രഞ്ജി ട്രോഫി: ഗുജറാത്ത് ഫൈനലില്‍
രാജ്കോട്ട്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ തമിഴ്നാടിനെതിരായ മത്സരത്തില്‍ മുംബൈക്ക് വിജയപ്രതീക്ഷ. നാലാം ദിനം കളിയവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ അഞ്ചു റണ്‍സെടുത്തിട്ടുണ്ട് മുംബൈ. അവസാന ദിനം 10 വിക്കറ്റ് ശേഷിക്കെ 246 റണ്‍സെടുത്താല്‍ ജയം സ്വന്തമാക്കാന്‍ ടീമിന് സാധിക്കും. പ്രിഥ്വി ഷാ(2*) പ്രഫുല്‍ വഗേല(3*) എന്നിവരാണ് ക്രീസില്‍. നേരത്തെ ആറിന് 356 എന്ന നിലയില്‍ രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത തമിഴ്നാട് 251 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുംബൈക്ക് മുന്നില്‍ ഉയര്‍ത്തിയത്. അഭിനവ് മുകുന്ദ്(122) ബാബ ഇന്ദ്രജിത്ത്(138) എന്നിവരുടെ സെഞ്ച്വറിയുടെ കരുത്തിലാണ് തമിഴ്നാട് മികച്ച സ്കോര്‍ സ്വന്തമാക്കിയത്.
അതേസമയം രണ്ടാം സെമിയില്‍ ജാര്‍ഖണ്ഡിനെ 123 റണ്‍സിന് പരാജയപ്പെടുത്തി ഗുജറാത്ത് ഫൈനലില്‍ കടന്നു. ജയം നേടുമെന്ന് കരുതിയ ജാര്‍ഖണ്ഡ് അപ്രതീക്ഷിത തോല്‍വിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. രണ്ടാം ഇന്നിങ്സില്‍ ജാര്‍ഖണ്ഡിന് 111 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു. 234 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ടീമിനെ ജസ്പ്രിത് ബുമ്റയുടെ തകര്‍പ്പന്‍ ബൗളിങാണ് ജയത്തിലേക്ക് നയിച്ചത്. ബുമ്റ 29 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്തു. ആദ്യ ഇന്നിങ്സില്‍ ലീഡ് വഴങ്ങിയ ശേഷമായിരുന്നു ജാര്‍ഖണ്ഡിന്റെ തോല്‍വി. മന്‍പ്രീത് തുനേജ(81) ചിരാഗ് ഗാന്ധി(51) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് ഗുജറാത്തിന് രണ്ടാമിന്നിങ്സില്‍ ഭേദപ്പെട്ട ലീഡ് സമ്മാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."