ശമ്പളക്കാര്‍ പെരുവഴിയില്‍
തിരുവനന്തപുരം: 'ശമ്പളം കിട്ടിയിട്ട് വേണം പലചരക്കുകടയില്‍ പറ്റുതീര്‍ക്കാന്‍, പാലിനു പണം നല്‍കാന്‍, ലോണടയ്ക്കാന്‍. എന്നാല്‍ ശമ്പളം എപ്പോള്‍ കിട്ടുമെന്നുറപ്പില്ല. അക്കൗണ്ടിലുള്ള പണം പിന്‍വലിക്കാന്‍ നിര്‍വാഹമില്ല'... സംസ്ഥാനത്തെ ഒരുശരാശരി മാസവരുമാനക്കാരന്റെ ആശങ്കയാണിത്. 50 ദിവസത്തിനകം പ്രതിസന്ധി പരിഹരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കും വെറുതെയായതോടെ കടുത്ത ആശങ്കയിലാണ് സംസ്ഥാനം.
നോട്ടുനിരോധിച്ചിട്ട് 53 ദിവസം പിന്നിട്ടിട്ടും കറന്‍സി കുരുക്കിലാണ് കേരളം. പ്രതിസന്ധി എപ്പോള്‍ അവസാനിക്കുമെന്നോ എന്താണ് പരിഹാരമെന്നോ കേന്ദ്രം പറയുന്നില്ല. പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് പ്രതീക്ഷയോടെ കാത്തിരുന്നവര്‍ കടുത്ത നിരാശയിലാണ്. ദൈനംദിനം ആവശ്യങ്ങള്‍ പോലും നടപ്പിലാക്കാനാവാതെ ദുരിതത്തിലാണ് ജനം.
നോട്ടു പിന്‍വലിക്കലിനു ശേഷമുള്ള രണ്ടാമത്തെ ശമ്പളദിനമാണ് ഇന്ന്. കറന്‍സി ക്ഷാമം കാരണം നവംബറിലെ ശമ്പളം പോലും പൂര്‍ണമായും പലര്‍ക്കും ലഭിച്ചിട്ടില്ല. ലോണുകള്‍ ഉള്‍പ്പെടെ നവംബറിലെ പതിവ് അടവുകളെല്ലാം അവതാളത്തിലായി. ആഴ്ചയില്‍ 24,000 രൂപ മാത്രമെന്ന പരിധി നിശ്ചയിച്ചതും ബാങ്കുകളിലെ കറന്‍സി ക്ഷാമവും കാരണം ശമ്പളമെടുക്കാനാവാതെ വിഷമിക്കുകയാണ് ഭൂരിഭാഗം പേരും.
അക്കൗണ്ടില്‍ പണമുണ്ടായിട്ടും കൈയില്‍ കിട്ടാത്ത സ്ഥിതിയാണ് ജീവനക്കാര്‍ക്ക്. ശമ്പളത്തെ ആശ്രയിച്ച് കഴിയുന്നവരാണ് മിക്കവാറും ജീവനക്കാര്‍. മാസാദ്യം തന്നെ ശമ്പളം ലഭിച്ചില്ലെങ്കില്‍ ദൈനംദിന ആവശ്യങ്ങളൊക്കെ താളം തെറ്റും. സമയത്ത് പണം ലഭിക്കാത്തതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കടംവാങ്ങിയും ഒപ്പിച്ചുമാണ് കഴിഞ്ഞ മാസം തള്ളിനീക്കിയതെന്ന് അധ്യാപകനായ ശ്രീകുമാര്‍ പറയുന്നു. മൂന്ന് തവണയായാണ് നവംബറിലെ ശമ്പളം ലഭിച്ചത്. കഴിഞ്ഞ മാസത്തെക്കാളും കറന്‍സി ക്ഷാമമുള്ളതിനാല്‍ ഡിസംബറിലെ ശമ്പളം എപ്പോള്‍ ലഭിക്കുമെന്നു പോലും ഉറപ്പില്ല. പണമില്ലാതെ ദൈനംദിന കാര്യങ്ങള്‍ എങ്ങനെ നടപ്പിലാക്കാനാണെന്നാണ് ഇദ്ദേഹം ചോദിക്കുന്നത്.
നോട്ടുപ്രതിസന്ധി പരിഹരിക്കാത്ത കേന്ദ്രനിലാപാടിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ശമ്പളം വൈകുന്നതിനെതിരേ വിവിധ സര്‍വിസ് സംഘടനകള്‍ പ്രക്ഷോഭപരിപാടികളിലേക്ക് നീങ്ങാന്‍ ആലോചിക്കുന്നുണ്ട്. ഡിസംബറിലെ ശമ്പളം നാളെയെങ്കിലും ലഭിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് വിവിധ സര്‍വിസ് സംഘടനകളുടെ തീരുമാനം.
ട്രഷറികള്‍ ആവശ്യപ്പെട്ട പണം ബാങ്കുകള്‍ നല്‍കാത്തതാണ് ശമ്പളം സമയത്ത് ലഭിക്കാതിരിക്കാനുള്ള കാരണം. സംസ്ഥാനത്ത് ഈ മാസത്തെ ശമ്പളവിതരണത്തിന് 1400 കോടിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ 600 കോടി മാത്രമേ നല്‍കാന്‍ സാധിക്കൂ എന്നാണ് ബാങ്കുകള്‍ പറയുന്നത്. കറന്‍സി നിരോധിച്ചിട്ട് രണ്ടുമാസം പൂര്‍ത്തിയാകുമ്പോഴും പ്രതിസന്ധിക്ക് മാറ്റം വരാത്തതാണ് കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങാന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്നത്.
അതേ, സമയം ശമ്പളവിതരണ ദിനങ്ങളില്‍ എ.ടി.എമ്മുകളില്‍ പണമില്ലാത്തത് പ്രതിസന്ധി കൂട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."