നാട്ടുനന്മയുടെ പൈതൃകം ഓര്‍മപ്പെടുത്തുന്ന 'തെക്കേപ്പുറം' പ്രകാശനം ചെയ്തു
കോഴിക്കോട്: നാട്ടുനന്മയുടെയും സാഹോദര്യത്തിന്റെയും പൈതൃകം ഓര്‍മപ്പെടുത്തുന്ന 'തെക്കേപ്പുറം' ഡോക്യുമെന്ററി പ്രകാശനം ചെയ്തു. കോഴിക്കോട് മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ചരിത്രകാരന്‍ ഡോ. കെ.കെ.എന്‍ കുറുപ്പിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. സാംസ്‌കാരിക സവിശേഷതകളാല്‍ സമ്പന്നമായ കുറ്റിച്ചിറയെ അടിസ്ഥാനമാക്കിയാണ് ഡോക്യുമെന്ററി നിര്‍മിച്ചിരിക്കുന്നത്. മാപ്പിള ജീവിതത്തോടൊപ്പം സ്‌നേഹത്തിന്റെ പള്ളി മിനാരങ്ങളും ക്രൈസ്തവ ദേവാലയവും ജൈന, ഗുജറാത്തി ദേവാലയവും ദൃശ്യാവിഷ്‌കാരത്തെ സമ്പന്നമാക്കുന്നു. മാനവികതയുടെ സംഗമഭൂമിയായ തെക്കേപ്പുറം ഇബ്‌നു ബത്തൂത്തയും ഫാഹിയാനും ഹുയാന്‍സാങ്ങും അടയാളപ്പെടുത്തിയ ചരിത്രവും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്.
പറഞ്ഞാല്‍ തീരാത്ത കഥകളാണ് ഡോക്യുമെന്ററി പങ്കുവയ്ക്കുന്നത്. തങ്ങള്‍ കുടുംബത്തിലെ കോയമാര്‍, സാമൂതിരി, കോഴിക്കോട്ടെ ഖാസി പരമ്പര, ബറാമി പരമ്പര, പ്രസിദ്ധമായ മിശ്കാല്‍ പള്ളി, ശൈഖ് പള്ളി, ശാദുലി പള്ളി, കണ്ണംപറമ്പ് തുടങ്ങിയ പൈതൃകങ്ങളും ഡോക്യുമെന്ററിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മൈലാഞ്ചി മൊഞ്ച് നിറഞ്ഞ പൗരാണികമായ മാപ്പിള തറവാട് മുറ്റത്ത് നിന്നാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്. അലി ഹസന്‍ മരക്കാരകം, സീതി മരക്കാരകം, കറുത്തേടകം, കുഞ്ഞമ്മാരം, സ്രാങ്കിന്റകം, പന്തക്കലകം, ബറാമി വലിയകം, മുല്ലാന്റകം, ഖാദിയാരകം, ഇരുമാനം വീട്, ഇടിയാനം വീട്, പൊന്മാച്ചിന്റകം, ബംഗാളി വീട്, സൂപ്പിക്കാ വീട്, മൊയ്തീന്‍ വീട്, വാണിശ്ശേരി തുടങ്ങിയ തറവാട് മുറ്റവും എസ്.കെ പൊറ്റെക്കാട്ടിന്റെ ദേശത്തിന്റെ കഥയിലെ തോട്ടൂളിപ്പാടം, എന്‍.പി മുഹമ്മദിന്റെ എണ്ണപ്പാടം, പി.എ മുഹമ്മദ് കോയയുടെ സുല്‍ത്താന്‍ വീട് എന്നിവയിലൂടെയും ഡോക്യുമെന്ററി സഞ്ചരിക്കുന്നുണ്ട്. മലബാരി മാപ്പിളമാരും യമന്‍ പാരമ്പര്യത്തില്‍ ജീവിക്കുന്ന ബോറ മുസ്‌ലിം വിഭാഗവും കച്ച് മേമന്മാരും ഗുജറാത്തികളും ജൈന മതക്കാരും ഒരുമിച്ച് താമസിക്കുന്ന സ്‌നേഹ തീരമാണിതെന്ന് പുതുതലമുറക്ക് പരിചയപ്പെടുത്തിയാണ് സുനോ വര്‍ഗീസാണ് സംവിധാനം നിര്‍വഹിക്കുന്ന തെക്കെപ്പുറം ദൃശ്യാവിഷ്‌കാരം അവസാനിക്കുന്നത്.
മന്ത്രി എ.കെ ശശീന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോക്യുമെന്ററി കമ്മിറ്റി ചെയര്‍മാന്‍ കെ. അബൂബക്കര്‍ അധ്യക്ഷനായി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.ഐ ഷാനവാസ് എം.പി, കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുന്നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സാമൂതിരി രാജാവ് കെ.സി ഉണ്ണി അനുജന്‍ രാജ, ബിഷപ്പ് റവ. ഡോ. വര്‍ഗീസ് ചക്കാലക്കല്‍, ശൈഖ് അലി അസ്ഖര്‍ ഖുര്‍ബാന്‍ ഹുസൈന്‍, ഡോ. ഹുസൈന്‍ മടവൂര്‍, എം.വി റംസി ഇസ്മായില്‍, രമേശ് ഭായ്‌ലാല്‍ മേത്ത, കൗണ്‍സിലര്‍മാരായ അഡ്വ. പി.എം നിയാസ്, സി. അബ്ദുറഹ്മാന്‍, ജയശ്രീ കീര്‍ത്തി, ശ്രീകല, സി.പി കുഞ്ഞുമുഹമ്മദ്, കെ.വി കുഞ്ഞഹമ്മദ്, ഇ.വി ഉസ്മാന്‍ കോയ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."