കേന്ദ്രത്തിന് താക്കീതുമായി കോണ്‍ഗ്രസ് ഉപരോധം
ആലപ്പുഴ:നോട്ട് പിന്‍വലിച്ച് ജനങ്ങളെ വലച്ച കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി നടത്തിയ ബി.എസ്.എന്‍. എല്‍ ഓഫീസ് ഉപരോധം മോദി സര്‍ക്കാരിനുളള ശക്തമായ താക്കീതായി.
നേതാക്കളും പ്രവര്‍ത്തകരുമടക്കം ആയിരങ്ങള്‍ അറസ്റ്റുവരിച്ചു. ഇന്നലെ രാവിലെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഡി.സി.സി ഓഫീസിന് മുന്നില്‍ നിന്നും പ്രസിഡന്റ് അഡ്വ. എം ലിജുവിന്റെ നേതൃത്വത്തില്‍ കൂറ്റന്‍പ്രകടനമായിട്ടാണ് ബി.എസ്.എന്‍.എല്‍ പടിക്കല്‍ എത്തിയത്. 18 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളുടേയും യൂത്ത് കോണ്‍ഗ്രസ്, കര്‍ഷക കോണ്‍ഗ്രസ്, മഹിളാകോണ്‍ഗ്രസ് തുടങ്ങി വിവിധ പോഷക സംഘടനകളുടേയും ബാനറിനു പിന്നില്‍ അണിനിരന്ന് കേന്ദ്രത്തിനെതിരെ മുദ്രാവാക്യം വിളിച്ച് മുന്നേറിയത് നേതാക്കളിലും ആവേശം പടര്‍ത്തി.
ഡി.സി.സി പ്രസിഡന്റ് എം ലിജു ഉയര്‍ത്തിയ മുദ്രാവാക്യം ഏറ്റുവിളിച്ചും പ്രതിഷേധത്തിന്റെ ശംഖൊലി മുഴക്കി. പൊരിവെയിലിലും സീറോ ജംഗ്ഷന് സമീപം മുതല്‍ ഇരുമ്പുപാലം വരെ പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞു. സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് എം.ലിജു അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ സി.ആര്‍.ജയപ്രകാശ്, ബി.ബാബുപ്രസാദ്, കെ.പി.സി.സി ട്രഷറര്‍ ജോണ്‍സണ്‍ ഏബ്രഹാം, മുന്‍ ഡി.സി.സി പ്രസിഡന്റ് എ.എ.ഷുക്കൂര്‍, രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍, അബ്ദുള്‍ ഗഫൂര്‍ ഹാജി, കെ.പി.ശ്രീകുമാര്‍, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, ത്രിവിക്രമന്‍ തമ്പി, ഡി.സുഗതന്‍, പി.നാരായണന്‍കുട്ടി, കോശി.എം.കോശി, ഇ.സമീര്‍, എന്‍.രവി, കറ്റാനം ഷാജി, സി.കെ.ഷാജിമോഹന്‍, എ.കെ.രാജന്‍, എസ്.ശരത്ത്, റ്റിജിന്‍ ജോസഫ്, ജി.മുകുന്ദന്‍പിള്ള, എം.എന്‍.ചന്ദ്രപ്രകാശ്, കെ.ആര്‍.മുരളീധരന്‍, വേലംചിറ സുകുമാരന്‍, യു.മുഹമ്മദ്, കെ.വി.മേഘനാദന്‍, റ്റി.സുബ്രമണ്യദാസ്, ജി.സഞ്ജീവ് ഭട്ട്, എന്നിവര്‍ പ്രസംഗിച്ചു, പി.ഉണ്ണികൃഷ്ണന്‍ സ്വാഗതവും, അഡ്വ.വി.ഷുക്കൂര്‍ നന്ദിയും പറഞ്ഞു. പ്രധാനമന്ത്രിയ്ക്ക് നിവേദനം സമര്‍പ്പിക്കുന്നതിനായി ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ ഒപ്പ് ശേഖരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."