തമിഴ്‌നാട് സ്വദേശിയുടെ മരണം കൊലപാതകം: രണ്ടു കൗമാരക്കാര്‍ പിടിയില്‍
ശാസ്താംകോട്ട(കൊല്ലം): തമിഴ്‌നാട് സ്വദേശിയായ വ്യാപാരിയുടെ അസ്വാഭാവിക മരണം കൊലപാതകമെന്നു തെളിഞ്ഞു. സംഭവത്തില്‍ കൗമാരക്കാരായ രണ്ടുപേര്‍ പൊലിസ് പിടിയില്‍. രണ്ടുപേര്‍ ഒളിവിലാണ്. പാത്രക്കച്ചവടക്കാരനായ തെങ്കാശി രാജീവ് സ്ട്രീറ്റില്‍ ചെല്ലദുരൈയാ(53)ണ് രണ്ടിന് രാവിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 31ന് രാത്രി ശൂരനാട് ആനയടി ജംഗ്ഷനിലെ വീടിനു മുന്‍പിലിരുന്നു ചെല്ലദുരൈ മദ്യപിച്ചിരുന്നു. ഈ സമയം സമീപത്തെ ആളൊഴിഞ്ഞ വീടിനു പിന്നില്‍ മദ്യപിച്ചശേഷം പുറത്തുവന്ന നാലു കുട്ടികളും ചെല്ലദുരൈയുമായി നിസാരകാര്യത്തെ ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്നു നാലുപേരും ചേര്‍ന്നു ഇയാളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മൃതപ്രായനായ ചെല്ലദുരയെ ഉപേക്ഷിച്ചു നാല്‍വര്‍ സംഘം സ്ഥലം വിട്ടു. മര്‍ദ്ദനത്തില്‍ സാരമായി പരുക്കേറ്റ ചെല്ലദുരൈ ഒരുവിധം മുറിക്കകത്തു കടന്നു.
എന്നാല്‍ രണ്ടിനു ഇയാളെ മരിച്ച നിലയില്‍ വീട്ടുടമസ്ഥന്റെ മകനാണു കണ്ടെത്തിയത്. പുറത്തു കാര്യമായ മര്‍ദ്ദനമേറ്റ പാടുകളില്ലായിരുന്നെങ്കിലും മൃതദേഹം തിരുവനന്തപുരെ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായ ക്ഷതമേറ്റതായി കണ്ടെത്തി. കൊട്ടാരക്കര ഡി.വൈ.എസ്.പി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
പ്രതികളില്‍ ഒരാളെ നേരത്തെ കഞ്ചാവു കേസില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കൊല്ലം ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരുന്നെങ്കിലും അവിടെ നിന്നും ചാടിപ്പോകുകയായിരുന്നു. ചെല്ലദുരൈ വര്‍ഷങ്ങളായി ഇവിടെ പാത്രകച്ചവടം നടത്തിവരികയായിരുന്നു. ഒറ്റയ്ക്കാണു വാടകവീട്ടില്‍ ഇയാള്‍ കഴിഞ്ഞുവന്നത്. പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി തെങ്കാശിയിലേക്കു കൊണ്ടുപോയി. കൗമാരക്കാരെ ജുവലൈല്‍ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."