വിതരണം ചെയ്തത് ഗുണനിലവാരമില്ലാത്ത ഗ്രോബാഗും പച്ചക്കറിത്തൈകളുമെന്ന് പരാതി
മേപ്പയൂര്‍: സംസ്ഥാന കൃഷിവകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതിയില്‍ വിതരണം ചെയ്തത് ഗുണനിലവാരമില്ലാത്ത ഗ്രോബാഗും പച്ചക്കറിതൈകളുമെന്ന് പരാതി. വെജിറ്റബ്ള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് കേരള (വി.എഫ്.പി.സി.കെ) താമരശ്ശേരി കേന്ദ്രത്തില്‍ നിന്നും വിതരണത്തിന് എത്തിച്ച ബാഗിനേയും തൈകളേയും കുറിച്ചാണ് കര്‍ഷകര്‍ പരാതി പറയുന്നത്. 2016-17 വര്‍ഷത്തെ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് 25 ഗ്രോബാഗും ഇതിലേക്കുള്ള തൈകളുമാണ് ലഭിക്കുക.
ഗുണഭോക്തൃ വിഹിതമായ 500 രൂപ ആറുമാസം മുന്‍പ് തന്നെ പദ്ധതി പ്രകാരം തെരെഞ്ഞെടുക്കപ്പെട്ടവര്‍ കൃഷിഭവനില്‍ അടച്ചിരുന്നു. കൂടാതെ 1500 രൂപ വീതം സര്‍ക്കാറും അനുവദിക്കും. ഇങ്ങനെ 80 രുപ വീതമാണ് ഒരു ഗ്രോ ബാഗ് വിതരണത്തിന് വി.എഫ്.പി.സി.കെ വാങ്ങുന്നത്.
എന്നാല്‍ 30 രൂപ പോലും ചെലവ് വരാത്ത ബാഗും ചെടിയും നല്‍കി സര്‍ക്കാരിനേയും ഗുണഭോക്താക്കളെയും ഒരേ സമയം കബളിപ്പിച്ചു എന്നാണ് കര്‍ഷകര്‍ പറയുന്നത്. അരിച്ചെടുത്ത മണ്ണ്, എല്ലുപൊടി, മണല്‍ അല്ലെങ്കില്‍ ചകിരിചോറ്, സൂഡോമോണസ് അല്ലെങ്കില്‍ പിണ്ണാക്ക് എന്നിവ നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത് തയാറാക്കിയ മിശ്രിതമാണ് ഗ്രോ ബാഗില്‍ നിറയ്ക്കുക. എന്നാല്‍ ചരലും ഉരുളന്‍ കല്ലും നിറഞ്ഞ മണ്ണ് നിറച്ച് മുകള്‍ ഭാഗത്ത് അല്‍പം എല്ലുപൊടി വിതറിയ ഗ്രോ ബാഗാണ് വിതരണം ചെയ്തിരിക്കുന്നത്.
പച്ചക്കറി തൈ നട്ട് പിടിപ്പിച്ച ബാഗ് വിതരണം ചെയ്യുന്നതിന് പകരം പയര്‍, മുളക്, വഴുതന, തക്കാളി എന്നീ തൈകള്‍ വേറെ നല്‍കുകയാണ് ചെയ്തിരിക്കുന്നത്.
ഈ തൈകളാവട്ടെ നടീല്‍ പ്രായം കഴിഞ്ഞവയും ഗുണനിലവാരം ഇല്ലാത്തവയുമാണ്. മാത്രമല്ല ബാഗിന്റെ എണ്ണമനുസരിച്ച് തൈകള്‍ നല്‍കിയതുമില്ല. പരാതിയുമായി എത്തുന്നവര്‍ക്ക് മുന്നില്‍ കൃഷിഭവന്‍ അധികൃതര്‍ക്കും മറുപടി പറയാനാകുന്നില്ല.
കൃഷി ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അടിയന്തിര നടപടി ഉണ്ടാവുന്നില്ലെങ്കില്‍ നിയമ നടപടികള്‍ക്ക് തയാറാവുമെന്നും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സി.എം ബാബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."