തൃക്കൈപ്പറ്റ സഹകരണബാങ്കിനെതിരായ വാര്‍ത്ത അടിസ്ഥാനരഹിതം: ഭരണസമിതി
കല്‍പ്പറ്റ: തൃക്കൈപ്പറ്റ സര്‍വിസ് സഹകരണ ബാങ്കിനെതിരായ സ്വര്‍ണവായ്പാ തട്ടിപ്പ് സെക്രട്ടറിക്കെതിരെ നടപടി എന്ന പേരില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ബാങ്ക് പ്രസിഡന്റ് ബി സുരേഷ്ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വര്‍ണ പണയ വായ്പയില്‍ ഉടമകള്‍ അറിയാതെ ലേലം നടത്തിയെന്നതും, സ്വന്തക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ലേലം ഉറപ്പിച്ച് തട്ടിപ്പ് നടത്തിയെന്നതും സത്യവിരുദ്ധമാണ്.
ബാങ്കില്‍ സ്വര്‍ണവായ്പ എടുത്ത് തിരിച്ചടക്കാതെ വരുന്ന വായ്പക്കാര്‍ക്ക് ഭരണസമിതിയുടെ തീരുമാനപ്രകാരം പത്രപരസ്യം മുഖേനയും ലേലനോട്ടീസ് വഴി കൈപ്പറ്റ് രസീത് കിട്ടിയ വായ്പക്കാരുടെ സ്വര്‍ണപണ്ടങ്ങള്‍ മാത്രമാണ് ലേലത്തില്‍ വെക്കാറുള്ളത്. അതിനാല്‍ തന്നെ പങ്കെടുക്കുന്നത് ഭരണസമിതിയിലേയോ, സെക്രട്ടറിയോ ബന്ധക്കാരല്ല. 2015 ഓഗസ്റ്റില്‍ ബുഷറ എന്ന വ്യക്തി മൂന്ന് മാസത്തേക്ക് പണയം വച്ചുവെന്ന വാര്‍ത്ത തെറ്റാണ്.
പ്രസ്തുതവ്യക്തി 118515ാം നമ്പറായി 2015 ജൂലൈ 31നാണ് ഒരുമാസക്കാലാവധിക്ക് 25.500 ഗ്രാം സ്വര്‍ണം 49400 രൂപക്ക് പണയം വച്ചത്. ഇതിന്റെ കാലാവധി 2015 ഓഗസ്റ്റ് 30 ആണ്. 2015 ഡിസംബര്‍ ഒന്നിന് ബുഷറ ബാങ്കില്‍ വരികയും 7000 രൂപ അവരുടെ വായ്പയിലേക്ക് അടക്കുകയും ചെയ്തിരുന്നു. അന്നേ ദിവസത്തെ ഒരു പ്രമുഖ പത്രത്തില്‍ സെപ്റ്റംബര്‍ 30ന് കുടിശ്ശികയായ മുഴുവന്‍ സ്വര്‍ണപണ്ടങ്ങളും ഡിസംബര്‍ 17ന് ഉച്ചക്ക് മൂന്ന് മണിക്ക് ബാങ്കിന്റെ ഹെഡ്ഡാഫീസില്‍ വച്ച് പരസ്യലേലം ചെയ്യുന്നതാണെന്ന് പരസ്യപ്പെടുത്തിയിരുന്നു.
ലേലം നടക്കുന്ന തിയ്യതി ഡിസംബര്‍ ഒന്നിന് ബാങ്കിലെത്തിയ ബുഷ്‌റ മനസ്സിലാക്കിയിരുന്നു. കൂടാതെ ബുഷറക്ക് ലേലനോട്ടീസ് കിട്ടിയില്ല എന്നുള്ളത് തീര്‍ത്തും തെറ്റാണ്. നംവബര്‍ 24ന് പ്രസ്തുതവ്യക്തിക്ക് ലേലനോട്ടീസ് അയക്കുകയും നോട്ടീസ് കൈപ്പറ്റ് രസീത് ബാങ്കില്‍ ലഭിക്കുകയും ചെയ്തിട്ടുള്ളതാണ്.
സ്വര്‍ണലേലം നടന്നത് ബാങ്ക് ഹാളിലാണ്. സ്വര്‍ണത്തിന്റെ മാറ്റുകുറവ്, കല്ലുകള്‍ എന്നിവയില്‍ വരുന്ന തൂക്കക്കുറവ് അനുസരിച്ച് ഓരോ സ്വര്‍ണപണ്ടത്തിനും ലേലത്തില്‍ ഓരോ വിലയാണ് ബാങ്കിന് ലഭിക്കാറുള്ളത്. ബുഷറയുടെ സ്വര്‍ണത്തിന് ബാങ്കിന് ലഭിക്കേണ്ട 45098 രൂപയും 2255 രൂപ നികുതിയും ചേര്‍ത്ത് 47353 രൂപയില്‍ 45000 രൂപയ്ക്കാണ് ലേലം വിലയില്‍ പരമാവധി പറഞ്ഞത്.
അന്നത്തെ ലേലത്തില്‍ ബുഷറ വച്ച സ്വര്‍ണത്തിന്റെ മാറ്റനുസരിച്ചും, വളഞ്ഞതും കല്ലുള്ളതുമായ സ്വര്‍ണത്തിന് ലേലത്തില്‍ ഗ്രാമിന് 1768.50 രൂപ വച്ച് 14148 രൂപയാണ് ലഭിച്ചത്. ലേലം നടന്നത് ഗസ്റ്റ് ഹൗസിലാണെന്നതും അടിസ്ഥാനരഹിതമാണ്. സ്വര്‍ണപണയ ലേലവുമായി ബന്ധപ്പെട്ട് ബുഷറയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പിന്റെ അന്വേഷണം നടക്കുന്നുണ്ട്. ആയത് സംബന്ധിച്ച് ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ബുഷറ കണ്‍സ്യൂമര്‍ കോടതിയില്‍ നല്‍കിയ കേസ് നടന്നുവരുന്നുണ്ട്.
ലേല നടപടികളില്‍ ഉള്‍പ്പടുന്ന വായ്പക്കാര്‍ വ്യക്തമായ കാരണം കാണിച്ച് അപേക്ഷ നല്‍കിയാല്‍ ലേലത്തില്‍ നിന്നും മാറ്റിവയ്ക്കാറുണ്ട്. എന്നാല്‍ ബുഷറയുടെ ഭാഗത്ത് നിന്ന് അത്തരം നടപടിയൊന്നുമുണ്ടായില്ല. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് മേപ്പാടിയിലെ സി.പി.എം നേതാക്കളുമായി ബാങ്കിന്റെ ഭാരവാഹികള്‍ സംസാരിക്കുകയും കാര്യത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്.
വസ്തുതകള്‍ ഇതായിരിക്കെ 44 വര്‍ഷം പഴക്കമുള്ള കോണ്‍ഗ്രസ് ഭരണനേതൃത്വത്തിലുള്ള ബാങ്കിനെ കരിതേച്ച് കാണിക്കുന്നതിനായാണ് ഇത്തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബാങ്ക് സെക്രട്ടറി കെ.എസ് ശ്രീജിത്ത്, വൈസ് പ്രസിഡന്റ് ഒ ഭാസ്‌ക്കരന്‍, ഡയറക്ടര്‍ കെ.ജി വര്‍ഗീസ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."