ഒറ്റയടിക്ക് 103 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നു; ചരിത്രമിടാന് ഐ.എസ്.ആര്.ഒ
തിരുപ്പതി: അടുത്ത മാസം ഒറ്റയടിക്ക് 103 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു ചരിത്രം കുറിക്കാന്‍ ഐ.എസ്.ആര്.ഒ തയാറെടുക്കുന്നു. ഫെബ്രുവരി ആദ്യവാരത്തിലാണ് അമേരിക്കയുടെയും ജര്മനിയുടെയുമടക്കമുള്ള ഉപഗ്രഹങ്ങള്‍ ഇന്ത്യ ഭ്രമണപഥത്തിലെത്തിക്കുക. ഇതില്‍ മൂന്ന് ഉപഗ്രഹങ്ങള്‍ ഇന്ത്യയുടേതാണ്.
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് പി.എസ്.എല്‍.വി സി 37 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിക്കും. തിരുപ്പതിയില്‍ നടക്കുന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിലെ ഒരു സെഷനില്‍ ഐ.എസ്.ആര്.ഓയുടെ ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയരക്ടര്‍ എസ്. സോമനാഥാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ, 2016 ഡിസംബര്‍ അവസാന വാരത്തില്‍ 83 ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് വിക്ഷേപിക്കാന്‍ ഐ.എസ്.ആര്.ഒ പദ്ധതിയിട്ടിരുന്നു. എന്നാല്‍, 20 എണ്ണം കൂടി ചേര്‍ത്തു റെക്കോര്‍ഡിടാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണു പുതിയ പദ്ധതി തയാറായത്.
പദ്ധതി വിജയം കണ്ടാല്‍ രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തില്‍ വന്‍ കുതിച്ചുചാട്ടമാകുമിത്. കഴിഞ്ഞ വര്‍ഷം ഐ.എസ്.ആര്.ഒ 20 ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് വിക്ഷേപിച്ചതാണ് ഇതുവരെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം. ഇന്ത്യക്കു പുറമെ ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ബൂട്ടാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങള്‍ക്കും ഉപകാരപ്പെടുന്നതാണ് ഫെബ്രുവരിയില്‍ വിക്ഷേപിക്കാനിരിക്കുന്ന ഉപഗ്രഹങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."