കേരളം അവഗണിച്ച ഐശ്വര്യ പൂനെയില്‍ പരിശീലനത്തില്‍
പൂനെ: കേരളം തഴഞ്ഞ ഐശ്വര്യ മലയാളത്തിന്റെ പൊന്‍ താരങ്ങള്‍ക്ക് ആശംസയുമായി എത്തി. ബാലേവാഡി സ്പോര്‍ട്സ് കോംപ്ലക്സിലെ ഷൂട്ടിങ് റെയ്ഞ്ചില്‍ കടുത്ത പരിശീലനത്തിലാണ് ദേശീയ താരമായ ഐശ്വര്യ. ഷൂട്ടിങില്‍ എയര്‍ റൈഫിള്‍, പിസ്റ്റള്‍ വിഭാഗങ്ങളിലായി കഴിഞ്ഞ നാലു വര്‍ഷത്തിനിടെ എട്ടു ദേശീയ മെഡലുകള്‍ നേടിയ യുവ താരമാണ് ഐശ്വര്യ. തിരുവനന്തപുരത്തു നടന്ന ദേശീയ ഗെയിംസില്‍ നേരിയ വ്യത്യാസത്തിലായിരുന്നു ഐശ്വര്യക്ക് മെഡല്‍ നഷ്ടമായത്. 2013 മുതല്‍ ദേശീയ തലത്തില്‍ ഏറെ പ്രതീക്ഷ പുലര്‍ത്താവുന്ന താരമായി മാറിയ ഐശ്വര്യയെ കേരളം കൈവിട്ടു. പ്രോത്സാഹനത്തിനു പകരം തിക്താനുഭവങ്ങളാണ് കേരളം സമ്മാനിച്ചത്.
വട്ടിയൂര്‍കാവിലെയും തൃശൂരിലേയും ഷൂട്ടിങ് റെയ്ഞ്ചുകളില്‍ പരിശീലനത്തിനു പോലും പ്രവേശനമില്ല. വട്ടിയൂര്‍ക്കാവില്‍ പരിശീലനത്തിനെത്തിയപ്പോള്‍ ഒളിംപിക്സ് യോഗ്യത നേടിയവര്‍ക്കു മാത്രം പ്രവേശനമെന്നു വ്യക്തമാക്കി ഐശ്വര്യയെ അപമാനിച്ച് ഇറക്കിവിട്ടു. ഒടുവില്‍ ഐശ്വര്യ ഡല്‍ഹിയിലേക്ക് കളം മാറി. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ പിതാവിന്റെ സഹായത്താല്‍ ദേശീയ ടീമിന്റെയും എയര്‍ഫോഴ്സ് ടീമിന്റെയും പരിശീലകനായ മനോജ് കുമാറിനു കീഴില്‍ സൗജന്യ പരിശീലനം തുടങ്ങി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഡല്‍ഹി യൂനിവേഴ്സിറ്റി ഷൂട്ടിങിലെ മിന്നും താരമാണ്. ഒന്നല്ല പലവട്ടം കേരളം ഐശ്വര്യയെ അപമാനിച്ചു. ടീം ഇന്ത്യയുടെ വിദേശ കോച്ച് സ്റ്റാനിസ്ലാസ് ലാപ്പിഡസ് തന്റെ പരിശീലന ക്യാംപിലേക്ക് ഐശ്വര്യയെ നേരിട്ടു വിളിച്ചു. ഇതനുസരിച്ച് വട്ടിയൂര്കാവിലെത്തിയ ഐശ്വര്യയെ കേരളത്തിലെ ഒരു ഉന്നതന് ക്യാംപില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. ഈ അപമാനങ്ങളും തിരിച്ചടികളും മറികടന്നാണ് ഐശ്വര്യ ഇപ്പോള്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ക്യാംപില്‍ ഇടം നേടിയത്. ഇന്ത്യന്‍ ഷൂട്ടിങ് രംഗത്ത് ഏറെ പ്രതീക്ഷ പുലര്‍ത്താവുന്ന താരമാണ് ഐശ്വര്യയെന്ന് ഇന്ത്യന്‍ കോച്ച് മനോജ് കുമാറിന്റെ അഭിപ്രായം.
സ്വന്തം നാട്ടില്‍ പരിശീലനത്തിനു സൗകര്യം ലഭിക്കണമെന്നതാണ് ഇവരുടെ ഏറ്റവും വലിയ ആഗ്രഹം. ഷൂട്ടിങ് താരങ്ങള്‍ക്ക് വളരാനുള്ള പ്രോത്സാഹനം നല്കാന് കേരളം വിമുഖത കാട്ടുകയാണ്. ഈ മനഃസ്ഥിതിയാണ് ഐശ്വര്യയ്ക്കും കേരളത്തിന്റെ മറ്റൊരു മികച്ച യുവ താരം ദിയ ഫാത്തിമയ്ക്കും പരിശീലനം നിഷേധിക്കപ്പെടാന്‍ കാരണം. വട്ടിയൂര്‍ക്കാവില്‍ കോടികള്‍ മുടക്കി നിര്‍മിച്ച ഷൂട്ടിങ് റെയ്ഞ്ച് ഉപയോഗശൂന്യമായി നശിക്കുമ്പോഴും താരങ്ങള്‍ പരിശീലനത്തിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ്. ഇനി നല്കിയാല് തന്നെ അമിത ഫീസ് ഈടാക്കും. 500 രൂപയാണ് രണ്ടു മണിക്കൂര്‍ പരിശീലനത്തിന് ഫീസ്. മറ്റു സംസ്ഥാനങ്ങള്‍ 150 മുതല്‍ 175 വരെ മാത്രം വാങ്ങുമ്പോഴാണിത്. ഇതു തന്നെയാണ് ഐശ്വര്യയെ പോലുള്ളവര്‍ നാടു വിടാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."