കലാമാമാങ്കത്തില്‍ ചാത്തന്നൂരിന് മേല്‍ക്കൈ
കൗമാരകലോത്സവത്തിന് ഇന്നു തിരശ്ശീല വീഴുമ്പോള്‍ കലാകിരീടം ആര്‍ക്കെന്നത് അനിര്‍വചനീയമാണ്. ഇന്നത്തെ അവസാന മല്‍സരം വിജയിച്ച് കിരീടത്തില്‍ മുത്തമിടാനുള്ള കൂട്ടപ്പൊരിച്ചലിലാണ് മല്‍സരാര്‍ഥികള്‍. കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാരായ ചാത്തന്നൂര്‍ തന്നെയാണ് ഇപ്പോഴും എതിരാളികളേക്കാള്‍ മുന്നേറുന്നത്. ഹൈസ്‌കൂള്‍, യു.പി തലത്തില്‍ വെളിയത്തിന്റേയും കൊല്ലത്തിന്റേയും പ്രതീക്ഷകള്‍ പൂവണിയുമോയെന്നു കാത്തിരുന്നു കാണാം. പതിവുപോലെ സംസ്‌കൃതകലേത്സവം ഇത്തവണയും പേരിനുമാത്രമായി മാറി. ആരും ശ്രദ്ധിക്കാത്ത വേദിയാണ് ഇത്തവണയും ലഭിച്ചത്.
കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത് തുടങ്ങിയവയുടെ അവസ്ഥയും പരിതാപകരമായിരുന്നു. പൈതൃകമായി സംരക്ഷിക്കേണ്ട അനുഷ്ഠാന കലകള്‍ അവഗണിക്കപ്പെട്ടതും കലോല്‍സവത്തില്‍ കാണാനായി. തപലയില്‍ ഒന്നാം സ്ഥാനം താമാരക്കുടി എ.സി.വി.എസിലെ പ്ലസ്ടൂ വിദ്യാര്‍ത്ഥി ആനന്ദ് സായി നേടി. സംസ്ഥാനതല മത്സരത്തില്‍ അഞ്ചാം സ്ഥാനവും എ ഗ്രേഡും നേടിയ ആനന്ദ് സായി മൂന്നു വര്‍ഷമായി തബല അഭ്യസിക്കുകയാണ്.
സംഗീതഞ്ജയനായ പട്ടാഴി ഉണ്ണികൃഷ്ണന്റെ മകനാണ്. എച്ച്.എസ് വിഭാഗം കഥകളി സംഗീതത്തില്‍ ആലാപന മികവുമായി അഞ്ചല്‍ വെസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദേവീകൃഷ്ണ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. നളനുമായി വേര്‍പിരിഞ്ഞ് വനത്തില്‍ അകപ്പെട്ട ദമയന്തി പിന്നീട് നളനെ കണ്ടെത്തുന്നതാണ് ഉള്ളടക്കം. അഞ്ചല്‍ പനയംഞ്ചേരി വയലിറക്കത്ത് വീട്ടില്‍ വിജയന്‍പിള്ള- നന്ദിനി ദമ്പതികളുടെ മകളാണ്.
അഞ്ചല്‍: ചാത്തന്നൂര്‍, വെളിയം ഉപജില്ലകള്‍ കിരീടത്തിനായുള്ള പോരാട്ടത്തില്‍. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ചാത്തന്നൂരിനാണ് മേല്‍ക്കൈ. എച്ച്.എസ്, യു.പി വിഭാഗങ്ങളില്‍ വെളിയം കുതിപ്പ് തുടരുകയാണ്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 101 ഇനങ്ങളില്‍ 74 എണ്ണത്തിന്റെ ഫലം വന്നപ്പോള്‍ ചാത്തന്നൂരിന് 247 പോയിന്റുണ്ട്. 220, 216 പോയിന്റുകളോടെ കൊല്ലം, കരുനാഗപ്പള്ളി ഉപജില്ലകളാണ് തൊട്ടുപിന്നില്‍.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 87ല്‍ 60 ഇനങ്ങളുടെ ഫലം വന്നപ്പോള്‍ 241 പോയ്‌ന്റോടെ വെളിയം മുന്നേറ്റം തുടരുകയാണ്. 224 പോയിന്റുമായി കരുനാഗപ്പള്ളി ഉപജില്ല രണ്ടാംസ്ഥാനത്തും 207 പോയിന്റുമായി ചാത്തന്നൂര്‍ മൂന്നാമതുമാണ്. യു.പി വിഭാഗത്തില്‍ ഇനി 10 ഇനങ്ങളുടെ ഫലം കൂടി പുറത്തുവരാനിരിക്കെ വെളിയം ഉപജില്ലയ്ക്ക് 99 പോയിന്റ് ലഭിച്ചു. 91 പോയിന്റുകള്‍ വീതം നേടി കരുനാഗപ്പള്ളി, ചാത്തന്നൂര്‍ ഉപജില്ലകളാണ് രണ്ടാമതുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."