മലേഗാവ് സ്‌ഫോടനം: 'പിടികിട്ടാപുള്ളികള്‍' എട്ടു വര്‍ഷങ്ങള്‍ക്കുമുന്‍പ് കൊല്ലപ്പെട്ടവരെന്ന് മുന്‍ എ.ടി.എസ് ഉദ്യോഗസ്ഥന്‍
മുംബൈ: 2008ലെ മലേഗാവ് സ്‌ഫോടന കേസില്‍ ഒളിവില്‍ കഴിയുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്ന രണ്ട് മുഖ്യപ്രതികള്‍ നേരത്തെ തന്നെ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മുന്‍ ആന്റി ടെററിസം സ്‌ക്വാഡ്(എ.ടി.എസ്) ഉദ്യോഗസ്ഥന്‍. സ്‌ക്വാഡില്‍നിന്നു പുറത്താക്കപ്പെട്ട മെഹ്ബൂബ് മുജാവര്‍ 'ടൈംസ് നൗ' ചാനലിനോടാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.
കേസില്‍ പിടികിട്ടാപുള്ളികളായി പൊലിസ് പ്രഖ്യാപിച്ച രാമചന്ദ്ര കല്‍സംഗ്രേയെയും സന്ദീപ് ഡാംഗെയെയും 2008 നവംബര്‍ 26ന് തന്നെ എ.ടി.എസ് കൊലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സോളാപൂരിലെ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്‍പാകെ 2016 ഓഗസ്റ്റ് 19നു താന്‍ തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും മുജാവര്‍ പറഞ്ഞു. ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
2008 സെപ്റ്റംബര്‍ 29നാണ് കേസിനാസ്പദമായ മലേഗാവ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 101 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിനു പിറകെ സാധ്വി പ്രഗ്യാ സിങ് താക്കൂര്‍, ലഫ്റ്റനന്റ് കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത് അടക്കമുള്ള നിരവധി പേരെ എ.ടി.എസ് അറസ്റ്റ് ചെയ്തിരുന്നു. 14 പേര്‍ക്കെതിരേയാണു സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രഗ്യാ സിങ് താക്കൂറിനെയും കേണല്‍ പുരോഹിതിനെയും അറസ്റ്റ് ചെയ്തതും കല്‍സംഗ്രേയെയും സന്ദീപ് ഡാംഗെയെയും ഭോപാലില്‍വച്ച് പിടികൂടിയതും ഒരേ സമയത്തായിരുന്നു. തുടര്‍ന്ന് മുംബൈയില്‍ വച്ച് കല്‍സംഗ്രേയെയും ഡാംഗെയെയും കൊലപ്പെടുത്തുകയായിരുന്നു.
എന്നാല്‍, ഇരുവരുടെയും കൊലപാതകത്തെ കുറിച്ചുള്ള വാര്‍ത്ത ഉന്നത റാങ്കിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനടക്കമുള്ള മഹാരാഷ്ട്രാ പൊലിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മറച്ചുവക്കുകയായിരുന്നുവെന്ന് മുജാവര്‍ ആരോപിച്ചു. ഇരുവരെയും കണ്ടെത്താനായി തന്നെ കര്‍ണാടകയിലേക്ക് അയച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് മുജാവറിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കവെ ഒരു മുതിര്‍ന്ന എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ പൊതുജന മധ്യത്തില്‍ അവതരിപ്പിക്കുന്നതിനു മുന്‍പ് മുജാവര്‍ എന്‍.ഐ.എയെ സമീപിക്കേണ്ടിയിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മെഹ്ബൂബ് മുജാവര്‍ എ.ടി.എസില്‍നിന്നു പുറത്തായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."