ഇസ്താംബൂള്‍ നിശാക്ലബ് ആക്രമണം: ഉയിഗൂര്‍ വംശജനായി തിരച്ചില്‍ വ്യാപകം
ഇസ്താംബൂള്‍: നിശാക്ലബില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ടു മുഖ്യപ്രതിയെന്നു സംശയിക്കുന്ന ഉയിഗൂര്‍ വംശജനായി തുര്‍ക്കി പൊലിസ് വ്യാപക അന്വേഷണം ആരംഭിച്ചു. പ്രതിയുടെ ചിത്രം തുര്‍ക്കി പൊലിസ് പുറത്തുവിട്ടിട്ടുണ്ട്.
39 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് ഉത്തരവാദി ചൈനീസ് പൗരനാണെന്ന് തുര്‍ക്കി അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. ചൈനയിലെ പ്രശ്നബാധിത പ്രവിശ്യയായ സിന്ജിയാങില്നിന്നുള്ള ഉയിഗൂര്‍ വംശജന്റെ ചിത്രമാണ് തുര്‍ക്കി മാധ്യമങ്ങള്‍ വ്യാപകമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആക്രമണവുമായി ബന്ധമുള്ളവരെന്നു സംശയിക്കുന്ന 39 പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു വരികയാണ്. ഇവരില്‍ 20 പേര്‍ക്ക് ഐ.എസ് ബന്ധമുണ്ടെന്നാണു തുര്‍ക്കി സംശയിക്കുന്നത്. ഇസ്മിറിലെ ഏജിയന്‍ പ്രവിശ്യയിലെ ബൊര്ണോവ, ബുക്ക മേഖലകളില്നിന്നുള്ളവരാണു പ്രതികളെന്നു സംശയത്തില്‍ കസ്റ്റഡയിലെടുത്ത ഭൂരിഭാഗം പേരും.
ഉയിഗൂര്‍ വംശജനാണ് ആക്രമണം നടത്തിയതെന്ന് തുര്‍ക്കി ഉപപ്രധാനമന്ത്രി വെയ്സി കയാനക് സ്ഥിരീകരിച്ചിരുന്നു. ഇസ്താംബൂളില്‍ നടന്ന പുതുവര്ഷാഘോഷത്തിനിടെയായിരുന്നു ആക്രമണം അരങ്ങേറിയത്.
സംഭവത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. സിറിയയില്‍ തുര്‍ക്കി നടത്തുന്ന സൈനിക നടപടിക്കുള്ള പ്രതികാരമാണ് ഇതെന്നും ഐ.എസ് വിശദീകരിച്ചിരുന്നു. ഇതേ വിഷയത്തില്‍ നിരവധി ആക്രമണങ്ങളെയാണ് അടുത്ത കാലത്ത് തുര്‍ക്കിയില്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."