മ്യാന്‍മറിലെ രുധിരഗീതം
പൂവിതളുകള്‍ പോലെ
കിടക്കുന്നനവധി കൂമ്പ് കരിഞ്ഞ
കിനാവുകളുടലില്‍
ചോരപുരണ്ട് കിടക്കുന്നൊരുപിടി
ചീന്തിയെറിഞ്ഞ കിനാപൊതികള്‍
വറ്റിയ കിണറുകള്‍ പോലാ കണ്ണുകള്‍
കത്തിയെരിഞ്ഞു മണക്കും ജീവനുകള്‍
പൊട്ടിയുടഞ്ഞുകിടക്കും പപ്പടമല്ലതു
മനുഷ്യശരീരങ്ങള്‍
ഉരുട്ടിയ വിദ്വേഷത്തിന്നുരുളകള്‍
തൊണ്ടയിലാഞ്ഞു പതിക്കുന്നു
ചീറ്റിയ ചോരപ്പകയുടെ പുളിക്കല്‍
മോരതുപോലെ കുടിക്കുന്നു
വെട്ടിയ മാറുകള്‍
കുറു നരികള്‍ക്കിടയില്‍ കൊപ്പര
പോലെ കിടക്കുന്നു
ഒട്ടിയ വയറിലിഴഞ്ഞൊരു സര്‍പ്പം
നൊട്ടിനുണഞ്ഞു ചിരിക്കുന്നു
അ യില്ലവിടൊരു അക്ഷരമില്ല
ര യില്ലവിടൊരു രക്ഷകരും
ത യില്ലവിടെ തണിയില്ലവിടെ
അരുതരുതെന്നൊരു വാക്കില്ല
വാക്കുമറന്നാ നാട്ടില്‍ കേള്‍ക്കും
തോക്കിന്‍ കുഴലിന്‍ സംഗീതം
കണ്ട് ചിരിക്കൂ കേട്ടു രസിക്കൂ
വിശ്വവിലാപത്തിന്‍ ഗീതം
ഈച്ചകളാര്‍ത്തു കിടക്കുന്നിടമൊരു
പൂച്ചകള്‍പോലും കരയില്ലാ
കൊത്തിവലിക്കാന്‍ വന്നൊരു
കഴുകന്‍ നാണം കൊണ്ടതു ചെയ്യില്ലാ
ചിറക് തിരഞ്ഞൊരു പിഞ്ചു കിനാവ്
ചിതയില്‍നിന്നു പറക്കാന്‍ അതുവഴി
കുടലു കരിഞ്ഞൊരു കാട്ടാളന്റെ
അമ്പുതറഞ്ഞു മരിക്കാന്‍
ഒന്നു പിടഞ്ഞാലെന്താ
കൊന്നതു തിന്നും കാട്ടാളന്‍
നന്മ നിറഞ്ഞവന്‍, നന്മ നിറഞ്ഞവനല്ലോ
കാട്ടാളന്‍...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."