പൊലിസ് തലപ്പത്ത് അഴിച്ചുപണി
തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ പൊലിസ് നയത്തെകുറിച്ച് ഭരണമുന്നണിയില്‍ത്തന്നെ അഭിപ്രായവ്യത്യാസം ഉയരുന്നതിനിടെ പൊലിസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ക്രമസമാധാന ചുമതലയുള്ള 15 എസ്.പിമാരെ മാറ്റി നിയമിച്ച് ഉത്തരവായി. യുവ ഐ.പി.എസുകാരെയും അടുത്തിടെ സ്ഥാനക്കയറ്റത്തിലൂടെ ഐ.പി.എസ് ലഭിച്ച എസ്.പിമാരേയും ഉള്‍പ്പെടുത്തിയാണ് സ്ഥലംമാറ്റം. കൊച്ചി സിറ്റി പൊലിസ് ഡെപ്യൂട്ടി കമ്മിഷണറായിരുന്ന അരുള്‍ ബി.കൃഷ്ണയെ തിരുവനന്തപുരത്ത് ഡെപ്യൂട്ടി കമ്മിഷണറായി നിയമിച്ചു.
ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന യതീഷ് ചന്ദ്രയാണ് കൊച്ചി ഡപ്യൂട്ടി കമ്മിഷണര്‍. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മിഷണറായിരുന്ന ശിവ വിക്രമിനെ വയനാട് ജില്ലാ പൊലിസ് മേധാവിയായും, കെ.എ.പി കമാന്‍ഡന്റായിരുന്ന കെ.പി.ഫിലിപ്പിനെ കണ്ണൂരും, കോസ്റ്റല്‍ സെക്യുരിറ്റി എ.ഐ.ജി ആയിരുന്ന എസ്.സുരേന്ദ്രനെ കൊല്ലത്തും ഇടുക്കി ജില്ലാ പൊലിസ് മേധാവിയായിരുന്ന എ.വി ജോര്‍ജിനെ എറണാകുളം റൂറലിലും സൂപ്രണ്ടുമാരായി നിയമിച്ചു.
തിരുവനന്തപുരം പി.സി.സി എസ്.പി ജയന്തിനെ കോഴിക്കോട് സിറ്റിയിലേക്ക് മാറ്റി നിയമിച്ചു. കോഴിക്കോട് റൂറല്‍ എസ്.പിയായിരുന്ന എന്‍.വിജയകുമാറിനെ തൃശൂര്‍ റൂറലിലേക്ക് മാറ്റി.
ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന കെ.ജി സൈമണെ കാസര്‍കോഡും തൃശൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് എസ്.പിയായിരുന്ന എം.കെ പുഷ്‌കരനെ കോഴിക്കോട് റൂറലിലും, പൊലിസ് ആസ്ഥാനത്തെ എ.ഐ.ജിയായിരുന്ന അശോക് കുമാറിനെ തിരുവനന്തപുരം റൂറലിലും, വിജിലന്‍സ് എറണാകുളം യൂനിറ്റിലെ എസ്.പിയായിരുന്ന ടി.നാരായണനെ തൃശൂരും, ടെലികമ്യൂണിക്കേഷന്‍ എസ്.പിയായിരുന്ന പ്രതീഷ്‌കുമാറിനെ പാലക്കാടും ജില്ലാ പൊലിസ് മേധാവിമാരായി നിയമിച്ചു. അടുത്തിടെ ഐ.പി.എസ് ലഭിച്ച മൂന്നു പേര്‍ക്കും ജില്ലകളുടെ പൊലിസ് മേധാവിയായി ചുമതല നല്‍കി. കണ്ണൂര്‍ ക്രൈംബ്രാഞ്ചിലായിരുന്ന ബി.അശോകനെ പത്തനംതിട്ടയിലും, നിയമനം കാത്തിരുന്ന കെ.ബി വേണുഗോപാലിനെ ഇടുക്കിയിലും, വി.എം മുഹമ്മദ് റഫീഖിനെ ആലപ്പുഴയിലും നിയമിച്ചു.അതേസമയം, പല സ്ഥലങ്ങളില്‍ നിന്നും മാറ്റിയ എസ്.പിമാര്‍ക്കും, അടുത്തിടെ ഐ.പി.എസ് ലഭിച്ച സാംക്രിസ്റ്റി ഡാനിയേല്‍, കെ.രാധാകൃഷ്ണന്‍, അലക്‌സ് കെ ജോണ്‍, സക്കറിയ ജോര്‍ജ്ജ് എന്നിവര്‍ക്കും ദേശീയ അന്വേഷണ ഏജന്‍സിയിലെ ഡപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ എസ്.പി അനൂപ് കുരുവിളയ്ക്കും പകരം നിയമനം നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."