പാണ്ടനാട്ടില്‍ പട്ടാളപുഴുവിന്റെ ആക്രമണം വ്യാപകമാകുന്നു
ചെങ്ങന്നൂര്‍: പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രദേശമായ കിഴ്വന്മഴി, പടനിലം, ഈസ്റ്റ് പ്രയാര്‍ എന്നിവിടങ്ങളിലെ പാടശേഖരങ്ങളില്‍ പട്ടാളപ്പുഴുവിന്റെ ആക്രമണം വ്യാപകമാവുന്നു. ഇത്മൂലം ഈ പ്രദേശത്തെ 100 ഹെക്ടര്‍ നെല്‍കൃഷിക്ക് നാശനഷ്ടം സംഭവിച്ചിരിക്കുകയാണ്.
ജലസേചനത്തിനാവശ്യമായ വെള്ളം കിട്ടാതെ കര്‍ഷകര്‍ നട്ടം തിരിയുന്നതിനിടെയാണ് ഇപ്പോള്‍ പുഴുവിന്റെകൂടി ആക്രമണം നേരിടേണ്ടി വന്നത്. കഴിഞ്ഞ ഒറ്റ രാത്രികൊണ്ട് നെല്‍ച്ചെടികള്‍ മുഴുവന്‍ കാര്‍ന്ന് തിന്ന് കുറ്റികളാക്കി മാറ്റിയിരിക്കുകയാണ്. പാടത്ത് വെള്ളം കയറ്റി നിര്‍ത്തിയാല്‍ ഒരു പരിധിവരെ പുഴുശല്യം കുറയുമെങ്കിലും വെള്ളമെത്തിക്കാനുള്ള നടപടി ബന്ധപ്പെട്ടവര്‍ സ്വീകരിച്ചിട്ടില്ല. സമീപത്തുള്ള വീടുകളിലേക്കും പുഴുവിന്റെ ശല്യം വ്യാപിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ എന്നിവര്‍ പാടശേഖരങ്ങള്‍ സന്ദര്‍ശിക്കുകയും കര്‍ഷകര്‍ക്കാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ വിളകള്‍ക്ക് നേരിടേണ്ടി വന്ന നാശനഷ്ടം വിലയിരുത്തി നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച തീരുമാനം അധികൃതര്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. പട്ടാളപ്പുഴു ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പാണ്ടനാട്, തിരുവന്മണ്ടൂര് തുടങ്ങിയ പ്രദേശങ്ങളിലെ നാശനഷ്ടങ്ങള്‍ നേരിടേണ്ടി വന്ന കര്‍ഷകര്‍ക്ക് അടിയന്തിര ധനസഹായം നല്കാന് നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ സ്ഥലം സന്ദര്‍ശിക്കണമെന്നും കര്‍ഷകമോര്‍ച്ച നിയോജകമണ്ഡലം കമ്മറ്റി ഭാരവാഹികളായ എന്‍.സനൂപ്, ഡി.വിനോദ്കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."