പിഴവുകള്‍ തിരുത്തി; ക്രോസ്ബാറിന് മേലെ വീണ്ടും അനന്തു
ജംപിങ് പിറ്റില്‍ ഇതുവരെ കണ്ട അനന്തുവയിരുന്നില്ല ഇന്നലെ ക്രോസ്ബാറിനു മേലെ പറന്നത്. ഡിസംബറില്‍ മലപ്പുറം സംസ്ഥാന സ്‌കൂള്‍ മീറ്റിലെ തനിയാവര്‍ത്തനമായിരുന്നു പൂനെയിലും. കേരളത്തിന്റെ അനന്തുവും ആരോമലും സ്വര്‍ണത്തിനായി ക്രോസ്ബാറുകള്‍ താണ്ടി പറന്നിറങ്ങുന്ന പോരാട്ടം. മലപ്പുറത്തു സംഭവിച്ച പിഴവുകള്‍ തിരുത്തി കെ.എസ് അനന്തു പറന്നു. ഹൈ ജംപ് റണ്ണപ്പിനൊടുവില്‍ വളരെ മുന്നേ ടേക്ക് ഓഫ് ചെയ്ത് ബാറില്‍ ഇരിക്കുന്ന രീതിയിലുള്ള പിഴവുകളാണ് മലപ്പുറത്ത് വെള്ളിയിലേക്ക് ഒതുക്കിയത്. അതില്‍ നിന്നെല്ലാം മാറിയ അനന്തുവിനെയാണ് ഇന്നലെ കണ്ടത്.
ജംപിങ്ങിലെ ടെക്‌നിക്കില്‍ മാറ്റം വരുത്തി ചാടിയ അനന്തു പറന്നിറങ്ങിയത് പൊന്നുമായി. ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്.എസ്.എസ് സ്‌കൂള്‍ വിദ്യാര്‍ഥിയായ അനന്തു പരിശീലകന്‍ നെല്‍സണ്‍ മാഷിന്റെ നിര്‍ദേശ പ്രകാരമാണ് തന്റെ ടെക്‌നിക്ക് മാറ്റി പിടിച്ചത്. ടേക്ക് ഓഫ് അല്‍പം കൂടി വൈകിപ്പിച്ചു ശരീരം ഫ്‌ളൈറ്റ് മോഡിലാക്കി ബാറിനു മീതേ ഒഴുകിയിറങ്ങി. 2.05 മീറ്റര്‍ ഉയരം താണ്ടിയാണ് പൊന്നണിഞ്ഞത്. സ്‌കൂള്‍ മീറ്റില്‍ തന്നെ തോല്‍പിച്ച തിരുവനന്തപുരം സായിയിലെ ടി ആരോമലിനെയാണ് അനന്തു ഇന്നലെ പരാജയപ്പെടുത്തിയത്. ഇന്നലെ രാവിലെ 11.30 ന് ആരംഭിച്ച ആണ്‍കുട്ടികളുടെ ഹൈ ജംപ് മത്സരം ആവേശം വാനോളമുയര്‍ത്തിയാണ് സമാപിച്ചത്. അനന്തു- ആരോമല്‍ പോരാട്ടമായിരുന്നു ഹൈലൈറ്റ്. താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഗാലറിയില്‍ കേരളാ ടീമും അണിനിരന്നു. പിറ്റില്‍ മത്സരച്ചൂട് പ്രവചനാതീതമായി.
1.80 മീറ്റര്‍ വരെ പാസ് പറഞ്ഞാണ് ഇരുവരും മത്സരിക്കാനിറങ്ങിയത്. ആദ്യ അവസരങ്ങളില്‍ തന്നെ 1.85, 1.87, 1.90, 1.92, 1.95, 1.97 മീറ്റര്‍ താണ്ടി ഇരുവരും മുന്നേറി. മത്സരം രണ്ടു മീറ്ററിലേക്ക് എത്തിയതോടെ ഒപ്പം ചാടാനുണ്ടായത് ഡല്‍ഹി താരം നിഷാന്ത്. മൂന്നു ശ്രമങ്ങളും പരാജയപ്പെട്ട് നിഷാന്ത് മടങ്ങി. കേരളം സ്വര്‍ണവും വെള്ളിയും ഉറപ്പിച്ചു. രണ്ടു മീറ്റര്‍ ഉയരത്തില്‍ ആരോമലിനു ആദ്യ ചാട്ടം പിഴച്ചു. അനന്തു ആദ്യ ശ്രമത്തില്‍ കടമ്പ കടന്നു. രണ്ടാം ശ്രമത്തില്‍ ആരോമലും രണ്ടു മീറ്റര്‍ താണ്ടി. ഉയരം 2.05 മീറ്ററിലേക്ക്. ആദ്യ ശ്രമത്തില്‍ ഇരുവരും ഉയരം താണ്ടി. പിന്നീട് 2.10 മീറ്ററാക്കി ബാര്‍ ഉയര്‍ത്തി. ഇതില്‍ ഇരുവര്‍ക്കും മൂന്നു ശ്രമങ്ങളും പിഴച്ചു. ഇതോടെ പൊന്ന് അനന്തുവിന് സ്വന്തം. വെള്ളി ആരോമലിനും. സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ 2.08 മീറ്റര്‍ ചാടിയാണ് ആരോമല്‍ സ്വര്‍ണമണിഞ്ഞത്. അന്ന് അനന്തു താണ്ടിയത് 2.03 മീറ്റര്‍ മാത്രം. ജൂനിയര്‍ തലത്തിലെ നിലവിലെ ദേശീയ റെക്കോര്‍ഡും അനന്തുവിന്റെ പേരിലാണ്. അതേസമയം കഴിഞ്ഞ ദേശീയ ജൂനിയര്‍ മീറ്റില്‍ 2.10 മീറ്റര്‍ ചാടി വെള്ളി നേടിയ താരമാണ് ആരോമല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."