പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിന് ഇന്നു തുടക്കം
ഹൈദരാബാദ്: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിന്റെ രണ്ടാം എഡിഷന്‍ പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം. ഇന്നു മുതല്‍ 14 വരെയാണ് മത്സരങ്ങള്‍. ആറു ടീമുകളാണ് രണ്ടാം അധ്യായത്തില്‍ പോരിനിറങ്ങുന്നത്. അവധ് വാരിയേഴ്‌സ്, ബംഗളൂരു ബ്ലാസ്റ്റേഴ്, ചെന്നൈ സ്മാഷേഴ്‌സ്, ഡല്‍ഹി എയ്‌സേഴ്‌സ്, ഹൈദരാബാദ് ഹണ്ടേഴ്‌സ്, മുംബൈ റോകറ്റ്‌സ് എന്നിവയാണ് ടീമുകള്‍. ഇന്നു നടക്കുന്ന ആദ്യ പോരാട്ടത്തില്‍ ഹൈദരാബാദ് ഹണ്ടേഴ്‌സും ചെന്നൈ സ്മാഷേഴ്‌സും തമ്മിലാണ്. റിയോ ഒളിംപിക്‌സിലെ വനിതാ സിംഗിള്‍സ് പോരാട്ടത്തിന്റെ ആവര്‍ത്തനമായി ഇന്നത്തെ ഉദ്ഘാടന മത്സരം മാറും. ഹൈദരാബാദ് ഹണ്ടേഴ്‌സിനായി സ്പാനിഷ് താരം കരോലിന മരിനും ചെന്നൈ സ്മാഷേഴ്‌സിനായി പി.വി സിന്ധുവും ഒരിക്കല്‍ കൂടി നേര്‍ക്കുനേര്‍ വരും. ഇന്നത്തെ രണ്ടാം പോരാട്ടത്തില്‍ ബംഗളൂരു ബ്ലാസ്റ്റേഴ്‌സ്- ഡല്‍ഹി എയ്‌സേഴ്‌സുമായി ഏറ്റുമുട്ടും. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയാണ് എയ്‌സേഴ്‌സ്.
റൗണ്ട് റോബിന്‍ പോരാട്ടമാണ് ലീഗില്‍ അരങ്ങേറുക. ഒരു മത്സരത്തില്‍ വിജയിക്കുമ്പോള്‍ ടീമുകള്‍ക്ക് 11 പോയിന്റുകളാണ് ലഭിക്കുന്നത്. അവസാന സ്ഥാനത്തെത്തുന്ന രണ്ടു ടീമുകള്‍ പുറത്താകും. പോയിന്റില്‍ മുന്നിലുള്ള നാലു ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും.
അവധ് വാരിയേഴ്‌സ് സൈന നേഹ്‌വാളിനെ നിലനിര്‍ത്തിയാണ് രണ്ടാം അധ്യായത്തിലും ഇറങ്ങുന്നത്. ടീമിലെ മറ്റൊരാകര്‍ഷണം ഇന്ത്യന്‍ താരം തന്നെയായ കിഡംബി ശ്രീകാന്താണ്. പുരുഷ ഡബിള്‍സില്‍ നിലവിലെ ഒന്നാം റാങ്കുകാരന്‍ മലേഷ്യയുടെ ഗോഹ് ഷെമും ടീമിലുണ്ട്.
ബംഗളൂരു ടോപ്ഗണ്‍സ് എന്ന പേരില്‍ ആദ്യ എഡിഷനില്‍ കളിച്ച ടീമാണ് നിലവിലെ ബംഗളൂരു ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറടക്കമുള്ളവരാണു ടീമിന്റെ പുതിയ ഉടമകള്‍. ലോക നാലാം നമ്പര്‍ താരം ഡെന്‍മാര്‍കിന്റെ വിക്ടര്‍ അക്‌സല്‍സെനാണ് ടീമിന്റെ ശക്തി. ഇന്ത്യന്‍ താരം സൗരഭ് വര്‍മ, അശ്വിനി പൊന്നപ്പ എന്നിവരും ടീമിലുണ്ട്. ഡബിള്‍സ് റാങ്കിങില്‍ ഒന്നാമതുള്ള കൊറിയയുടെ കോ സങ് ഹ്യുന്‍ ടീമിലെ നിര്‍ണായക സാന്നിധ്യമാണ്.
ഇന്ത്യന്‍ താരങ്ങളായ പി.വി സിന്ധു, പി കശ്യപ് എന്നിവരുടെ കരുത്തിലാണ് ചെന്നൈ സ്മാഷേഴ്‌സ് മത്സരിക്കാനെത്തുന്നത്. തായ്‌ലന്‍ഡ് താരം സീന്‍സോംബൂനസ്‌കും ടീമിനു കരുത്തായുണ്ട്. മിക്‌സ്ഡ് ഡബിള്‍സില്‍ ക്രിസ്, ഗബ്രിയല്ലെ അഡ്‌ക്കോക് താരങ്ങളുടെ സാന്നിധ്യവും ടീമിനു സാധ്യതകള്‍ നല്‍കുന്നു.
നിലവിലെ ചാംപ്യന്‍മാരായ ഡല്‍ഹി ഇത്തവണയും കരുത്തോടെയാണു എത്തുന്നത്. ലോക മൂന്നാം നമ്പര്‍ ഡെന്‍മാര്‍കിന്റെ യാന്‍ ഒ യോര്‍ഗന്‍സെനാണ് ടീമിലെ പ്രധാന താരം. പരിചയ സമ്പന്നയായ ഇന്ത്യന്‍ താരം ജ്വാല ഗുട്ടയും ടീമിന്റെ കരുത്താണ്. ഡബിള്‍സില്‍ റഷ്യന്‍ സഖ്യമായ ഇവാന്‍ സോസോനോവ്, വ്‌ളാദിമിര്‍ ഇവനോവ് എന്നിവരുടെ സാന്നിധ്യവുമുണ്ട്.
ലോക രണ്ടാം നമ്പറും ഒളിംപിക് സ്വര്‍ണ മെഡല്‍ ജേത്രിയുമായ സ്‌പെയിനിന്റെ കരോലിന മരിനെ ടീമിലെത്തിച്ചാണ് ഹൈദാരാബാദിന്റെ വരവ്. ഇന്ത്യന്‍ താരങ്ങളായ സായ് പ്രണീത്, സമീര്‍ വര്‍മ, ഇംഗ്ലണ്ട് താരം രാജീവ് ഔസേഫ് എന്നിവരും ടീമിലുണ്ട്. ഡബിള്‍സില്‍ ഹോങ്കോങ് വനിതാ താരം ചു ഹോയ് വ ഹൈദരാബാദിനു പ്രതീക്ഷ നല്‍കുന്ന താരമാണ്.
ഇന്ത്യന്‍ കരുത്തില്‍ കൂടുതല്‍ വിശ്വസമര്‍പ്പിച്ചാണ് മുംബൈ ഇറങ്ങുന്നത്. അജയ് ജയറാം, എച്.എസ് പ്രാണോയ് എന്നിവരാണ് പ്രധാന താരങ്ങള്‍. വനിതാ സിംഗിള്‍സില്‍ കൊറിയയുടെ ലോക അഞ്ചാം നമ്പര്‍ താരം സങ് ജി ഹ്യുനാണ് നിര്‍ണായക സാന്നിധ്യം. ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ ലീ യോങ് ഡെയുടെ സാന്നിധ്യവും അവര്‍ക്ക് കരുത്തു പകരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."