വിദ്യാര്‍ഥിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം
മണലൂര്‍: മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം. വെങ്കിടങ്ങ് പാടൂര്‍ സ്വദേശി മമ്മസ്രയില്ലത്ത് വീട്ടില്‍ ഷാഹിറിന്റെ മകന്‍ ഫാറൂഖി(12)നെയാണ് ചുവന്ന വാഹനത്തിലെത്തിയ സംഘം തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്.
ഇന്നലെ രാവിലെ ആറരക്ക് മദ്‌റസയിലേക്ക് പോകുന്ന വഴി പാടൂര്‍ കൈതമുക്കില്‍ വെച്ചാണ് സംഭവം. വാഹനത്തിലുള്ളവര്‍ ഒരു മൊബൈല്‍ പുറത്തേക്ക് എറിയുകയും വഴിയിലൂടെ നടന്നുപോയിരുന്ന ഫാറൂഖിനോട് മൊബൈല്‍ എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പന്തികേട് തോന്നിയ വിദ്യാര്‍ഥി സര്‍വശക്തിയും സംഭരിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.
സംഘം വാഹനത്തില്‍ പിന്തുടര്‍ന്നെങ്കിലും വിദ്യാര്‍ഥി സമീപത്തെ വീട്ടില്‍ കയറിയത് കണ്ട് പിന്‍വാങ്ങി. ഇത് സംബന്ധിച്ച് രക്ഷിതാക്കള്‍ പാവറട്ടി പൊലിസില്‍ പരാതി നല്‍കി.
അനിഷ്ട സംഭവമറിഞ്ഞ് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പാടൂര്‍ ഡിവിഷന്‍ അംഗം ജിഷ പ്രമോദ്, ജനപ്രതിനിധികളായ മുംതാസ് റസാഖ്. സജ സാദത്ത്, പൊതുപ്രവര്‍ത്തകരായ ടി.ഐ സുരേഷ്, സി.എം. എസ് ബാബു, പി.സി ശംസുദ്ദീന്‍ എന്നിവര്‍ പാടൂരിലെ ഫാറൂഖിന്റെ വീട്ടിലെത്തിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് സമാന രീതിയില്‍ മറ്റൊരു തട്ടികൊണ്ടുപോകല്‍ ശ്രമം നടന്നിരുന്നു.
അറക്ക വീട്ടില്‍ ജാസിന്റെ മകന്‍ മുഹമ്മദ് യാസിനെ തട്ടികൊണ്ട് പോകാനാണ് ശ്രമം നടന്നത്. അന്ന് പൊലിസില്‍ പരാതിപ്പെടാതിരുന്നതുമൂലം വിവരം പുറത്തറിഞ്ഞില്ല. തട്ടികൊണ്ടുപോകാനുള്ള ശ്രമം വ്യാപകമായതോടെ നാട്ടുകാര്‍ ഭീതിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."