സിറിയയില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്മാറുന്നു
മോസ്‌കോ: സിറിയന്‍ യുദ്ധമുഖങ്ങളിലെ തങ്ങളുടെ സൈനിക സാന്നിധ്യം കുറയ്ക്കുമെന്ന് റഷ്യ വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ വിമാനവാഹിനി കപ്പലായ അഡ്മിറല്‍ കുസ്‌നെറ്റ്‌സോവ് പിന്‍വാങ്ങും. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനാണ് സിറിയയിലെ സൈനിക ബലം കുറയ്ക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
ഡിസംബര്‍ 29ന് പുടിന്‍ മുന്‍കൈയെടുത്തായിരുന്നു സിറിയയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വരുത്തിയത്. സിറിയന്‍ സര്‍ക്കാരും വിമതരും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലിന് അറുതിവരുത്താന്‍ ഈ നടപടി സഹായകമായിരുന്നു. അഡ്മിറല്‍ കുസ്‌നെറ്റ്‌സോവ് ആയിരുന്നു സിറിയന്‍ മണ്ണില്‍ റഷ്യയുടെ കുന്തമുന.
ദൗത്യം പൂര്‍ത്തീകരിച്ചാണ് അഡ്മിറല്‍ കുസ്‌നെറ്റ്‌സോവ് മടങ്ങാന്‍ ഒരുങ്ങുന്നതെന്ന് സിറിയയിലെ റഷ്യന്‍ സേനാ തലവന്‍ ആന്ദ്രേ കര്‍ട്ടപൊലോവ് വ്യക്തമാക്കി. വിമാനവാഹിനി മടങ്ങിയാലും വിമതര്‍ക്കെതിരായ വ്യോമപോരാട്ടത്തിന് മതിയായ സേനാബലം സിറിയയില്‍ റഷ്യക്കുണ്ടാവും.
കഴിഞ്ഞ മാര്‍ച്ചില്‍ സിറിയയില്‍ നിന്ന് ഭാഗികമായി പിന്മാറുമെന്ന് പുടിന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിമതര്‍ പോരാട്ടം ശക്തമാക്കിയതോടെ തീരുമാനം മാറ്റുകയും കൂടുതല്‍ സൈന്യത്തെ മേഖലയില്‍ റഷ്യ വിന്യസിക്കുകയുമായിരുന്നു. 2015 സെപ്തംബറിലായിരുന്നു റഷ്യ സിറിയന്‍ മണ്ണില്‍ ആക്രമണം കടുപ്പിച്ചത്. മധ്യധരണ്യാഴിയിലും ശക്തമായ സൈനിക സാന്നിധ്യം റഷ്യ നിലനിര്‍ത്തിയിരുന്നു.
റഷ്യന്‍ സൈനിക സാന്നിധ്യമായിരുന്നു സിറിയയിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ അലെപ്പോ ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് വിമത സൈന്യത്തെ തുരത്താന്‍ സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിന്റെ സര്‍ക്കാരിന് സഹായിച്ചത്.
ആറു വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തില്‍ സിറിയന്‍ സര്‍ക്കാര്‍ നേടിയ നിര്‍ണായക വിജയമായിരുന്നു അലെപ്പോയുടെ തിരിച്ചുപിടിക്കല്‍. അലെപ്പോയില്‍ സര്‍ക്കാരിനായി റഷ്യ നടത്തിയ വ്യോമാക്രമണം വിമര്‍ശനത്തിനും വഴിവച്ചിരുന്നു.
ആക്രമണത്തില്‍ ആയിരക്കണക്കിന് സിവിലിയന്മാര്‍ കൊല്ലപ്പെട്ടതാണ് രാജ്യാന്തര തലത്തില്‍ റഷ്യയ്ക്കും സിറിയക്കും വിമര്‍ശനം ഏറ്റുവാങ്ങാന്‍ ഇടയാക്കിയത്.
അലെപ്പോ പൂര്‍ണ്ണമായും വിമത നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സാധിച്ചതാണ് സൈനിക ബലം കുറയ്ക്കാന്‍ റഷ്യക്ക് പ്രേരണയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."