കണ്ണപുരം, രാജഗിരി ഉപതെരഞ്ഞെടുപ്പ് സമാധാനപരം
പഴയങ്ങാടി/ചെറുപുഴ: കണ്ണപുരം പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മൊട്ടമ്മല്‍ ഉപതെരഞ്ഞെടുപ്പ് സമാധാനപരം. 80.89 ശതമാനം പോളിങ്. കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് നാല് ശതമാനം കുറവാണ്. ഇന്നലെ രാവിലെ ഏഴിനു തന്നെ വോട്ടര്‍മാര്‍ പോളിങ് ബൂത്തില്‍ എത്തിതുടങ്ങിയിരുന്നു. ആകെ 963 വോട്ടുള്ളതില്‍ 779 വോട്ട് പോള്‍ചെയ്തു. കഴിഞ്ഞ തവണ 403 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മൊട്ടമ്മലിലെ ആലങ്കില്‍ ലക്ഷ്മണനാണ് വിജയിച്ചിരുന്നത്. ഇദ്ദേഹം കെട്ടിടത്തിനു മുകളില്‍ നിന്ന് വീണു മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ വിജയനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി യു മോഹനനും ബി.ജെ.പി സ്ഥാനാര്‍ഥിയായി സുമേഷും മത്സരിക്കുന്നു. അക്രമസാധ്യത കണക്കിലെടുത്ത് ശക്തമായ പൊലിസ് സന്നാഹം ഒരുക്കിയിരുന്നു.
ശക്തമായ ത്രികോണ മത്സരം നടന്ന ചെറുപുഴ പഞ്ചായത്ത് എട്ടാം വാര്‍ഡ് രാജഗിരി ഉപതെരഞ്ഞെടുപ്പില്‍ 82.53 ശതമാനം പോളിങ്. തികച്ചും സമാധാനപരമായിരുന്നു തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിലെ ഷൈനി റോയി, സി.പി.എമ്മിലെ ലാലി തോമസ്, കേരള കോണ്‍ഗ്രസിലെ ലിജി സെബാസ്റ്റ്യന്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ശക്തമായമായ സുരക്ഷാ സംവിധാനങ്ങളായിരുന്നു പോളിങ് സ്റ്റേഷനായ കോഴിച്ചാല്‍ സെന്റ് അഗസ്റ്റ്യന്‍സ് എല്‍.പി സ്‌കൂളില്‍ ഒരുക്കിയിരുന്നത്. 1440 വോട്ടര്‍മാരില്‍ 1159 പേര്‍ വോട്ടു രേഖപ്പെടുത്തി.
തെരഞ്ഞെടുപ്പിലെ തോല്‍വി പഞ്ചായത്ത് ഭരണത്തെപോലും സ്വാധീനിക്കുമെന്നതിനാല്‍ യു.ഡി.എഫിന് ഇത് നിര്‍ണായക മത്സരമാണ്.
യു.ഡി.എഫ് വിട്ടതിനു ശേഷം കേരളാ കോണ്‍ഗ്രസ്(എം) സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരിക്കുന്നതിനാല്‍ ചെറുപുഴ പഞ്ചായത്തിലെ അവരുടെ ശക്തിപ്രകടിപ്പിക്കുവാനുള്ള അവസരമാണിത്. ഇവര്‍ക്കിടയിലെ ശക്തമായ മത്സരത്തിനിടയില്‍ നേട്ടം കൊയ്യാമെന്ന കണക്കുകൂട്ടലിലാണ് എല്‍.ഡി.എഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."