ശാസ്താംകോട്ട തടാകതീരത്ത് വന്‍തീപിടിത്തം: തൊണ്ടിമുതലായി സൂക്ഷിച്ച നൂറോളം വാഹനങ്ങള്‍ കത്തിനശിച്ചു
ശാസ്താംകോട്ട(കൊല്ലം): തടാകതീരത്തുണ്ടായ വന്‍ തീപിടിത്തത്തില്‍ പൊലിസ് സ്റ്റേഷന് വളപ്പില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന നൂറോളം വാഹനങ്ങള്‍ കത്തിനശിച്ചു. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. തടാകതീരത്ത് ചെറിയതോതിലുണ്ടായ തീപിടിത്തമാണ് സമീപത്തുള്ള കോടതിയുടേയും പൊലിസ് സ്റ്റേഷന്റേയും സിവില്സ്റ്റേഷന്റേയും ഭാഗത്തേക്ക് പടര്‍ന്നുപിടിച്ചത്.
പൊലിസ് സ്റ്റേഷന് പരിസരത്ത് തൊണ്ടിമുതലായി പിടിച്ചിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. രണ്ട് ടിപ്പര്‍ലോറി, 30 ഓളം ഓട്ടോറിക്ഷകള്‍, 12 മിനിലോറികള്‍, 60ഓളം ബൈക്കുകള്‍ എന്നിവ കത്തിനശിച്ചതില്പ്പെടുന്നു. ശാസ്താംകോട്ടയില്‍ നിന്നും ഫയര്‍ഫോഴ്സിന്റെ രണ്ട് യൂനിറ്റുകള്‍ കൂടാതെ കുണ്ടറ, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ ഫയര്‍ഫോഴ്സ് സംഘവും എത്തി മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീപിടിത്തം നിയന്ത്രിക്കാനായത്. ശാസ്താംകോട്ട ഫയര്‍ഫോഴ്സ് എത്താന്‍ നിമിഷങ്ങള്‍ താമസിച്ചിരുന്നെങ്കില്‍ പൊലിസ് സ്റ്റേഷന് ഉള്‍പ്പടെ അഗ്നിക്കിരയാകുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വാഹനങ്ങള്‍ പൊട്ടിത്തെറിക്കാതെ കത്തിയമര്‍ന്നതും വന്‍ദുരന്തം ഒഴിവാകാന്‍ കാരണമായി. കഴിഞ്ഞ രണ്ടുദിവസമായി തടാകതീരത്തെ പുല്ലിന് അജ്ഞാതര്‍ തീയിട്ടതിനാല്‍ ഇവിടെ ചെറിയ രീതിയില്‍ അഗ്നിബാധയുണ്ടായിരുന്നു.
തീ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടായിട്ടും വേണ്ടരീതിയില്‍ സുരക്ഷയൊരുക്കുന്നതിലുണ്ടായ വീഴ്ചയാണ് വന്‍ തീപിടിത്തത്തിനു വഴിതെളിച്ചതെന്ന് ആരോപണമുണ്ട്. തടാക പരിസരം മദ്യപരുടേയും സാമൂഹ്യ വിരുദ്ധരുടേയും താവളം കൂടിയാണ്. ശാസ്താംകോട്ട കോടതി, മിനിസിവില്സ്റ്റേഷന്,പൊലിസ് സ്റ്റേഷന്, പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസ്, ദേവസ്വംബോര്‍ഡ് കോളജ്, സ്കൂള്‍ എന്നിവ തടാകതീരത്തോടുചേര്ന്നാണ് സ്ഥിതിചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."