ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പൊലിസ് കേസെടുത്തു
കാഞ്ഞങ്ങാട്: ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിക്കെതിരേ പൊലിസ് കേസെടുത്തു. ഗര്‍ഭപാത്രത്തിലെ മുഴ നീക്കംചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയയായ യുവതി പിന്നീട് മരിച്ച സംഭവത്തിലാണ് യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലിസ് കേസെടുത്തത്. പയ്യന്നൂര്‍ കുഞ്ഞിമംഗലം എടാട്ട് കുന്നില്‍ സ്വദേശിനി ഇ.പി നളിനി(46)യാണ് കഴിഞ്ഞ ദിവസം മരിച്ചത്. കാഞ്ഞാങ്ങാട്ടെ ആശുപത്രിയിലെ ശസ്ത്രക്രിയയിലും ചികിത്സയിലും സംഭവിച്ച പിഴവാണ് നളിനിയുടെ മരണത്തിന് കാരണമെന്ന്ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ ഹൊസ്ദുര്‍ഗ് പൊലിസില്‍ പരാതി നല്‍കിയത്. ഈ മാസം 13നാണ് നളിനിയെ ഗര്‍ഭപാത്രത്തിലെ മുഴ നീക്കംചെയ്യുന്നതിനു വേണ്ടി ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ഇതിനുശേഷം നളിനിക്ക് ബോധം തെളിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് പിറ്റേദിവസം യുവതിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് ബന്ധുക്കള്‍ കൊണ്ടുപോകാന്‍ തയാറാവുകയായിരുന്നു. എന്നാല്‍ അബോധാവസ്ഥയിലായിരുന്ന നളിനിയെ ആവശ്യമായ ചികിത്സാ സംവിധാനമോ സുരക്ഷാക്രമീകരണങ്ങളോ ഇല്ലാത്ത ആംബുലന്‍സിലാണ് ആശുപത്രി അധികൃതര്‍ മംഗളൂരുവിലേക്ക് എത്തിച്ചതെന്നും പരാതിയില്‍ പറയുന്നു. മംഗളൂരുവിലെ ആശുപത്രിയില്‍ നളിനിക്ക് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ഇവര്‍ക്ക് ബോധം തെളിഞ്ഞില്ല. ഇതിനിടെ കഴിഞ്ഞ ദിവസം വൈകുന്നേരം നളിനി മരിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ബന്ധുക്കള്‍ ആശുപത്രിക്കെതിരേ പൊലിസില്‍ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."