ആര്‍.എസ്.എസിന്റെ ആയുധപരിശീലനത്തെ കുറിച്ച് അന്വേഷിക്കണം: സി.പി.എം
തിരുവനന്തപുരം: സംസ്ഥാനത്തെ 30 കേന്ദ്രങ്ങളില്‍ ക്രിസ്മസ് അവധിക്കാലത്ത് ആര്‍.എസ്.എസ് നടത്തിയ ആയുധപരിശീലനത്തെ കുറിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനത്തെക്കുറിച്ചും അന്വേഷിച്ചു നടപടി സ്വീകരിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ശിബിരം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആയുധപരിശീലനം നടത്തിയത് തെളിവു സഹിതം പുറത്തവന്നിട്ടുണ്ട്. എതിരാളികളെ മര്‍മ്മത്തില്‍ ആക്രമിച്ച് കൊലപ്പെടുത്താനുള്ള 'നിയുദ്ധ' എന്ന പരിശീലന പരിപാടി വരെ നടന്നതായ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ആറു ദിവസങ്ങളിലായി നടത്തിയ ശിബിരത്തില്‍ പരിശീലിപ്പിച്ച കാര്യങ്ങള്‍ സംസ്ഥാനത്തെ ഒരു കലാപകേന്ദ്രമാക്കാന്‍ ആര്‍.എസ്.എസ്. തയ്യാറെടുക്കുന്നു എന്നതിന്റെ തെളിവാണ്. ഈ പരിപാടിക്കുവേണ്ടി ചിലയിടങ്ങളില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉപയോഗിച്ചുവെന്നത് ഗൗരവമുള്ള കാര്യമാണ്. ഇതിന് ആരാണ് അനുമതി കൊടുത്തതെന്ന് പ്രത്യേകം പരിശോധിക്കണം.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആയുധ പരിശീലനം നടത്തി ദുരുപയോഗപ്പെടുത്താന്‍ അനുവദിച്ചു കൂടാ. കഴിഞ്ഞ ദിവസം കാസര്‍കോഡ് ജില്ലയിലെ ചീമേനി പ്രദേശത്ത് ബോധപൂര്‍വ്വം അക്രമം അഴിച്ചുവിട്ടു കലാപം സൃഷ്ടിക്കാനാണ് ബി.ജെ.പി. നേതൃത്വം സന്നദ്ധമായത്. ഇത്തരം സംഭവങ്ങള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരണമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."