തിരൂരങ്ങാടിയില്‍ കാര്‍ പാലത്തില്‍ നിന്ന് മറിഞ്ഞ് നവവധു ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു
തിരൂരങ്ങാടി: വിവാഹത്തിന് പുറപ്പെട്ട കുടുംബത്തിന്റെ കാർ റോഡിൽ നിന്നും പത്തടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് ബന്ധുക്കളായ മൂന്നു പേർ മരിച്ചു.
മൂന്നിയൂർ കളിയാട്ടമുക്ക് കാരിയാട് കടവ് പാലത്തിനു സമീപം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. പരപ്പനങ്ങാടി ചിറമംഗലം തിരിച്ചിലങ്ങാടി കോണിയത്ത് സമീറിന്റെ ഭാര്യ ഹുസ്ന (19), സമീറിന്റെ സഹോദരി ഷംന (16), പിതൃസഹോദരപുത്രൻ കോണിയത്ത് അബദുറഷീദിന്റെ മകൾ ഫാത്തിമ ശിഫാന(ഏഴ്) എന്നിവരാണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന സമീർ (25), റഷീദിന്റ ഭാര്യ ഹബീബ (35), സമീറിന്റെ സഹോദരങ്ങളായ ഹബീബ് (12), സൽമാൻ (ഒൻപത് ) എന്നിവരെ സാരമായ പരുക്കുകളോടെ കോഴിക്കോട് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കളിയാട്ട മുക്കിലെ ബന്ധുവീട്ടിലെ വിവാഹത്തിന് മാരുതി ഓൾട്ടോ കാറിൽ പുറപ്പെട്ടതായിരുന്നു സംഘം.
കാരിയാട് കടവ് പാലം കഴിഞ്ഞയുടനെ റോഡിൽ നിന്നും നിയന്ത്രണം വിട്ട് സുരക്ഷാ ശില തകർത്ത കാർ റോഡരികിലെ വീടിന്റെ താഴ്ചയിലെ കാർഷെഡിലേക്ക് മറിയുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
വീടിനും കേടുപാടുകൾ സംഭവിച്ചു.കഴിഞ്ഞ ഡിസംബർ 10 നാണ് മൂന്നിയൂർ ചുഴലി കുന്നുമ്മൽ കുട്ടിഹസ്സന്റെ മകളായ ഹുസ്നയുടെ വിവാഹം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."