മലമ്പുഴ അണക്കെട്ടിന്റെ പരിസരങ്ങളില്‍ അനധികൃത ഭൂമി കയ്യേറ്റമുള്ളതായി ആരോപണം
മലമ്പുഴ: ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ മലമ്പുഴ അണക്കെട്ട് പരിധിയില്‍ വ്യാപകമായി ഭൂമി കയ്യേറിയതായി ജില്ലാ കളക്ടര്‍ക്ക് പരാതി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ 300 മീറ്റര്‍ പരിധിയില്‍ എട്ട് ഏക്കര്‍ കയ്യേറി സ്വകാര്യ വ്യക്തികളും, കുടുംബാംഗങ്ങളും കൃഷി നടത്തുന്നുണ്ടെന്നാണ് ആരോപണം ഉയരുന്നത്.
മലമ്പുഴ ഡാമിന്റെ പരിസരമായ അയ്യപ്പന്‍ പൊറ്റയിലാണ് വ്യാപകമായി പ്രദേശവാസികള്‍ ഭൂമി കയ്യേറിയിരിക്കുന്നത്. ഇത് സംബന്ധിച്ച് റവന്യൂമന്ത്രിക്കും ജില്ലാകളക്ടര്‍ക്കും പരാതി നല്‍കാനിരിക്കുകയാണ് നാട്ടുകാര്‍. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇവിടെ ചിലര്‍ വ്യാപക ഭൂമി കയ്യേറ്റം നടത്തുന്നതെന്നാണ് പറയുന്നത്.
ഒന്നാം പുഴയില്‍ നിന്നും ഒഴുകി വരുന്ന ജലം തടയണ ഉപയോഗിച്ച് തടഞ്ഞ് മോട്ടോര്‍ വച്ച വെള്ളവും അനധികൃതമായി വൈദ്യുതിയും ഉപയോഗിക്കുന്നതായും ഇവര്‍ പരാതിയില്‍ പറയുന്നതായി അറിയുന്നു. സര്‍ക്കാര്‍ ഭൂമി ഇത്തരത്തില്‍ കയ്യേറുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ഉദ്യോഗസ്ഥരും മുഖം തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് റവന്യൂ മന്ത്രിക്കു് പരാതി നല്‍കുന്നതിന് പ്രദേശവാസികള്‍ തയ്യാറെടുക്കുന്നത്.
ഇക്കാര്യത്തില്‍ റവന്യൂമന്ത്രിയും ഇറിഗേഷന്‍ അധികൃതരും സംഭവസ്ഥലം പരിശോധിച്ച് നിജസ്ഥിതി ഉറപ്പുവരുത്തണമെന്നും പ്രദേശവാസികള്‍ പറയുന്നു. വരും ദിവസങ്ങളില്‍ പ്രദേശത്തെ പരിസ്ഥിതി പ്രവര്‍ത്തകരുമായി ചേര്‍ന്ന് സമരത്തിനിറങ്ങുവാനും ആലോചിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു.
ഇതിനുപുറമെ നിരോധിത കീടനാശിനി പ്രയോഗവും, കാട്ടുമൃഗ വേട്ടയും മലമ്പുഴ പ്രദേശങ്ങളില്‍ വ്യാപകമായിരിക്കുകയാണ്. അയ്യപ്പന്‍പൊറ്റ പ്രദേശത്ത് കാട്ടുപന്നികളെയുംമാനുകളേയും പ്രദേശവാസികള്‍ വനം വകുപ്പ് അധികൃതരുടെ ഒത്താശയോടെ വേട്ടയാടുന്നത് പതിവാക്കുകയാണ്.കഴിഞ്ഞ ദിവസം മൂന്ന് കാട്ടുപന്നികളെയാണ് വേട്ടയാടിയതെന്നു സമീപവാസികള്‍ പറയുന്നു. കാട്ടുപന്നിയെ പിടിക്കാന്‍ കോഴിത്തീറ്റയില്‍ മരുന്നു വെച്ചും മാനിനെ പിടിക്കാന്‍ ഉപ്പ് നല്‍കിയുമാണ് വേട്ട തുടരുന്നത്. നിരോധിത കീടനാശിനികള്‍ കോയമ്പത്തൂര്‍ മേഖലയില്‍ നിന്നും വരുത്തിയാണ് ഇവര്‍ കൃഷിക്കായി ഉപയോഗിക്കുന്നത്. ഇതുമൂലം മലമ്പുഴ ഡാമിലെ ജലം മലിനമാകുന്നതായും രോഗങ്ങള്‍ പകരുന്നതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."