HOME
DETAILS

കാണാതായ ജനുവരിക്കാറ്റ്

  
backup
January 01 2017 | 02:01 AM

%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%a4%e0%b4%be%e0%b4%af-%e0%b4%9c%e0%b4%a8%e0%b5%81%e0%b4%b5%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d

ഏറ്റവും പ്രിയപ്പെട്ട ഋതുവായിരുന്നു അത്. ആ കാറ്റുകാലം. കാറ്റിങ്ങനെ ഏതോ മലമടക്കുകള്‍ക്കുള്ളില്‍ നിന്നെന്നപോലെ കൂറ്റന്‍ ചിറകും വീശി ഒരുന്മാദിയായി വന്നിരുന്ന, വരും വഴിക്കെല്ലാം പച്ചയും മഞ്ഞയുമിലകളെ ഊതിപ്പറത്തിയിരുന്ന, മണ്‍തരികളെ ഉയര്‍ത്തിപ്പറത്തി സൂര്യവെളിച്ചത്തില്‍ പൊന്‍നിറമാക്കിയിരുന്ന, ഉടുപ്പിനുള്ളിലൊളിച്ചുകയറി ബലൂണ്‍പോലെ വീര്‍പ്പിച്ചിരുന്ന, മുടിയിഴകള്‍ക്കുള്ളിലൂടെ പാഞ്ഞുനടന്ന് ആകെ അലങ്കോലമാക്കിയിരുന്ന തെമ്മാടിക്കാറ്റ്.

കാറ്റിന്റെ ചുഴികളും കാണാം ചിലപ്പോള്‍. കരിയിലകളെ, മണ്‍പൊടിയെ വട്ടം കറക്കുന്ന ചെറിയ ചുഴലികള്‍. ജാലകങ്ങള്‍ ഓര്‍ക്കാപ്പുറത്തതു തുറന്നടയ്ക്കും. ചിലപ്പോളൊക്കെ പ്രേതകഥയിലെന്ന പോലെ ഞെട്ടിക്കും. കോലായയിലെ പഴയ വിന്‍ഡ് ചൈമില്‍ നീല മത്സ്യങ്ങളും ഇളം ചുവപ്പു ലോഹദണ്ഡുകളും പരസ്പരം ഊക്കോടെയുരുമ്മും. പൊട്ടിച്ചിരിക്കും. അത്രയാഹ്ലാദം കൊണ്ടെന്നപോലെ. എത്ര അടച്ചിട്ടാലും മുറ്റത്താകെ കരിയിലകള്‍ വീഴ്ത്തും കാറ്റ്. രാത്രി, ഉറക്കത്തിന്റെ നിഗൂഢ സ്ഥലികളിലേക്ക് ഏവരും ഊളിയിടുമ്പോള്‍ കരിയിലകള്‍ കാറ്റിനോട് പിറുപിറുത്തു തുടങ്ങും. കാറ്റൂത്തിനൊപ്പം പതിയെ നൃത്തം വയ്ക്കും. ആരുടെയോ പാദചലനങ്ങളെന്ന പോലെ ഭയപ്പെടുത്തും. ഡിസംബര്‍ നക്ഷത്രങ്ങളുടെ വെളിച്ചം കെട്ടുപോകാറാവുമ്പോഴേക്കും ജനുവരിയെത്താറാവുമ്പോഴേക്കും കാറ്റ് പിന്നെയുമൂക്കനാവും. ജനുവരിക്കാറ്റ്, ജനുവരിയുടെ തെളിച്ചം, ജനുവരിയുടെ ഗന്ധങ്ങള്‍. അത് പാലയുടേതാണ്. പൂത്തുലയുന്ന പാലമരങ്ങളുടെ മത്തു പിടിപ്പിക്കുന്ന ഗന്ധം.
തൃശൂരില്‍ ജോലിചെയ്യുന്ന കാലത്താണ് ഡിസംബറൊടുക്കത്തെ, ജനുവരിയാദ്യത്തെ ചൂഴ്ന്നു ചൂഴ്ന്നങ്ങനെ നില്‍പ്പുള്ള ആ ഗന്ധത്തിന്റെയുന്മാദം അത്രമേലറിഞ്ഞത്. എത്രമാത്രം പാലമരങ്ങളായിരുന്നു അവിടെയന്നേരം. പെരിന്തല്‍മണ്ണയില്‍ എന്റെ വീട്ടു പിന്നിലുണ്ട് ഒരൊറ്റപ്പാല. അതിന്റെ വിചിത്രരൂപികളായ കായ്കള്‍. ഉന്മാദഗന്ധിയായ പൂക്കള്‍. തണുപ്പില്‍ പാലപ്പൂമണമിടകലരുന്ന അങ്ങനെയങ്ങനെയുള്ള രാത്രികളിലൂടെയാണു പുതുവര്‍ഷത്തിന്റെ വെളിച്ചമെത്തുക. ആഘോഷങ്ങളും ഒച്ചപ്പാടുകളും ബഹളങ്ങളുമൊന്നുമില്ലാതെ ശാന്തമായി, ഒരു പ്രാര്‍ഥനയോടെ. ഓരോ ആണ്ടുമൊടുങ്ങുമ്പോള്‍ അറിഞ്ഞോ അറിയാതെയോ ഉള്ളിലൊരു മുറുകലുണ്ടാകാറുണ്ട്. നേര്‍ത്തൊരു അസ്വാസ്ഥ്യം, കുറേ സന്തോഷങ്ങള്‍, നിശബ്ദമായ നന്ദി പറച്ചിലുകള്‍, അറിയാത്ത ചില കണക്കെടുപ്പുകള്‍. ചെയ്തു പോയവ, ചെയ്യാനാവാതെ പോയവ, ശരികള്‍, തെറ്റുകള്‍, വാക്കുകള്‍, നന്മകള്‍, പിഴവുകള്‍, കൂട്ടിച്ചേര്‍ക്കപ്പെട്ട സൗഹൃദങ്ങള്‍, അറ്റുപോയ ബന്ധങ്ങള്‍, തിളക്കം കൂടുന്ന ഓര്‍മകള്‍, ചെറിയ നേട്ടങ്ങള്‍, നഷ്ടങ്ങള്‍, അലസമായിരുന്നു നഷ്ടമാക്കിയ നേരങ്ങള്‍, മുന്‍പില്‍ ഓരോ ദിവസവും പിറക്കുന്ന പുസ്തകങ്ങള്‍, വായിച്ചെത്തുവാനായ ഒരിത്തിരിത്താളുകള്‍, വായിക്കാനാവാതെ പോയ അനേകായിരം പറഞ്ഞുപോയതില്‍ കുമിയുന്ന പതിര്, അറിഞ്ഞതും അറിയാതെപോയതും ...
പുതുവര്‍ഷത്തലേന്നിപ്പോള്‍ വലിയ ബഹളങ്ങളായിരിക്കുന്നു. പാര്‍ട്ടികളും ആഘോഷങ്ങളും. ചുവരിലെ എത്രയോ പുതുവത്സരങ്ങള്‍ മുട്ടിയറിയിച്ച പഴയ ബിംബാം ക്ലോക്ക്. പുതുവര്‍ഷം പിറന്നുവെന്നു പന്ത്രണ്ടു മണിയൊച്ചകളാകുമ്പോള്‍ പുറത്തു  ബിവറേജസിന്റെയും സ്വകാര്യ മദ്യ ഷോപ്പിന്റെയും അരികെ കേള്‍ക്കാം ബഹളങ്ങള്‍. ചിലപ്പോഴൊക്കെ റോഡില്‍ മദ്യക്കുപ്പികളുടയുന്നതിന്റെ ശബ്ദം, ഒരാഭാസവാക്കിന്റെ തെറിക്കല്‍. ചീറിപ്പായുന്ന, സൈലന്‍സറുകള്‍ ഭേദിക്കപ്പെട്ട ബൈക്കുകളുടെ അലര്‍ച്ചകള്‍, അതിവേഗങ്ങള്‍.


അതെല്ലാം പുതിയതാകുന്നു. അതിനിടക്കെപ്പോഴോ വരാതായ ഒരഥിതിയുണ്ട്. ആ ജനുവരിക്കാറ്റ്. നഗരം കോണ്‍ക്രീറ്റു കോട്ടകള്‍കൊണ്ട് നിറഞ്ഞപ്പോള്‍ തന്റെ കൂറ്റന്‍ ചിറകുകള്‍ ഊക്കോടെ നിവര്‍ത്താനാവാതെ, ഉന്മാദത്തോടുയരാനാവാതെ, ഇലക്കൂട്ടങ്ങളെ ചിതറിക്കവയ്യാതെ നിസ്സഹായയായിപ്പോയതാവണം ആ ഊക്കന്‍കാറ്റ്. എന്നിട്ടും തനിക്കു പകരാന്‍ പൂമണം കൊണ്ട് എവിടെയൊക്കെയോ പാലമരങ്ങളിപ്പോഴും കാത്തുനില്‍പ്പുണ്ടെന്നറിയാനാവണം അത്ര പതിയെയെങ്കിലും അതു വീശുന്നത്. മറയ്ക്കാനാവാത്ത ഓര്‍മകള്‍ പോലെ, ആ ഓര്‍മകളുടെ ഓര്‍മപ്പെടുത്തല്‍ പോലെ. പുതുവര്‍ഷത്തിന്റെ ഗന്ധമിതാണെന്നു പേര്‍ത്തും പേര്‍ത്തും പറഞ്ഞു കൊണ്ട്.   



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago