ഗുളികപ്പുഴ ശുദ്ധജല പദ്ധതി പമ്പ് ഹൗസില്‍ ഉപ്പുവെള്ളം കയറി; കുറ്റ്യാടി ഡാം തുറന്നു
പേരാമ്പ്ര: വടകര മേഖലയിലെ ശുദ്ധജല വിതരണത്തിന്റെ പ്രധാന ഭാഗമായ ഗുളികപ്പുഴ പമ്പ് ഹൗസില്‍ ഉപ്പുവെള്ളം കയറി. പ്രശ്‌നം പരിഹരിക്കാനായി പെരുവണ്ണാമുഴിയിലെ കുറ്റ്യാടി ഡാം ഭാഗികമായി തുറന്നു. ഡാമിന്റെ നാലു മേല്‍ ഷട്ടറുകളിലൊന്നില്‍ കൂടിയും ഇന്നര്‍ ഷട്ടര്‍ വഴിയും കുറ്റ്യാടി പുഴയിലേക്കു വെള്ളം ഒഴുക്കുകയാണ്.
ഇപ്പോള്‍ വടകരയില്‍ ലഭിക്കുന്നത് ഉപ്പുവെള്ളമാണ്. പ്രശ്‌നവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വടകരയില്‍ വാട്ടര്‍ അതോറിറ്റി ഓഫിസ് ഉപരോധിച്ചിരുന്നു. മേഖലയിലെ എം.എല്‍.എ. ഉള്‍പ്പടെയുള്ള ജനപ്രതിനിധികളുടെ അടിയന്തര ഇടപെടലിലൂടെയാണ് ജലസംഭരണത്തിനായി അടച്ചിരുന്ന കുറ്റ്യാടി ജലസേചന പദ്ധതി ഡാം വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ തുറന്നത്.
വെള്ളം വടകരയിലെത്തി ഗുളികപ്പുഴ ശുദ്ധീകരിക്കപ്പെടാന്‍ അഞ്ചു ദിവസമെടുക്കുമെന്നാണ് സൂചന. കുറ്റ്യാടി പുഴയില്‍ വീണ്ടും നീരൊഴുക്ക് കൂടിയത് വൃഷ്ടിപ്രദേശങ്ങളിലെ കിണറുകള്‍ ഉള്‍പ്പടെയുള്ള ജല സ്രോതസുകളും സജീവമാക്കാന്‍ ഇടയാക്കും.
ജനുവരി നാലിനു വടകര, കൊയിലാണ്ടി കനാലുകളിലേക്കു വെള്ളം തുറന്നുവിടാനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് ആഴ്ചകള്‍ക്കു മുന്‍പ് പെരുവണ്ണാമുഴി ഡാമില്‍ ജലസംഭരണം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."