശേഷവും ട്രംപ് നടത്തിക്കൊണ്ടിരിക്കുന്നത്. വര്‍ണവെറിയനും അന്യമതങ്ങളെ അംഗീകരിക്കാത്തവനും മണ്ണിന്റെ മക്കള്‍വാദക്കാരനുമാണു താനെന്ന് ട്രംപ് അധികാരമേറ്റെടുക്കുന്നതിനു മുന്‍പുതന്നെ വാക്കുകളിലൂടെ തെളിയിച്ചുകഴിഞ്ഞു.
ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചതിന്റെ പേരില്‍ ദലിതന്‍ തീകൊളുത്തപ്പെടുകയും ചത്തപശുവിന്റെ തോല്‍ ഉരിഞ്ഞതിന്റെ പേരില്‍ അവനെ ചാട്ടവാറുകൊണ്ട് അടിച്ചു ജീവച്ഛവമാക്കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഇവിടെ ഈ ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണ്. വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച മാംസം പശുവിന്റേതാണോ എന്ന് ഉറപ്പിക്കുക പോലും ചെയ്യാതെ, സാമുദായികപകയുടെ പേരില്‍ നിരപരാധികളെ തല്ലിക്കൊല്ലുന്നതിനെക്കുറിച്ചു പറയുമ്പോള്‍ അതൊക്കെ പഴങ്കഥയല്ലേ എന്നു പുച്ഛിക്കപ്പെടുന്നു. പുതിയ നിറങ്ങളും വ്യാഖ്യാനങ്ങളും നല്‍കി ചരിത്രം മറ്റൊരു രീതിയില്‍ പുനഃസൃഷ്ടിക്കപ്പെടുന്നു. തിരുവായ്ക്ക് എതിര്‍വായുണ്ടാകാന്‍ പാടില്ലെന്നതു നിയമമാക്കപ്പെടുന്നു.
ഡല്‍ഹിയിലെ നിര്‍ഭയയുടെ ദാരുണമരണത്തിനുശേഷമെങ്കിലും അത്തരത്തിലൊന്ന് ആവര്‍ത്തിക്കപ്പെടില്ലെന്നു നാമൊക്കെ പ്രത്യാശിച്ചു. ആവര്‍ത്തിക്കപ്പെടരുതേയെന്നു പ്രാര്‍ഥിച്ചു. പക്ഷേ, സൗമ്യയുടെയും ജിഷയുടെയും മറ്റും ജീവിതാന്ത്യങ്ങള്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി നമുക്കു മുന്നില്‍ പല്ലിളിച്ചു നില്‍ക്കുന്നു. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍.
ഇത്തരമൊരു പശ്ചാത്തലത്തില്‍ എങ്ങനെയാണു 'സഹജാതരുടെ വാക്കുകള്‍ സംഗീതമായി തോന്നുന്ന കാലംവരുമെന്നു പ്രതീക്ഷിക്കാനാവുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങനെയാണ് തൊണ്ടയില്‍ കുരുങ്ങാതെ തുറന്ന മനസ്സോടെ മംഗളവചസ്സുകള്‍ കൈമാറാനാവുക. നമ്മള്‍ ഇനിയെന്നാണു മനുഷ്യരായിത്തീരുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."