ബി.ജെ.പിക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണം: പി കരുണാകരന്‍ എം.പി
കാസര്‍കോട്: ജില്ലയില്‍ കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലില്‍ ആംബുലന്‍സ് തടഞ്ഞ് ഹൃദ്രോഗിയുടെ മരണത്തിനു കാരണമായ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേയും അക്രമത്തിനു ഒത്താശ ചെയ്ത നേതാക്കള്‍ക്കെതിരേയും കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് പി കരുണാകരന്‍ എം.പി.
ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കുകയും അതിന്റെ മറവില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്ത ബി.ജെ.പി നേതാക്കള്‍ പ്രസംഗത്തിലൂടെ അക്രമത്തിനു ആഹ്വാനം ചെയ്യുകയാണ്. നോട്ടു നിരോധന വിഷയത്തില്‍ ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു പോയതിന്റെ ജാള്യത മറക്കാനും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുമാണ് ഇത്തരം ആക്രമണങ്ങള്‍. ഹര്‍ത്താലിന്റെ മറവില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമത്തിനു നേതാക്കളുടെ മൗനാനുവാദമുണ്ടായിരുന്നു. നേതാക്കളുടെ ക്രിമിനല്‍ മനോഭാവമാണ് ഇതിലൂടെ പുറത്തായിരിക്കുന്നത്.
അമ്പലങ്ങളില്‍ പോലും വര്‍ഗീയ പ്രഭാഷണങ്ങള്‍ നടത്തിയും അണികളോട് അക്രമത്തിന് ആഹ്വാനം ചെയ്തും വര്‍ഗീയപരമായും രാഷ്ട്രീയപരമായും സമുഹത്തെ ഭിന്നിപ്പിക്കാനുള്ള ഫാസിസിറ്റ് അജണ്ടക്കെതിരെ പ്രചരണം സംഘടിപ്പിക്കുമെന്നും ചെറുവത്തൂരിലും ചീമേനിയിലുമടക്കം ജില്ലയുടെ എല്ലാ ഭാഗത്തും സമാധാനം ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്ത സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."